Monday, September 26, 2016

7. പഴശ്ശി കേരള വർമ - ഒരു വിശകലനം

അദ്ധ്യായം ഏഴ്
പഴശ്ശി കേരള വർമ - ഒരു വിശകലനം

വാൾടർ ഐവർ എന്ന ഇംഗ്ലീഷ് ഉദ്യോഗസ്ഥൻ 1797 ൽ പഴശ്ശി രാജാവും ജോനാഥൻ ഡങ്കനും തമ്മിൽ നടന്ന സന്ധി സംഭാഷണത്തിന്റെ സമയം തലശ്ശേരി ഉണ്ടായിരുന്നു. ഐവർ രാജാവിനെ വിവരിച്ചത് ഇങ്ങനെ -

"സാദാ പുഞ്ചിരിച്ച് കൊണ്ടിരിക്കുന്ന ഒരു ചെറിയ മനുഷ്യൻ. അദ്ദേഹത്തിന്റെ അനുചരന്മാർ വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ആണ് അദ്ദേഹത്തോട് പെരുമാറുന്നത്." 

ജോനാഥൻ ഡങ്കൻ രാജാവിന്റെ രൂപത്തെ പറ്റി ഇങ്ങനെ എഴുതി -

"നീണ്ട മുടി, ചെറിയ പക്ഷെ ഇടതൂർന്ന താടി. പലപ്പോഴും ചുവന്ന തൊപ്പി ധരിക്കാറുണ്ട്. ആ മുഖത്തു അസാമാന്യമായ ഒരു പ്രഭയുണ്ട്."

കേരളം സിംഹം എന്നതിന് പുറമെ വയനാട്ടിൽ പഴശ്ശി കേരള വർമ്മ ശക്തൻ രാജാവ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ചന്ദ്രകുല വീരൻ എന്ന ഒരു നാമം കൂടി അദ്ദേഹത്തിന് ഉണ്ട്.

രാജാവിന് മൂന്ന് ഭാര്യമാർ ഉണ്ട്. ആദ്യ ഭാര്യയുടെ നാമം കുഞ്ഞാതി എന്നാണ്. ഇവർ കടത്തനാടിന്റെ മലയോര മേഖല വാണ ഒരു പ്രബല നായർ കുടുംബമായ അവിഞ്ഞാട്ടിലെ അംഗമാണ്. ഇവർ സദാ    രാജാവിന്റെ കൂടെ ഉണ്ടായിരുന്നു. മരണ നേരം ഇവരായിരുന്നു രാജാവിന്റെ കൂടെ മാവില തോടിൽ ഉണ്ടായത്. 

രണ്ടാം ഭാര്യ ദേവമ്മാജി ഒരു കൊടക പ്രഭുവിന്റെ മകളാണ്. ടിപ്പുവുമായി യുദ്ധം ചെയ്ത കാലത്താണ് ഇവരെ രാജാവ് വിവാഹം ചെയ്തത്. ഇവർ ആത്മഹത്യ ചെയ്തു. ഇവരുടെ പിതാവിന്റെ മരണത്തിൽ മനം നൊന്താണ് അങ്ങനെ ചെയ്തത്. 

മൂനാം ഭാര്യ മാക്കം. ഇവർ കൈതേരി അമ്പുവിന്റെ സഹോദരിയാണ്. ഇവരുടെ മറ്റൊരു സഹോദരിയായ ഉണ്ണിയമ്മ പഴയവീട്ടിൽ ചന്ദുവിന്റെ ഭാര്യയാണ്.

രാജാവിന് സന്താനങ്ങൾ ഉള്ളയതായി എവിടെയും പരാമർശിച്ചു കാണുന്നില്ല.

1805 ൽ പഴശ്ശി രാജാവിന്റെ വീരമൃത്യുവിന് ശേഷം ബേബർ എഴുതി -

"ഒൻപത് വർഷം കമ്പനിക്ക് എതിരെ നടന്ന യുദ്ധത്തിൽ നമുക്ക് നഷ്ടം വന്നത്  ആയിരക്കണക്കിന് ജീവനുകളും കണക്ക് കൂട്ടാൻ പറ്റാത്ത അത്രയും വലിയ ഒരു സംഖ്യ പണവുമാണ്." 
"ഞാൻ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. എല്ലാ ജാതിക്കാർക്കും പഴശ്ശി രാജാവിനോട് ഉള്ളത് ദൈവഭക്തിയ്ക്ക് സമാനമായ സ്നേഹാദരവാണ്. രാജാവിന്റെ മരണത്തിനു പോലും ഈ ഭക്തിയെ ഇല്ലായ്മ ചെയ്യുവാൻ സാധിച്ചില്ല."

"ഇദ്ദേഹം ഈ പ്രവിശ്യയിൽ വർഷങ്ങളോളം കോലാഹലം സൃഷ്ടിച്ചു, ഏറ്റവും സങ്കീർണവും ആശ്ചര്യപ്പെടുത്തുന്നതുമായ യുദ്ധ മുറ കൊണ്ട് ഇദ്ദേഹം നടത്തിയ സമരത്തിൽ നമ്മുടെ ഏറ്റവും മികച്ച ഓഫീസർമാരും പടയാളികളും പൊരുതി, പക്ഷെ കൊടുക്കേണ്ടി വന്ന വില ലക്ഷകണക്കിന് രൂപയും വിലപ്പെട്ട ജീവനുകളുടെ വ്യാപക നഷ്ടവും ആയിരുന്നു."  

ഒരു അസാമാന്യ യുദ്ധതന്ത്രജ്ഞാനായിരുന്നു പഴശ്ശി കേരള വർമ്മ. ഇന്ത്യയിൽ ഇംഗ്ലീഷ്കാർ നടത്തിയ ഏറ്റവും നീണ്ട യുദ്ധമായിരുന്നു പഴശ്ശി രാജാവിന് എതിരായി നടത്തിയ യുദ്ധം. നമ്മൾ ഓർക്കേണ്ട കാര്യമുണ്ട് - ഭാരതത്തിന്റെ ഭൂരിഭാഗവും ഭരിച്ച ശക്തികളായ മൈസൂർ, മറാഠകൾ, സിഖ്കാർ എന്നിവരെ ഒന്നോ രണ്ടോ വർഷം നീണ്ട യുദ്ധം കൊണ്ട് ഇംഗ്ലീഷ്കാർ കീഴടക്കി. പക്ഷെ ഇന്ത്യയുടെ ആയിരത്തിൽ ഒരംശം ഭരിച്ച പഴശ്ശി കേരളവർമയെ നശിപ്പിക്കാൻ 12 വർഷം നീണ്ട സംഘർഷം വേണ്ടി വന്നു (1793-1805). ടിപ്പുവിനെതിരെ നടത്തിയ യുദ്ധങ്ങളിൽ ഉള്ളതിനേക്കാൾ ആൾനാശവും ചെലവും പഴശ്ശി രാജാവുമായി നടന്ന യുദ്ധത്തിൽ ഇംഗ്ലീഷ്കാർക്ക് നേരിടേണ്ടി വന്നു. 

പഴശ്ശി രാജാവിന്റെ ഏറ്റവും വലിയ ശത്രുവായ ആർതർ വെല്ലസ്ലി പിന്നീട് വളരെ പ്രസിദ്ധനായി. പഴശ്ശി രാജാവിനോട് തോറ്റുവെങ്കിലും വെല്ലസ്ലി പല  പാഠങ്ങളും പഠിച്ചു. ഒളിപ്പോരും വനയുദ്ധവും കൊണ്ട് എങ്ങനെ കൂടുതൽ ശക്തനായ ഒരു എതിരാളിയെ പരാജയപ്പെടുത്താൻ എന്ന് വെല്ലസ്ലി പഴശ്ശി രാജാവിന്റെ അടവുകൾ പഠിച്ചു മനസ്സിലാക്കി. 

ആർതർ വെല്ലസ്ലി ഇംഗ്ലണ്ടിലേക്ക് മടങ്ങി എത്തിയപ്പോൾ അയാളെ ബ്രിട്ടീഷ് സർക്കാർ സ്പെയിനിലെ നെപ്പോളിയന്റെ സേനയെ പരാജയപ്പെടുത്താൻ നിയോഗിച്ചു. നെപ്പോളിയന്റെ പടയെ പരാജയപ്പെടുത്താൻ വെല്ലസ്ലി പഴശ്ശി രാജാവിന്റെ യുദ്ധമുറകൾ ഉപയോഗിച്ചു. സ്പെയിനിലെ പരാജയം നെപ്പോളിയന്റെ പതനത്തിനുള്ള ഒരു പ്രധാന കാര്യമായി ചരിത്രകാരന്മാർ ചൂണ്ടികാണിക്കുന്നു. നെപ്പോളിയൻ സ്വയം ഇത് സമ്മതിച്ചിട്ടുമുണ്ട്. വെല്ലസ്ലിക്ക്  പിന്നീട ഡ്യൂക്ക് ഓഫ് വെല്ലിങ്ടൺ അഥവാ വെല്ലിങ്ടൺ പ്രഭു എന്ന  സ്ഥാന പേര് ബ്രിട്ടീഷ് സർക്കാർ നൽകി. നെപ്പോളിയനെ വാട്ടർലൂ യുദ്ധത്തിൽ വെച്ച് എന്നന്നേക്കുമായി പരാജപ്പെടുത്തിയ വെല്ലിങ്ടൺ പ്രഭു പഴശ്ശി രാജാവിനോട് തോൽക്കുകയും അതെ പഴശ്ശി രാജാവിന്റെ യുദ്ധതന്ത്രം ഉപയോഗിച്ചു ലോകചരിത്രത്തിൽ ഗതി തിരുത്തി എഴുതി എന്നതും ചരിത്ര സത്യം തന്നെ.

കേരള വർമ സ്വയം ഒരു ഒന്നാം തരം      പോരാളിയായിരുന്നു. അതിൽ ഉപരി അസാമാന്യ ധൈര്യത്തിന്റെ ഉടമയും. പഴശ്ശി രാജാവ് യുദ്ധത്തിൽ തന്റെ പടയ്ക്ക് നേരിട്ട് നേതൃത്വം നൽകി. സ്വന്തം ജീവൻ തന്നെ പണയപ്പെടുത്തി അതിസാഹസീക പ്രവർത്തികൾ പലതും യുദ്ധഭൂമിയിൽ കാഴ്ചവെച്ചു കൊണ്ട് അദ്ദേഹം സ്വന്തം പടയാളികൾക്ക് ഉദാഹരണം കൊണ്ട് പ്രചോദനം നൽകി. രാജകീയമായ ആർഭാടങ്ങൾ എല്ലാം തന്നെ അദ്ദേഹം യുദ്ധകാലത്തു ഉപേക്ഷിച്ചു. ഒരു സാധാരണ പടയാളിയുടെ ജീവിത ശൈലി സ്വീകരിച്ചു. ഈ കാരണങ്ങളാൽ കേരള വർമ തന്റെ പ്രജകൾക്കും പടയാളികൾക്കും ഏറെ ആരാധ്യൻ ആയിരുന്നു. 

മറ്റു രാജാക്കന്മാരിൽ നിന്നും കേരളവർമയെ തരംതിരിച്ച ഒരു ഘടകം കീഴ്ജാതിക്കാരോടും ഗോത്രജനതയോടും ഉള്ള അദ്ദേഹത്തിന്റെ സമീപനമാണ്. താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി അദ്ദേഹം എന്നും പ്രവർത്തിച്ചിരുന്നു. എല്ലാ ജാതി-വർഗ്ഗത്തിൽ പെട്ട ജനങ്ങൾക്കും അന്തസ്സോടുകൂടി സമാധാനത്തിലും സമൃദ്ധിയിലും ജീവിക്കാൻ ഉള്ള അവകാശം ഉണ്ട് എന്ന അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അതിനാൽ തന്നെ സാധാരണകാരുടെയും പാവങ്ങളുടെയും ജീവിതം ദുരിതപൂർണമാക്കിയ മൈസൂർ പടയുടെയും പിന്നീട് ഇംഗ്ലീഷ് പടയുടെയും  കനത്ത നികുതി പിരിവും കൊള്ളയും മറ്റു അക്രമങ്ങളും പഴശ്ശി കേരളം വർമയെ രോഷം കൊള്ളിച്ചു. ഒരു ക്ഷത്രിയൻ എന്ന നിലയിൽ പ്രജാസംരക്ഷണം തന്റെ കർത്തവ്യമാണെന്നുംഅത് എന്ത് വില കൊടുത്തും താൻ നിർവഹിക്കുമെന്നും അദ്ദേഹം  തീരുമാനിച്ചു. മൈസൂർ പടയുടെ നികുതി പിരിവു കോട്ടയം പട വളരെ കാര്യക്ഷമമായി മുടക്കി. കോട്ടയത്തെ നിന്ന് ഒരു പണം പോലും നികുതി പിരിക്കുവാൻ മൈസൂറിനോ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കോ സാധിച്ചില്ല. സാധാരണ ജനത്തെ സംരക്ഷിക്കാൻ പഴശ്ശി രാജാവ് എടുത്ത നടപടികൾ കാരണം അദ്ദേഹം പ്രജകൾക്ക് പ്രിയങ്കരനായി. തങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറായ രാജാവിന് വേണ്ടി എന്തും ചെയ്യാനും അവരും ഒരുക്കമായി. 

ടിപ്പുവിന്റെ പട കോട്ടയത്തിന്റെ പല ഭാഗങ്ങളും പൂർണമായി നശിപ്പിച്ചു മാനുഷയവാസയോഗ്യം അല്ലാതാക്കിയിരുന്നു. കോട്ടയം ജനത കടുത്ത യാതനകൾ അനുഭവിക്കേണ്ടതായി വന്നു. ഈ പ്രശ്നം പ്രജാവത്സലനായ പഴശ്ശി രാജാവിനെ അലട്ടി. അതിനാൽ തന്നെ ജനജീവിതം പൂര്വസ്ഥിതിയിൽ ആക്കുന്നതിനു വേണ്ടി 1791ൽ തന്നെ രാജാവ് ബ്രിഹത്തായ ഒരു പുനർനിർമാണ പദ്ധതി ആരംഭിച്ചു. തന്റെ പ്രജകളോട് വനങ്ങൾ വിട്ട് തിരികെ സ്വന്തം ഗ്രാമങ്ങളിലേക്ക് പോകാനും കൃഷി പുനരാരംഭിക്കുവാനും ആവശ്യപ്പെട്ടു. പലർക്കും തങ്ങളുടെ എല്ലാം മൈസൂർ പട വരുത്തിയ കെടുതിയിൽ നഷപെട്ടു എന്ന വസ്തുത അറിയാമായിരുന്ന രാജാവ് അവർക്ക് സൗജന്യമായി പണിആയുധങ്ങൾ, വിത്ത്, തൈകൾ, കന്നുകാലി എന്നിവ വിതരണം ചെയ്തു.

മൈസൂർ പടയ്ക്കെതിരെ യുദ്ധം നടത്തിയ കാലത്ത് പഴശ്ശി രാജാവ് തലശ്ശേരി കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി സഖ്യത്തിലായിരുന്നു. ഈ സഖ്യം 1792വരെ നീണ്ടുനിന്നു.

ഈ കാരണത്താൽ ചിലർ പഴശ്ശി രാജാവിനെ വിമർശിച്ചിട്ടുണ്ട്. ഒരു ഇന്ത്യൻ രാജാവായ ഹൈദർ അലിക്കെതിരെയും അയാളുടെ പിൻഗാമി ടിപ്പു സുൽത്താന് എതിരെയും ഇംഗ്ലീഷ്കാരുമായി സഖ്യത്തിൽ ഏർപ്പെട്ടു  യുദ്ധം ചെയ്ത പഴശ്ശി രാജാവ് ഒരു മഹാപാപിയാണ് എന്നാണ് അവർ ഉന്നയിക്കുന്ന ആരോപണം.

പക്ഷെ ഈ ആരോപണം അടിസ്ഥാനരഹിതമാണ്. 1792നു മുൻപ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി യാതൊരുതരത്തിലും മലബാർ കീഴ്പെടുത്താനോ മലബാറിലെ ജനത്തെ ദ്രോഹിക്കുവാനും ശ്രമിച്ചിരുന്നില്ല. പക്ഷെ 1774 മുതൽ 1792 വരെ മൈസൂർ പട പല തരം അതിക്രമങ്ങളും മലബാറിൽ നടപ്പാക്കിയിരുന്നു. 

മലബാറിലെ ജനതയുടെ നന്മ മൈസൂർ സർക്കാരിന്റെ ലക്ഷ്യം ആയിരുന്നില്ല. അവരുടെ ലക്ഷ്യം മലബാറിനെ ഒരു വരുമാന ശ്രോതസ്സാക്കി മാറ്റുക എന്നത് മാത്രം ആയിരുന്നു. ഹൈദറും പിന്നീട് ടിപ്പുവും ഇംഗ്ലീഷ്കാർക്കെതിരെ യുദ്ധം ചെയ്തതിന് കാരണം ഈസ്റ്റ് ഇന്ത്യ കമ്പനി ദക്ഷിണ ഭാരതം കീഴടക്കാനുള്ള ഹൈദറിന്റെയും ടിപ്പുവിന്റെയും പദ്ധതിയ്ക്ക് തടസ്സം സൃഷ്ടിച്ചു എന്നതാണ്. അല്ലാതെ ഇന്ത്യയോടുള്ള സ്നേഹം കൊണ്ടായിരുന്നില്ല. എല്ലാത്തിനും ഉപരി ഹൈദർ അലിയും ടിപ്പുവും ഇന്ത്യൻ വംശജർ ആയിരുന്നില്ല. അവർ ഭരിച്ചത് പ്രധാനമായും കർണാടകം ആയിരുന്നു. എങ്കിലും സ്വയം ഒരിക്കലും കന്നഡിഗരായി അവർ കണ്ടിരുന്നില്ല. 

മൈസൂരിന്റെ ശത്രു ആയതുകൊണ്ട് അവരുമായി പഴശ്ശി രാജാവിനെ പോലുള്ള മലബാർ നേതാക്കന്മാർ സഹകരിച്ചത് 'ശത്രുവിന്റെ ശത്രു മിത്രം' എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു. ഇംഗ്ലീഷ് മേൽക്കോയ്മ സ്വീകരിക്കുക എന്ന ഉദ്ദേശം പഴശ്ശി രാജാവിന് ഒരിക്കലും ഉണ്ടായിരുന്നില്ല. തന്റെ നാടിന്റെയും പ്രജകളുടെയും ശത്രു ആരായാലും അവരെ ആയുധം കൊണ്ട് എതിർക്കുക എന്നതായിരുന്നു മരണം വരെ പഴശ്ശി കേരള വർമയുടെ നയം. 

പഴശ്ശി രാജാവ് യുദ്ധം ചെയ്തത് സ്വന്തം സ്വാർത്ഥ താത്പര്യത്തിന് വേണ്ടിയാണ് എന്ന് ചിലർ ആരോപിക്കുന്നു. ഈ ആരോപണത്തിന് അടിസ്ഥാനം ഇല്ല. സ്വാർത്ഥിയായ ഒരാൾ സ്വന്തം ജീവനും സുഖവും സ്വത്തും അപകടത്തിൽ ആക്കി മറ്റുള്ളവർക്ക് വേണ്ടി അതിസാഹസം ചെയ്യില്ല. അദ്ദേഹം സ്വാർത്ഥി ആയിരുന്നു എങ്കിൽ എന്ത് കൊണ്ട് സ്വയം രാജാവ് ആകാൻ ശ്രമിച്ചില്ല? വീര വർമ്മയെയും പഴയവീട്ടിൽ ചന്ദുവിനെയും പോലെയുള്ള അവസരവാദികളെ സ്വാർത്ഥർ എന്ന് വിളിച്ചാൽ തെറ്റില്ല. പക്ഷെ പഴശ്ശി രാജാവിനെ പോലെയുള്ള ഒരാളെ സ്വാർത്ഥി എന്ന് വിളിക്കുന്നത് തെറ്റാണ്. 

ധീരൻ, ദേശസ്നേഹി, പ്രജാവത്സലൻ, യോദ്ധാവ്, യുദ്ധതന്ത്രജ്ഞൻ എന്നി നിലകളിൽ പഴശ്ശി രാജാവിനോട് ഉപമിക്കുവാൻ കേരളചരിത്രത്തിൽ ആരും തന്നെ ഇല്ല. 1805 ൽ ബേബർ പറഞ്ഞത് പഴശ്ശി രാജാവ് തന്റെ പ്രജകൾക്ക് മരണത്തിനു ശേഷവും ആരാധ്യൻ ആയിരുന്നു എന്നാണ്. 1911ൽ റാവു ബഹാദൂർ ഗോപാലൻ നായർ വയനാട്ടിലെ കുറിച്ചെഴുതിയ  
പുസ്തകത്തിൽ ബാർബറുടെ ഈ നിരീക്ഷണം നൂറു വർഷത്തിന് ശേഷവും ബാധകമാണെന്ന് നിരീക്ഷിക്കുന്നു. മരിച്ചു രണ്ടു നൂറ്റാണ്ട് പിന്നീടുമ്പോഴും പഴശ്ശി കേരള വർമ്മ എന്ന ദേശസ്നേഹി ജനമനസുകളിൽ ആരാധ്യൻ തന്നെ.

6. ഐതിഹാസികമായ അന്ത്യം

അദ്ധ്യായം ആറ്
ഐതിഹാസികമായ അന്ത്യം

1799ൽ ടിപ്പു സുൽത്താൻ ഇംഗ്ലീഷ് പടയുമായി നടന്ന യുദ്ധത്തിൽ പരാജയപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. 

വയനാടിനെ ചൊല്ലി പഴശ്ശി രാജാവും ഈസ്റ്റ് ഇന്ത്യ കമ്പനയും തമ്മിൽ വീണ്ടും തർക്കം തുടങ്ങി. വയനാടിന്റെ മേൽ കമ്പനി അവകാശം ഉന്നയിച്ചു. നൂറ്റാണ്ടുകളായി വയനാട് കോട്ടയം രാജ്യത്തിനെ ഭാഗമായതിനാൽ വയനാട് വിട്ടുകൊടുക്കില്ല എന്ന നിലപാട് പഴശ്ശി രാജാവ് സ്വീകരിച്ചു. എന്നാൽ കമ്പനി ഈ വാദം തള്ളിക്കളഞ്ഞു.   

ഇംഗ്ലീഷ് നിലപാട് ഇങ്ങനെ - 1792 ലെ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം വയനാട് ടിപ്പു സുൽത്താന്റെ രാജ്യത്തിന്റെ ഭാഗമായി ബ്രിട്ടീഷ് സർക്കാർ അംഗീകരിച്ചിരുന്നു. അതിനാൽ തന്നെ 1799ൽ ടിപ്പുവിനെ പരാജയപ്പെടുത്തി അയാളുടെ രാജ്യം സ്വന്തമാക്കിയ ബ്രിട്ടീഷ് സർക്കാരിനാണ് വയനാടിന്റെ മേൽ പൂർണ അധികാരം. 

ഇംഗ്ലീഷ് നിലപാടിന് അടിസ്ഥാനമില്ലായിരുന്നു. 1793 മുതൽ മൈസൂറിന് വയനാട്ടിൽ യാതൊരു തരാം സ്വാധീനവും ഇല്ലായിരുന്നു. എങ്കിലും ഇംഗ്ലീഷ്കാർ അവരുടെ വാശി ഉപേക്ഷിക്കാൻ തയ്യാർ ആയിരുന്നില്ല. പഴശ്ശി രാജാവ് കഴിഞ്ഞ ആറ് വർഷങ്ങളായി കോട്ടയം നിയന്ത്രണത്തെ കൊണ്ടുവരാൻ വേണ്ടി ഇംഗ്ലീഷ്കാർ നടത്തിയ എല്ലാ നീക്കങ്ങളെയും പരാജയപ്പെടുത്തിയിരുന്നു. ഇതിനാൽ പഴശ്ശി രാജാവ് കമ്പനിയുടെ കണ്ണിലെ കരടായിരുന്നു.

അതിനാൽ യുദ്ധം അനിവാര്യം ആയിരുന്നു. 1799ൽ തന്നെ തുറന്ന യുദ്ധം ആരംഭിച്ചു. 1800ലെ വർഷകാലം തുടങ്ങിയപ്പോഴേക്കും കോട്ടയത്തിലെ ഇംഗ്ലീഷ് പട പരാജയവും വൻതോതിൽ നാശനഷ്ടവും നേരിട്ടു. ഈ അവസരത്തിൽ ഇംഗ്ലീഷ് സർക്കാർ ഇന്ത്യയിലുള്ള ഏറ്റവും മികച്ച ഇംഗ്ലീഷ് സേനാപതിയെ രംഗത്ത് ഇറക്കി. അയാളുടെ നാമം ആർതർ വെല്ലസ്ലി എന്നായിരുന്നു. 

കോട്ടയത്തെ പരാജയത്തിന്റെ വക്കിലെത്തിയ ഇംഗ്ലീഷ് സേന ഘടകത്തെ രക്ഷിക്കാൻ വെല്ലസ്ലി ഒരു വലിയ ഇംഗ്ലീഷ് പടയെയും കൊണ്ട് കോട്ടയത്തെ നാല് ദിക്കിൽ നിന്നും ആക്രമിച്ചു. പഴശ്ശി രാജാവിന്റെ പ്രധാനപെട്ട എല്ലാ കോട്ടകളും ഈ സേന പിടിച്ചെടുത്തു. ഇത്രയും വലിയ ഒരു പടയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കിയ പഴശ്ശി രാജാവ് 1801 തന്റെ സേന സമേതം വനത്തിലേക്ക് പിന്മാറി. പഴശ്ശി രാജാവിനെ പിന്തുടർന്ന് പിടിക്കാൻ വെല്ലസ്ലി ആജ്ഞ നൽകി. ഇതിനു പുറമെ പഴശ്ശി രാജവിന്റെ അനുചരന്മാരെയും അവരെ സഹായിക്കുന്നവരെയും അവരുടെ ബന്ധുമിത്രാതികളെയും പിടികൂടാൻ ആജ്ഞ നൽകി. ഇവരുടെ സ്വത്ത് കണ്ടുകെട്ടുകയും ഇവരിൽ പലരെയും പരസ്യമായി തൂക്കികൊന്നു. മലബാറിൽ മുഴുവൻ പട്ടാള നിയമം കൊണ്ടുവന്നു. 

ഈ അവസരത്തിൽ വയനാട്ടിലെ ഒരു നാടുവാഴി ആയിരുന്ന പള്ളൂർ എമെൻ പഴശ്ശി രാജാവുമായി പിണങ്ങി. എമെൻ ഇംഗ്ലീഷ് പക്ഷത്തേക്ക് കാലുമാറി. വയനാട്ടിലെ ഏറ്റവും പ്രബലന്മാരായ പ്രഭുക്കന്മാരിൽ ഒരാൾ ആയ എമെൻ ഇംഗ്ലീഷ് പക്ഷത്തേക്ക് വന്നതിൽ വെല്ലസ്ലി സന്തോഷിച്ചു. പഴശ്ശി രാജാവിനെ പരാജയപ്പെടുത്താൻ എമന്റെ ഉപദേശം കൊണ്ട് സാധിക്കും എന്ന് വെല്ലസ്ലി കണക്കുകൂട്ടി. അതിനു കാരണം എമെനു കോട്ടയം പടയെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ട് എന്നതുകൊണ്ടായിരുന്നു. തന്റെ സൈനീകകാര്യ ഉപദേശകൻ അയി വെല്ലസ്ലി  എമനെ നിയമിച്ചു.

നിരന്തരം ചെറിയ യുദ്ധങ്ങൾ പഴശ്ശി രാജാവിന്റെ യോദ്ധാക്കളും ഇംഗ്ലീഷ് പടയും തമ്മിൽ നടന്നു. പക്ഷെ ഇംഗ്ലീഷ്കാർക്ക് മുൻകൈ ഉണ്ടായിരുന്നതിനാൽ കോട്ടയം പടയ്ക്ക് കാര്യമായി തിരിച്ചടിക്കാൻ സാധിച്ചില്ല. 1801ൽ പഴശ്ശി രാജാവിന്റെ പ്രധാന മന്ത്രി ആയിരുന്ന കണ്ണവത്ത് ശങ്കരനെയും മകനെയും ഇംഗ്ലീഷ് പട പിടികൂടി തൂക്കി കൊന്നു. കണ്ണവത്ത് ശങ്കരൻ രാജാവിന്റെ ഏറ്റവും കഴിവുള്ള അനുയായി ആയിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ കലാപം വൈകാതെ അവസാനിക്കും എന്ന് ഇംഗ്ലീഷ് സർക്കാർ പ്രത്യാശിച്ചു.  പക്ഷെ അപ്പോഴും പഴശ്ശി രാജാവ് പിടികൊടുക്കാതെ രക്ഷപെട്ടു കൊണ്ടേ  ഇരുന്നു. 

ഈ കാലത്തു രാജാവ് ഭാര്യയും 6 വിശ്വസ്തരും 25 അംഗരക്ഷകരും വടക്കൻ മലബാറിലെ വനങ്ങളിൽ ഇംഗ്ലീഷ് പടയുടെ കണ്ണുവെട്ടിച്ചു നടന്നു. രാജാവ് ആദ്യം പായ്യാവൂരിലേക്ക് പോയി. തിരിച്ചു കോട്ടയത്തിലെ മലയോരത്തേക്ക് തന്നെ വന്നു. അവിടെ നിന്ന് വീണ്ടും തെക്കോട്ടു യാത്രചെയ്തു കടത്തനാട്ടിൽ എത്തി. പിന്നെ കുറുംബ്രനാട്ടിലെ വനത്തിലേക്ക് പോയി. ഇംഗ്ലീഷ് പട ഇവരെ വിടാതെ പിൻതുടരുന്നുണ്ടായിരുന്നു. 

പഴശ്ശി രാജാവിനോ കോട്ടയം സേനയിലെ അംഗങ്ങൾക്കോ സഹായം കൊടുത്താൽ മരണ ശിക്ഷ കിട്ടുന്ന കാലമായിരുന്നു എന്ന് കൂടി ഓർക്കേണ്ടതുണ്ട്. എന്നിട്ടും രാജാവ് എവിടെ പോയെ, അവിടെയെല്ലാം ജനം അദ്ദേഹത്തിന് അഭയവും മറ്റു സഹായവും നൽകി. കോട്ടയത്തിനു പുറത്തും - അതായത് ചിറക്കൽ, കടത്തനാട്, കുറുമ്പ്രനാട് എന്നിവിടങ്ങളിൽ കൂടി - ഇതായിരുന്നു അവസ്ഥ. പഴശ്ശി രാജാവ് തന്റെ രാജ്യത്തിനെ പുറത്തുള്ള ജനത്തിന് വരെ ആരാധ്യൻ ആയി മാറിക്കഴിഞ്ഞു. രാജാവിനെ സഹായിക്കാൻ അവർ ബാധ്യസ്തർ അല്ലാഞ്ഞിട്ടു കൂടി അവർ സ്വന്തം ജീവൻ വരെ പണയപ്പെടുത്തി രാജാവിനെയും അദ്ദേഹത്തിന്റെ സേന അംഗങ്ങളെയും എല്ലാ വിധത്തിലും സഹായിച്ചു.


പക്ഷെ 1802 ഒക്ടോബറിൽ സ്ഥിതി മാറി മറഞ്ഞു. 

1802ലെ മഴക്കാലത്തിനു ശേഷം തിരിച്ചടിക്കാനുള്ള സാധ്യത പഴശ്ശി രാജാവ് കണ്ടു. ഇതിനു തിരഞ്ഞെടുത്ത സ്ഥലം വയനാട്ടിലെ പനമരം ആയിരുന്നു.

വയനാടിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയുന്ന ഒരു ദേശമാണ് പനമരം. ഇതൊരു തന്ത്രപ്രധാനമായ സ്ഥലമാണ്. അതിനാൽ തന്നെ ഒരു ഇംഗ്ലീഷ് കോട്ടയും എവിടെ ഉണ്ടായിരിന്നു. ശക്തമായ ഒരു ഇംഗ്ലീഷ് പട തന്നെ ഇവിടെ കാവൽ നിന്നു. പനമരത്തിലെ ഇംഗ്ലീഷ് പടയെ പരാജയപ്പെടുത്തിയാൽ കോട്ടയത്തിൽ കലാപം വീണ്ടും ആളിക്കത്തിക്കാൻ സാധിക്കും എന്നായിരുന്നു പഴശ്ശി രാജാവിന്റെയും സേനാപതിമാരുടെയും നിഗമനം. 

1802 ഒക്ടോബറിൽ ഒരു വിഭാഗം കോട്ടയം പട പനമരം കോട്ട ആക്രമിച്ചു. രാജാവ് ആക്രമണ സമയത് യുദ്ധ രംഗത് ഉണ്ടായിരുന്നു. എങ്കിലും സേനാനേതൃത്വം എടച്ചേന കുങ്കനെയും അദ്ദേഹത്തിനെ അനുചരൻ ആയിരുന്ന തലക്കൽ ചന്ദുവിനെയും ഏല്പിച്ചു. 

ഈ നീക്കം ഒരു വലിയ സാഹസമായിരുന്നു. പനമരത്ത് ഉണ്ടായ ഇംഗ്ലീഷ് പട കോട്ടയം സേനയുടെ ഇരട്ടി ആയിരുന്നു. പനമരം ആക്രമിക്ക പെടുകയാണെങ്കിൽ സമീപത്തുള്ള മറ്റു ഇംഗ്ലീഷ് കോട്ടകളിൽ നിന്നും പോഷക സേനകൾ രംഗത്ത് ഇറക്കാൻ കമ്പനികാർക്ക് സാധിക്കും.  പനമരത്തെ ഉപരോധിക്കുകയാണെങ്കിൽ ഈ പോഷക സേനകൾ കൂടി രംഗത് വരികയും ഉപരോധം നടത്തുന്ന പടയെ പിന്നിൽനിന്നും ഇടത് നിന്നും വലത് നിന്നും വലയം ചെയ്ത ആക്രമിക്കാൻ സാധിക്കും. അതിനാൽ പഴശ്ശി രാജാവിന്റെ പദ്ധതി ഈ കോട്ടയുടെ മേൽ അപ്രതീക്ഷമായി ഒരു ആക്രമണം മിന്നൽ വേഗത്തിൽ നടത്തി പിടിച്ചെടുക്കുക എന്നതായിരുന്നു. 

ഒക്ടോബർ 1802 ൽ കോട്ടയം പട നടത്തിയ ആക്രമണത്തിൽ പനമരത്തെ ഇംഗ്ലീഷ് പട ഛിന്നഭിന്നമായി. ഈ വാർത്ത പരന്നതോടെ വയനാട്ടിൽ ഉടനീളം കലാപം പൊട്ടിപ്പുറപ്പെട്ടു. ഈ വാർത്ത അറിഞ്ഞു  വെല്ലസ്ലി വയനാട്ടിലേക്ക് കൂടുതൽ സേനകൾ അയച്ചു.  

പനമരത്തെ യുദ്ധത്തിന് ശേഷം എടച്ചേന കുങ്കൻ വയനാട്ടിലെ പ്രശസ്തമായ വള്ളിയൂർകാവ് ഭഗവതി ക്ഷേത്രത്തിലേക്ക് പോയി. അവിടെ വെച്ച് പഴശ്ശി രാജാവിന്റെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യ സമരത്തിൽ പങ്കു ചേരാൻ അദ്ദേഹം ജനത്തോടു ആഹ്വാനം ചെയ്തു. കുങ്കന്റെ ആഹ്വാനം ഫലം കണ്ടു. ഏതാനും ദിവസങ്ങൾക്കകം 5000 പേർ കോട്ടയം സേനയിൽ ചേരാൻ മുന്നോട്ടു വന്നു. 3000 പേരെ ഉടൻ യുദ്ധരംഗത്തേക്ക് അയച്ചു. യുദ്ധത്തിനെ തീജ്വാല്ല കോട്ടയം മുഴുവൻ ആളിപടർന്നു.

പനമരത്തെ വിജയത്തോടെ തലക്കൽ ചന്ദു വളരെ പ്രസിദ്ധനായി. ഒരു യോദ്ധാവ് എന്ന നിലയ്ക്കും യുദ്ധ തന്ത്രജ്ഞൻ എന്ന നിലയ്ക്കും ചന്ദുവിനുള്ള  കഴിവിനെ മാനിച്ചു കൊണ്ട് അദ്ദേഹത്തിനെ കോട്ടയം പടയിലെ ഒരു സേനാപതിയായി പഴശ്ശി രാജാവ് നിയമിച്ചു. പനമരത്തെ വിജയത്തിന് ശേഷം എടച്ചേന കുങ്കനും തലക്കൽ ചന്ദുവും കോട്ടയം പടയുടെ ഏറ്റവും ഉയർന്ന സേനാപതിമാരായി ഉയർന്നു.      

ഈ അവസരത്തിൽ ഇംഗ്ലീഷ്കാരെ ഞെട്ടിച്ച മറ്റൊരു സംഭവം കൂടി ഉണ്ടായി. വെല്ലസ്ലി സൈനീകകാര്യ ഉപദേഷ്ടാവായ നിയമിച്ച പള്ളൂർ എമെൻ പഴശ്ശി രാജാവിന്റെ ചാരനാണെന്നു ഇംഗ്ലീഷ്കാർ കണ്ടുപിടിച്ചു! ഇംഗ്ലീഷ്കാർ രാജാവിന് എതിരെ എടുക്കുന്ന നീക്കങ്ങൾ എമെൻ തക്ക സമയത്ത് തന്നെ പഴശ്ശി രാജാവിനെ അറിയിച്ചു കൊണ്ടേ ഇരുന്നു.  കള്ളി വെളിച്ചത്തായി എന്ന് മനസ്സിലാക്കിയ എമെൻ ഇംഗ്ലീഷ്കാർക്ക് പിടി കൊടുക്കാതെ വനത്തിലേക്ക് രക്ഷപെട്ടു. പഴശ്ശി രാജാവിന്റെ സേനയിൽ പടനായകനായി സ്ഥാനം ഏറ്റു.


1803ന്റെ മലബാറിൽ ഉടനീളം ഇംഗ്ലീഷ് വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. ഇതിനു കാരണം ഇംഗ്ലീഷ് സർക്കാരിന്റെ നികുതി നിരക്ക് വർധിപ്പിക്കൽ ആയിരുന്നു. ഇതോടെ കോട്ടയം പട വൻതോതിൽ  പ്രതിയാക്രമണങ്ങൾ അഴിച്ചുവിട്ടു. സ്ഥിതി നിയന്ത്രാതീതമാകുമോ എന്ന് ഭയന്ന് ഇംഗ്ലീഷ് സർക്കാർ വർധിപ്പിച്ച നികുതി നിരക്ക് പിൻവലിച്ചു. പക്ഷെ വടക്കൻ മലബാർ മുഴുവൻ കലാപം പടർന്ന് പിടിച്ചു. കോട്ടയത്തിന് പുറത്തു കലാപകാരികൾ പഴശ്ശി രാജീവിന്റെ സേനയുമായി സഹകരിച്ചു ഇംഗ്ലീഷ് പടയെ നിരന്തരം ഒളിയാക്രമണത്തിനു ഇരയാക്കി. കോട്ടയം പടയുടെ പ്രവർത്തന മണ്ഡലം മൈസൂർ മുതൽ അറബിക്കടൽ വരെയും പയ്യന്നൂർ മുതൽ ബേപ്പൂർ വരെയും വ്യാപിച്ചു. അധികം വൈകാതെ പഴശ്ശി രാജാവ് യുദ്ധം ജയിക്കും എന്ന സ്ഥിതി എത്തി.

1803ന്റെ അവസാനത്തിൽ വെല്ലസ്ലി പരാജയം സമ്മതിച്ചു. പഴശ്ശി രാജാവ് ജീവിച്ചിരിക്കുന്ന കാലത്തോളും യുദ്ധം തുടരും എന്ന് വെല്ലസ്ലി പ്രവചിച്ചു. ആ പ്രവചനത്തെ ചരിത്രം ശരി എന്ന് തെളിയിച്ചു. വെല്ലസ്ലിക്കു മേലുള്ള പഴശ്ശി രാജാവിന്റെ വിജയം ഒരു നിസ്സാര സംഭവം ആയിരുന്നില്ല. ഇന്ത്യയിലുള്ള ഇംഗ്ലീഷ് പടയുടെ ഒരു ചെറുതല്ലാത്ത ഭാഗം കോട്ടയത്തെ ഉണ്ടായിരുന്നു. മഹാശക്തികളായ ടിപ്പു സുൽത്താനെയും മറാത്താ നേതാക്കന്മാരെയും യുദ്ധത്തിൽ പരാജപ്പെടുത്തിയ വെല്ലസ്ലിക്ക് പഴശ്ശി രാജാവ് എന്ന ചെറിയ എതിരാളിയുടെ മുന്നിൽ മുട്ട് മടക്കേണ്ടി വന്നു.

പക്ഷെ 1804 ഫെബ്രുവരിയിൽ വീണ്ടും സ്ഥിതി മാറി. 

1804 ഫെബ്രുവരിയിൽ കോട്ടയം പട ഒരു വലിയ അബദ്ധം ചെയ്തു.

കണ്ണൂർ ജില്ലയിലെ ഇരിക്കൂറിൽ വെച്ച് കോട്ടയം പട കല്ല്യാട്ട് നമ്പ്യാർ എന്ന ചിറക്കൽ രാജാവിന്റെ സമാന്തന്റെ സഹായത്തോടെ ഇംഗ്ലീഷ് പടയുമായി തുറന്ന യുദ്ധത്തിൽ ഏർപ്പെട്ടു. നാല് മാസം നീണ്ട ഏറ്റുമുട്ടലിനു ഒടുവിൽ കോട്ടയം പട ഭയാനകമായ നഷ്ടം നേരിടുകയും പരാജയപ്പെടുകയും ചെയ്തു. ഇംഗ്ലീഷ് പടയുമായി നേരിട്ട് യുദ്ധം ചെയ്യാൻ കഴിവില്ല എന്ന് നന്നായി അറിയാവുന്ന കോട്ടയം സേനാപതികൽ എന്തിന് ഈ വിനാശകരമായ അബദ്ധം ചെയ്തു എന്നതിന് ഇന്നും ഉത്തരം ഇല്ല. ഒളിപ്പോരുമായി തന്നെ യുദ്ധം തുടർന്നിരുന്നു എങ്കിൽ ഇംഗ്ലീഷ് സർക്കാരിനെ കൊണ്ട് അവർക്ക് തോൽവി സമ്മതിപ്പിക്കുവാൻ സാധിക്കുമായിരുന്നു.

അവശേഷിച്ച കോട്ടയം പട ജൂൺ ആകുമ്പോഴേക്കും വയനാട്ടിലേക്ക് പിന്മാറി. ജൂൺ 1804 മുതൽ സെപ്റ്റംബർ 1805 വരെ പഴശ്ശി രാജാവ് എടച്ചേന കുങ്കന്റെയും തലക്കൽ ചന്ദുവിന്റേയും സഹായത്തോടെ ഇംഗ്ലീഷ് പടയ്ക്ക് എതിരെ വിജയകരമായ ഒരു വനയുദ്ധത്തിൽ ഏർപ്പെട്ടു. പഴശ്ശി രാജാവിനെ പരാജയപ്പെടുത്താനോ കൊല്ലാനോ ബന്ദിയാക്കാനോ ഇംഗ്ലീഷ് പടയ്ക്ക് സാധിച്ചില്ല. 

പക്ഷെ 1805 നവംബറിൽ ഇംഗ്ലീഷ് പട നിർണായക വിജയം നേടി. അതിന്റെ ആരംഭം തലക്കൽ ചന്ദുവിന്റെ അന്ത്യത്തോടെ ആയിരുന്നു. 1805 നവംബറിൽ തലക്കൽ ചന്ദുവും ഇംഗ്ലീഷ് പടയുടെ ബന്ധനത്തിൽ ആയി. അദ്ദേഹതെ ഇംഗ്ലീഷ് സർക്കാർ തൂക്കി കൊന്നു. ചന്ദുവിന്റെ വിധി അറിഞ്ഞ എടച്ചേന കുങ്കൻ ഇങ്ങനെ പറഞ്ഞെത്രെ - "എന്റെ വലംകൈ ആണ് പോയത്".  

വൈകാതെ പഴശ്ശി രാജാവും വീരമൃത്യു പ്രാപിച്ചു.

പഴശ്ശി രാജാവിന്റെ പരാജയവും മരണവും എങ്ങനെ നടന്നു എന്നത് വ്യക്തമല്ല. രാജാവിന്റെ പരാജയം എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് മൂന്നു കഥകൾ ഉണ്ട്. അവ ഇങ്ങനെ ---

മലബാർ കളക്ടർ ആയ തോമസ് ഹാർവെയ് ബേബറിന്റെ വിശദീകരണം ഇങ്ങനെ - താൻ വയനാട് ജനതയെ തന്റെ സ്നേഹം കൊണ്ട് പാട്ടിൽ ആക്കിയ ശേഷം അവരെ കോട്ടയം പടയ്ക്ക് എതിരെ അണിനിരത്തി. അതിൽ ചിലർ രാജാവിന്റെ താവളം തനിക്ക് കാണിച്ചു തന്നു. താനും ഇംഗ്ലീഷ് പടയും ചേർന്നു രാജാവിന്റെ താവളത്തിനു മേൽ മിന്നൽ ആക്രമണം നടത്തി രാജാവിനെ വധിച്ചു. 

പക്ഷെ ബേബറിന്റെ വിശ്വാസ്യത സംശയകരമാണ്. കാരണം ബേബർ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് എഴുതിയത്. ഒരിടത് അയാൾ പറയുന്നത് ആയാൾ വയനാട് ജനതയെ തന്റെ പാട്ടിൽ ആക്കി രാജാവിന് എതിരാക്കി എന്ന്. മറ്റൊരിടത്തു അയാൾ പറയുന്നു വയനാട് ജനതയ്ക്ക് രാജാവിനോട് ഉണ്ടായ വികാരം കടുത്ത ഭക്തി ആണെന്നും രാജാവിന്റെ മരണത്തിനു ശേഷവും അതിനു മാറ്റം വന്നില്ല എന്നുമാണ്. 

ബേബർ പറയുന്നത് രാജാവിനെ കൊന്നത് തന്റെ ഒരു ഗുമസ്തനായ കണാര മേനോൻ ആണെന്നാണ്. പക്ഷെ ബ്രിട്ടീഷ് സൈനീക രേഖകൾ പ്രകാരം രാജാവിനെ കൊന്നത് ക്യാപ്റ്റൻ ക്ലെഫ്ഹാമും ആറ് ശിപായി മാരും ചേർന്നാണ്. 

ഇതിനാൽ തന്നെ ബേബർ പറയുന്നത് എത്രത്തോളും സത്യമാണെന്നു സംശയിക്കേണ്ടി ഇരിക്കുന്നു. 

ഉത്തര മലബാറിലെ നടൻ പാട്ടുകളിലും കഥകളിലും രാജാവിനെ പതനത്തിനു കാരണമായി പറയുന്നത് പഴയവീട്ടിൽ ചന്ദു ചെയ്ത ചതി എന്നാണ്. പണനത്തിനു വേണ്ടി ചന്ദു രാജാവിന്റെ താവളം ഇംഗ്ലീഷ്കാർക്ക് ഒറ്റികൊടുത്തു എന്നാണ് കഥ. ഇതിനുള്ള സാധ്യത തള്ളി കളയാൻ പറ്റില്ല. കോട്ടയം പടയിലെ ഒരു മുൻ സേനാപതി ആയിരുന്ന പഴയവീട്ടിൽ ചന്ദുവിന് കോട്ടയം പടയുടെ താവളങ്ങൾ  പറ്റി നല്ല അറിവ് ഉണ്ടായിരുന്നു. രാജാവിനെ പിടിച്ചു കൊടുത്താൽ കിട്ടുന്ന പ്രതിഫലം മോഹിച്ച് അയാൾ അങ്ങനെ ചെയ്യാനുള്ള സാധ്യത ഉണ്ട്. 

പഴശ്ശി രാജാവ് എങ്ങനെ മരിച്ചു? ഇതും വ്യക്തമല്ല. നാടൻ പാട്ടുകളിലും കഥകളിലും പറയുന്നത് രാജാവ് ഇംഗ്ലീഷ് പടയുടെ പിടിയിൽ ആകാതിരിക്കാൻ രത്ന മോതിരം വിഴുങ്ങി ആത്മഹത്യ ചെയ്തു എന്നാണ്. കടത്തനാട്ടിൽ ഉള്ള ഒരു കഥ പ്രകാരം രാജാവിനെയും പത്നിയെയും ബന്ദികളാക്കി കൊണ്ട് പോകുന്നതിനിടെ അവർ രണ്ടും ആത്മഹത്യ ചെയ്തു എന്നാണ്. വയനാട്ടിൽ പ്രചാരമുള്ള ഒരു കഥ പ്രകാരം പഴശ്ശി രാജാവ് ആത്മഹത്യ ചെയ്തത് ഇങ്ങനെ - സ്വന്തം വാൾ ആകാശത്തേക്ക് എറിഞ്ഞു എന്നിട്ട്  ആ വാൾ താഴോട്ട്  വന്നപ്പോൾ രാജാവിന്റെ ശിരസ്സ് ഛേദിച്ചു. 

ഒരു കാര്യം മാത്രം ഉറപ്പിച്ചു പറയാം - രാജാവ് സ്വന്തം ജീവന് വേണ്ടി ശത്രുവിനോടു യാചിച്ചില്ല.

രാജാവിന്റെ മരണം നടന്നത് നവംബർ 30 1805 ൽ വയനാട് കർണാടക അതിർത്തിയിലെ മാവില തോട് എന്ന സ്ഥലത്തു വെച്ചായിരുന്നു.

രാജാവിന്റെ ഭൗതീക ശരീരം മാനന്തവാടി കൊണ്ട് വന്നു സംസ്കരിച്ചു.

1806 ന്റെ ആരംഭത്തിൽ എടച്ചേന കുങ്കൻ ആത്മഹത്യ ചെയ്തു. ഇംഗ്ലീഷ് പടയുടെ പിടിയിൽ ആകാൻ ആ വീരന് താത്പര്യം ഉണ്ടായിരുന്നില്ല. 

പള്ളൂർ എമനെ മാസങ്ങളോളും പിടിക്കാൻ ഇംഗ്ലീഷ് പടയ്ക്ക് സാധിച്ചില്ല. കലാപം തുടർന്ന കൊണ്ട് പോകാൻ അദ്ദേഹം യത്നിച്ചു. പക്ഷെ ഒടുവിൽ പിടിക്കപ്പെട്ടു. ആദ്യം വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു എങ്കിലും ആ ശിക്ഷ മലയ്ക്ക് 7 വർഷത്തെ നാടുകടത്തൽ ആക്കി മാറ്റി. ഏഴു വര്ഷം കഴിഞ്ഞും അദ്ദേഹത്തെ നാട്ടിൽ തിരികെ വരാൻ ഇംഗ്ലീഷ്കാർ അനുവദിച്ചില്ല. എമെൻ നാട്ടിൽ വീണ്ടും കലാപം തുടങ്ങും എന്നായിരുന്നു അവരുടെ ഭയം. 1819 ൽ ഈ ധീര യോദ്ധാവ് മലയായിലെ പെനാങിൽ വെച്ച് രോഗം പിടി പെട്ടു മരിച്ചു.  

പഴയവീട്ടിൽ ചന്ദുവിനെ പഴശ്ശി രാജാവിന്റെ അനുചരന്മാർ കൊന്നു പകരം വീട്ടി. 

ഇംഗ്ലീഷ് സർക്കാർ പഴശ്ശി രാജാവിന്റെ കുടുംബത്തോട് - അതായത് പടിഞ്ഞാറേ കോവിലകത്തോട് - കൊടും ക്രൂരത ചെയ്തു. പഴശ്ശി കോവിലകം ഇടിച്ചു നികത്തി. എന്നിട്ടും കലി തീരാത്ത ഇംഗ്ലീഷ്കാർ കോവിലകം നിന്ന സ്ഥലത്തിന് മുകളിൽ കൂടി തലശ്ശേരി - മൈസൂർ ഹൈവേ നിർമിച്ചു. ഇപ്പോൾ ഒരു കുളവും കിണറും മാത്രമാണ് ബാക്കി. പഴശ്ശി കോവിലകത്തിന്റെ സ്വത്തുക്കൾ ഇംഗ്ലീഷ്കാർ കണ്ടു കെട്ടി. 

പഴശ്ശി കോവിലകത്തെ പല അംഗങ്ങളും വധിക്കപെടുകയോ നാടുകടത്തി പെടുകയോ ചെയ്തു. അവസാനം അവശേഷിച്ചത് ഒരു ബാലിക മാത്രം. ഒരു നേരത്തെ ആഹാരത്തിനുള്ള ഗതിയോ തലചായ്ക്കാൻ ഒരു ഇടമോ ഈ കുഞ്ഞിന് ഇല്ലായിരുന്നു. തങ്ങൾക്ക് വേണ്ടി ജീവിച്ചു മരിച്ച രാജാവിന്റെ കുടുംബത്തിലെ അവസാന കണ്ണിക്ക് വന്ന ഈ ദുരവസ്ഥ നാട്ടുകാരായ തീയ്യന്മാരെ വേദനിപ്പിച്ചു.  മട്ടന്നൂരിലെ തീയ്യ പ്രമാണിമാർ തങ്ങളുടെ കയ്യിൽ നിന്ന് പണം പിരിച്ചു ഈ ബാലികയ്ക്ക് ഒരു പുതിയ കോവിലകം നിർമിച്ചു കൊടുത്തു. അതാണ് ഇപ്പോഴത്തെ പഴശ്ശി കോവിലകം.

Thursday, September 22, 2016

5. പഴയ സ്നേഹിതൻ അഥവാ പുതിയ ശത്രു

അദ്ധ്യായം അഞ്ച്

പഴയ സ്നേഹിതൻ അഥവാ പുതിയ ശത്രു

1790ൽ പഴശ്ശി രാജാവും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനയും തമ്മിലുള്ള ധാരണ പ്രകാരം ടിപ്പുവിന്റെ പരാജയത്തിന് ശേഷം കോട്ടയത്തിന്റെ സ്വാതന്ത്ര്യം കമ്പനി അംഗീകരിക്കാം എന്നായിരുന്നു. പക്ഷെ 1792ൽ ഇംഗ്ലീഷ്കാർ ഈ കരാർ ഏകപക്ഷീമായി റദ്ദ് ചെയ്തു. ഇതിനു പുറമെ കോട്ടയം ഇംഗ്ലീഷ് മേൽക്കോയ്മ അംഗീകരിക്കണം എന്നും കപ്പം നൽകണമെന്നും കോട്ടയത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇംഗ്ലീഷ്കാർക്ക് ഇടപെടാൻ അധികാരം വേണം എന്നും ആവശ്യപ്പെട്ടു.

ഈ അവസരത്തിൽ മറ്റു രണ്ടു അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായി. അതിൽ ഒന്ന് വീര വർമ്മ എന്ന കേരള വർമ്മയുടെ അമ്മാവന്റെ രംഗപ്രവേശം ആയിരുന്നു. എവിടെയും നുഴഞ്ഞു കയറാനും കുത്തിത്തിരിപ്പ് ഉണ്ടാകാനും ഉള്ള ഇയാളുടെ കഴിവ് അപാരമായിരുന്നു. ഇയാളെ കുറുമ്പ്രനാട് (ഇന്നത്തെ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്ക്) രാജകുടുംബം ദത്തെടുത്ത ശേഷം അവിടത്തെ രാജാവായി. പക്ഷെ കോട്ടയവും തന്റെ നിയന്ത്രണത്തിൽ ആകാൻ അയാൾ മോഹിച്ചു. ഇംഗ്ലീഷ്കാരുടെ വരവോടെ കോട്ടയം തന്റേതാക്കാൻ പറ്റും എന്ന് അയാൾ കണക്കുകൂട്ടി.

വീര വർമ്മ ഇംഗ്ലീഷ്കാരെ കണ്ടു. യഥാർത്ഥ രാജാവ് തിരുവിതാംകൂറിൽ ആയതുകൊണ്ട് രാജാവിന്റെ നേരെ ഇളയതായ താനാണ്. അതിനാൽ നാട്ടുനടപ്പ് പ്രകാരം തന്നെ വേണം കോട്ടയത്തിന്റെ ഭരണം ഏൽപ്പിക്കാൻ. പഴശ്ശി കേരള വർമ്മ തന്നെക്കാൾ എത്രയോ ഇളയത്തതാണ്. അതിനാൽ താൻ ഉള്ളപ്പോൾ കേരള വർമ്മ അധികാര സ്ഥാനത്തു തുടരുന്നത് ശരിയല്ല എന്നും വീര വർമ്മ കമ്പനിയെ ബോധ്യപ്പെടുത്തി. കമ്പനി ആവശ്യപ്പെടുന്ന കപ്പം കൊടുക്കാം എന്നും വാക്ക് കൊടുത്തു.

കമ്പനി വീര വർമ്മയുടെ ആവശ്യം അംഗീകരിച്ചു. കേരള വർമ്മയെ കറിവേപ്പില പോലെ അവർ ഒഴിവാക്കി. ഈ നീക്കം കോട്ടയത്തെ വ്യാപക പ്രേതിഷേധം ഉണ്ടാക്കി. മൈസൂർ ആക്രമണകാലത്തു നാടിനെയും ജനത്തെയും ഉപേക്ഷിച്ചു പോകാതെ ധീരമായി ശത്രുവിനോട് പൊരുതിയ കേരള വർമ്മ തന്നെ കോട്ടയം ഭരിക്കണം എന്നായിരുന്നു പൊതുജനാഭിപ്രായം.

മറ്റൊരു സംഭവം പഴശ്ശി രാജാവിന്റെ ഏറ്റവും പ്രധാനപ്പെട്ട സേനാനായകന്മാരിൽ ഒരാൾ ആയിരുന്നു പഴയവീട്ടിൽ ചന്ദു വീര വർമ്മയുടെ പക്ഷം ചേർന്നു. പണവും അധികാരവും സ്ഥാനവും ആയിരുന്നു അയാളുടെ ലക്ഷ്യം. വീര വർമ്മ ഇയാളെ തന്റെ പ്രധാന കാര്യകാരനായി നിയമിച്ചു. വീര വർമ്മയും പഴയവീട്ടിൽ ചന്ദുവും ചേർന്നു കോട്ടയത്തിൽ തങ്ങളുടെ ദുർഭരണം ആരംഭിച്ചു. പഴശ്ശി രാജാവ് കൊണ്ടുവന്ന ജനോപകാരപ്രദമായ എല്ലാ പദ്ധതികളും ഇവർ നിർത്തുവച്ചു.

കമ്പനിക്ക് വാഗ്ദാനം ചെയ്ത കപ്പം കൊടുക്കാനും സ്വന്തം കീശ നറക്കാനും വേണ്ടി അവർ നാട്ടിൽ കരംപിരിവിന്റെ പേരിൽ കൊള്ള നടത്തി. ഇതിനു വേണ്ടി ടിപ്പുവിന്റെ മുൻ പടയാളികളെയും കൊടുംകുറ്റവാളികളെയും ഇംഗ്ലീഷ് പടയെയും പഴയവീട്ടിൽ ചന്ദു നാട്ടിൽ ഇറക്കി. മുൻപ് മൈസൂർ പട നടത്തിയത് പോലുള്ള ഭീകരകൃത്യങ്ങൾ ഇവർ പണത്തിനായി ചെയ്യാൻ തുടങ്ങി. 

1793ൽ പഴശ്ശി കേരള വർമ്മ തന്റെ രാജ്യത്തിനും പ്രജകൾക്കും വേണ്ടി വീണ്ടും യുദ്ധത്തിന്റെ പാത തിരഞ്ഞെടുത്തു. ഇംഗ്ലീഷ്കാർക്ക് വേണ്ടി ഭരിക്കുന്ന വീര വർമയുടെ ഭരണത്തെ ബഹിഷ്കരിക്കുവാൻ പഴശ്ശി രാജാവ് ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇതിനു പുറമെ ഒരു സമാന്തര സർക്കാർ രൂപീകരിക്കുകയും കോട്ടയത്തിൽ തന്റെ ഭരണം പുനരാരംഭിച്ചു. കരം പിരിക്കാൻ വരുന്ന വീര വർമയുടെ ആളുകളുമായി ജനങ്ങൾ പഴശ്ശി രാജാവിന്റെ പടയുടെ സഹായത്തോടെ ഏറ്റുമുട്ടി. 1793 നും 1796 നും ഇടയിൽ കോട്ടയത്ത് നിന്നും ഒരു രൂപപോലും നികുതി പിരിക്കാൻ ഇംഗ്ലീഷ് സർക്കാരിന് സാധിച്ചില്ല. വീര വർമ്മ തിരികെ കുറുംബ്രനാട്ടിലെക്ക് പോകണം എന്ന ആവശ്യം മരുമകൻ പഴശ്ശി കേരള വർമയും നാട്ടുകാരും ഉയർത്തി.

പഴശ്ശി രാജാവ് തങ്ങളുടെ മലബാറിലെ ഭരണത്തിന് തന്നെ ഒരു വലിയ ഭീഷണി ആകാൻ സാധ്യത ഉണ്ടെന്നു മനസ്സിൽ ആക്കിയ ഇംഗ്ലീഷ് സർക്കാർ അദ്ദേഹതെ പിടി കൂടാൻ തീരുമാനിച്ചു. രാജാവിനെ ബന്ധിയാക്കാൻ 300 വരുന്ന ഇംഗ്ലീഷ് പട 1796 ൽ പഴശ്ശി കോവിലകം ആക്രമിച്ചു. പക്ഷെ ഈ നീക്കം നേരത്തെ മനസിലാക്കിയ രാജാവ് മണത്തണയിലെ തന്റെ വനദുർഗ്ഗത്തിലേക്ക് നേരത്തെ തന്നെ രക്ഷപെട്ടു. രാജാവിനെ ചതിച്ചു ബന്ധിയാക്കാൻ വേണ്ടി വീര വർമ്മയും ഇംഗ്ലീഷ് ഉദ്യോഗസ്ഥരും അദ്ദേഹത്തെ ചർച്ചയ്ക്ക് രണ്ടു തവണ ക്ഷണിച്ചു. രണ്ടു പ്രാവശ്യവും രാജാവ് ആയിരത്തിനു മേലെ വരുന്ന തോക്കുധാരികളായ അംഗരക്ഷകന്മാരുടെ അകമ്പടിയോടെ വന്നതിനാൽ അവർക്ക് രാജാവിനെ ഒന്നും ചെയ്യാൻ പറ്റിയില്ല. 

1797ൽ കോട്ടയം പടയും ഇംഗ്ലീഷ് പടയും തമ്മിൽ തുറന്ന യുദ്ധം ആരംഭിച്ചു. ആറ് മാസം കൊണ്ട് ഇരു പക്ഷവും തമ്മിൽ 100ൽ പരം ഏറ്റുമുട്ടലുകൾ നടന്നു. ഇംഗ്ലീഷ് പട ദയനീയമായി പരാജയപെട്ടു. അവർ നേരിട്ട ഏറ്റവും വലിയ പരാജയം പെരിയ ചുരത്തിൽവെച്ചായിരുന്നു. 1100 വരുന്ന ഒരു ഇംഗ്ലീഷ് പടയെ കോട്ടയം പട പതിയിരുന്നു ആക്രമിച്ചു. ഇംഗ്ലീഷ് പട പൂർണമായി തകർന്നു. ഇംഗ്ലീഷ് പടനായകന്മാർ കൊല്ലപ്പെട്ടു. ജീവനോടെ ബാക്കി വന്നത് ചുരുക്കം ചിലർ മാത്രം. ഇതിനു പുറമെ വടക്കൻ മലബാറിലെ മറ്റു ഇംഗ്ലീഷ് സേന ഘടകങ്ങളും പരാജയത്തിന്റെ വക്കിൽ ആയിരുന്നു. പരാജയം മുന്നിൽ കണ്ട ഇംഗ്ലീഷ് സർക്കാർ സന്ധി സംഭാഷണത്തിന് തയ്യാർ അയി. അപ്പോഴേക്കും ആ വർഷം 4000 വരുന്ന ഇംഗ്ലീഷ് പടയാളികൾ കോട്ടയം പടയുടെ കൈകൊണ്ടു പരലോകം പ്രാപിച്ചിരുന്നു. 

ഗവർണ്ണർ ഡങ്കൻ 1797ൽ ഉത്കണ്ഡയോട് കൂടി എഴുതുകയുണ്ടായി – 

"ടിപ്പു സുൽത്താൻ പോലും ഭയപ്പെട്ടു പോകും നമ്മുടെ സൈന്യത്തെ കണ്ടാൽ. പക്ഷെ കോട്ടയം രാജാവിനാകട്ടെ യാതൊരു കൂസലും ഇല്ല, ഒരു പക്ഷെ ചിറക്കലും കടത്തനാടും കുറുംബ്രനാടും കോട്ടയവും ഒന്നിച്ചു നമുക്ക് എതിരെ തിരിഞ്ഞാൽ ഇന്ത്യയിൽ ഉള്ള നമ്മുടെ മുഴുവൻ സൈന്യത്തെ രംഗത്ത് ഇറക്കിയാൽ പോലും ജയിച്ചു എന്ന് വരില്ല. ഈ ദേശങ്ങളുടെ ഭൂമിശാസ്ത്രവും നമുക്ക് അനുകൂലം അല്ല".  

ചിറക്കൽ, കടത്തനാട്, കുറുമ്പ്രനാട് എന്നിവ കോട്ടയത്തിന്റെ അയൽ രാജ്യങ്ങൾ അന്ന്. ഇവ വടക്കൻ മലബാറിൽ സ്ഥിതി ചെയ്യുന്നു.

പഴശ്ശി രാജാവുമായി ചർച്ച നടത്താൻ ഇന്ത്യയിലെ ഏറ്റവും ഉന്നത ഇംഗ്ലീഷ് നേതാക്കൻമ്മാരായ ഗവർണ്ണർ ജോനാഥൻ ഡങ്കൻ ജനറൽ സ്റ്റുകാർഡ് എന്നിവർ തലശ്ശേരിയിലെത്തി. പഴശ്ശി രാജാവിന്റെ എല്ലാ ആവശ്യങ്ങളും അവർ അംഗീകരിച്ചു. വീര വർമ്മയെയും അയാളുടെ അനുചരന്മാരെയും കോട്ടയത്തിന്റെ ഭരണത്തിൽ നിന്ന് പുറത്താക്കി. പഴശ്ശി രാജാവിന്റെ ഒരു കാരണവരെ കോട്ടയം രാജാവാക്കി. പഴശ്ശി കേരളവർമയെ പാട്ടീൽ ആകാൻ 8000 രൂപ വാർഷിക പെൻഷൻ കൊടുക്കാനും കമ്പനി സമ്മതിച്ചു. പഴശ്ശി കേരള വർമയെ കൊണ്ടുള്ള ശല്യം തീർന്നു എന്ന് ഇംഗ്ലീഷ്കാർ ആശ്വസിച്ചു. 

പക്ഷെ പഴശ്ശി രാജാവ് ഇംഗ്ലീഷ്കാരെ കോട്ടയത്തിൽ ഭരണം നടത്താനും കരംപിരിക്കാനും സമ്മതിച്ചില്ല. ഇംഗ്ലീഷ്കാർക്കോ പുതിയ രാജാവിനോ കോട്ടയത്തിൽ ഒരു നിയന്ത്രണവും കോട്ടയത്തിൽ ഉണ്ടായിരുന്നില്ല. പഴശ്ശി കേരള വർമ സ്വന്തം ഇഷ്ടപ്രകാരം രാജ്യം ഭരിക്കുമ്പോൾ നിസ്സഹായരായി നോക്കാൻ മാത്രമേ ഇംഗ്ലീഷ് സർക്കാരിന് കഴിഞ്ഞുള്ളു.  ഇംഗ്ലീഷ് ആജ്ഞകൾക്ക് പുല്ലുവില പോലും പഴശ്ശി രാജാവോ കോട്ടയം ജനത യോ കല്പിച്ചില്ല. 1799 വരെ ഈ അവസ്ഥ തുടർന്നു.

4. കേരളം സിംഹം, മൈസൂർ കടുവ

അദ്ധ്യായം നാല്
കേരളം സിംഹം, മൈസൂർ കടുവ


1784ൽ ഹൈദർ മരിച്ചു. മകൻ ടിപ്പു മൈസൂർ രാജാവായി.

കോട്ടയം സ്വന്തന്ത്ര്യം വീണ്ടെടുത്ത് രണ്ട് വർഷം കഴിഞ്ഞു. ഈ അവസരത്തിൽ കോട്ടയത്തിനു പുതിയ ഭീഷണിയായി ടിപ്പു രംഗ പ്രവേശം ചെയ്തു. കോട്ടയം മൈസൂർ മേൽക്കോയ്മ അംഗീകരിക്കണമെന്നും  വാർഷീക കപ്പം നൽകണം എന്നും ആവശ്യപ്പെട്ടു. ഒരു ഭാരിച്ച തുക തന്നെ കപ്പം വേണമെന്ന് മൈസൂർ സർക്കാർ തീരുമാനിച്ചു. കൊടുക്കാം എന്ന് രവിവർമ രാജാവ് സമ്മതിച്ചു. 

രവിവർമയുടെ ഈ തീരുമാനം കടുത്ത പ്രതിഷേധം കോട്ടയത്തിലെ ജനങ്ങൾക്കിടയിൽ ഉണ്ടാക്കി. മൈസൂർ സർക്കാർ ആവശ്യപ്പെട്ട കപ്പം കൊടുക്കണമെങ്കിൽ കർഷകരുടെ മേൽ വൻനികുതി ഭാരം അടിച്ചേൽപ്പിക്കേണ്ടി വരും. ഈ വേളയിൽ പഴശ്ശി രാജാവ് വീണ്ടും രംഗത്ത് വന്നു. സാധാരണക്കാരെയും പാവങ്ങളെയും കഷ്ട്ടപ്പെടുത്തി കൊണ്ട് മൈസൂരിന്റെ ആവശ്യം നിറവേറ്റണ്ട ആവശ്യം കോട്ടയത്തിനു ഇല്ല എന്നും ആവശ്യമെങ്കിൽ കപ്പം പിരിക്കാൻ വന്ന മൈസൂർ പടയെ ആയുധം കൊണ്ട് നേരിടാനും തയ്യാർ ആകണമെന്നും പഴശ്ശി രാജാവ് ജനത്തോടു ആഹ്വാനം ചെയ്തു. 

1785ൽ മൈസൂർ സർക്കാരിന്റെ നികുതി നയം മലബാറിൽ ഉടനീളം കലാപം ഉണ്ടാകാൻ കാരണമായി. പഴശ്ശി രാജാവിന്റെ നേതൃത്വത്തിൽ കോട്ടയത്തിൽ ഉടനീളം കലാപവും ഒളിപ്പോരും പൊട്ടിപ്പുറപ്പെട്ടു. കലാപം അടിച്ചമർത്താൻ ടിപ്പു സേനയെ അയച്ചെങ്കിലും കോട്ടയം പടയ്ക്ക് മേൽ വിജയം നേടാൻ അവർക്ക് സാധിച്ചില്ല. ഈ അവസരത്തിൽ കോട്ടയം രാജാവ് രവിവർമ വീണ്ടും ഒരു അബദ്ധം ചെയ്തു. 1786ൽ രവിവർമ ടിപ്പു സുൽത്താനുമായി ചർച്ചചെയ്യാൻ കൊടകിൽ പോയി. അവിടെ വെച്ച് വയനാട് മൈസൂറിന് വിട്ടുകൊടുക്കാൻ ടിപ്പു രവിവർമയെ  നിർബന്ധിതനാക്കി. പഴശ്ശി രാജാവ് ഈ നടപടിയെ എതിർത്തു. 1787ൽ വയനാട്ടിൽ ഉടനീളം കോട്ടയം പട ഒളിപ്പോര് ആരംഭിച്ചു. 

1788ൽ ടിപ്പു സുൽത്താൻ നേരിട്ട് മലബാറിലേക്ക് വന്നു. പക്ഷെ ടിപ്പുവിന്റെ മതഭ്രാന്തും വ്യാപക നിർബന്ധിത മത പരിവർത്തനം എന്ന നയവും മലബാറിൽ കലാപത്തെ കൂടുതൽ ആളികത്തിച്ചു. ക്രുദ്ധൻ ആയ സുൽത്താൻ ഒരു വലിയ പടയെ മലബാറിലേക്ക് അയച്ചു. ആര് എതിർക്കുന്നുവോ അവരെയെല്ലാം കൊന്നൊടുക്കുവാനും ആജ്ഞ നൽകി. എന്നിട്ടും മലബാറിൽ കലാപം തുടർന്നു. കോട്ടയത്തെ പഴശ്ശി രാജാവ്, കോഴിക്കോട്ടെ കൃഷ്ണ വർമ്മ, രവി വർമ്മ, ഏറനാട്ടിലെ മഞ്ചേരി അത്തൻ ഗുരുക്കൾ മുതാലയ നേതാക്കന്മാരുടെ നേതൃത്വത്തിൽ ജനകീയ ചെറുത്തുനിൽപ്പ് ശക്തമായി തന്നെ തുടർന്നു. 

1789ൽ ടിപ്പു വീണ്ടും മലബാർ ആക്രമിച്ചു. ഇത്തവണ ഒരു പടുകൂറ്റൻ പടയുടെ കൂടെ ആയിരുന്നു വരവ്. ഇവർ ചെയ്ത പൈശാചിക കൃത്യങ്ങൾക്ക് കണക്കില്ല. ക്രൂരതയും നിർബന്ധിത മതപരിവർത്തനവും ഭയന്ന് ചിലർ നാടുവിട്ട് തിരുവിതാംകൂറിൽ അഭയം പ്രാപിച്ചു. ഭൂരിപക്ഷം ജനങ്ങളും വനങ്ങളിലേക്കും പർവ്വതങ്ങളിലേക്കും പലായനം ചെയ്തു. പക്ഷെ ധീരന്മാരായ നേതാന്ക്കന്മാർ നാടുവിടാതെ മൈസൂർ പടയ്ക്കെതിരെ നിരന്തരം ചെറുത്തുനിൽപ്പ് നടത്തി. ഇവരിൽ പഴശ്ശി രാജാവ് പ്രധാനി ആയിരുന്നു. 

1789ൽ ടിപ്പു കോട്ടയം ആക്രമിച്ചു. ശത്രുഭയം കൊണ്ട് രവിവർമ്മ രാജാവ് വീണ്ടും തിരുവിതാംകൂറിലേക്കു രക്ഷപെട്ടു. പഴശ്ശി രാജാവ് രാജ്യത്തിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തു. പഴശ്ശി രാജാവിന്റെ നേതൃത്വത്തിൽ കോട്ടയം പട മൈസൂർ പടയുമായി നിരന്തരം ഒളിപ്പോരിൽ ഏർപ്പെട്ടു. മൈസൂർ പടയ്ക്ക് കനത്ത നാശനഷ്ടങ്ങൾ നേരിടേണ്ടിവന്നു.   ഒടുവിൽ ടിപ്പു കോട്ടയത്തിലെ തന്റെ സേനയുടെ നേതൃത്വം പട നായകന്മാരെ ഏൽപിച്ചു തിരിച്ചു പോയി. 

പ്രത്യാക്രമണത്തിന്റെ ഭാഗമായി മൈസൂരിന്റെ പടിഞ്ഞാറൻ പ്രവിശ്യകൾ കോട്ടയം പട എടച്ചേന കുങ്കന്റെ നേതൃത്വത്തിൽ ആക്രമിച്ചു കൊള്ളയടിച്ചു. ഈ പ്രദേശത്തെ സുൽത്താന്റെ ഭരണത്തെ തന്നെ ഈ മിന്നൽ ആക്രമങ്ങൾ ഇല്ലാതാക്കി. വായനാടിന്റെയും കർണാടകത്തിലെ നഞ്ചങ്കോടിന്റെയും ഇടയിൽ വരുന്ന ഭൂമിയുടെ മേൽ പഴശ്ശി രാജാവ് അവകാശം ഉന്നയിക്കുകയും ചെയ്തു.

1790ൽ ടിപ്പു സുൽത്താനും ഈസ്റ്റ് ഇന്ത്യ കമ്പനയും തമ്മിൽ മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധം ആരംഭിച്ചു. ഇംഗ്ലീഷ്കാർ പഴശ്ശി രാജാവടക്കമുള്ള മലബാർ നേതാക്കന്മാരോട് ബ്രിട്ടീഷ് പക്ഷത്തു ചേരാൻ അഭ്യർത്ഥിച്ചു. ബ്രിട്ടീഷ് വിജയം യുദ്ധത്തിൽ ഉണ്ടാകുന്ന പക്ഷം മലബാറിലെ നാട്ടുരാജ്യങ്ങളുടെ സ്വാതന്ത്ര്യം ഈസ്റ്റ് ഇന്ത്യ കമ്പനി അംഗീകരിക്കും എന്നും  വാക്ക് കൊടുത്തു. 

സ്വന്തം സ്വാതന്ത്ര്യം  വീണ്ടെക്കാനും ടിപ്പുവിനോട് പ്രതികാരം ചെയ്യാനും ലഭിച്ച ഈ അവസരം  പഴശ്ശി രാജാവ് പാഴാക്കിയില്ല. 1790-91 കാലത്തു കോട്ടയം പട പഴശ്ശി രാജാവിന്റെ നേതൃത്വത്തിൽ മൈസൂർ പടയുമായി തുറന്ന യുദ്ധം ആരംഭിച്ചു. മൈസൂർ പടയെ കതിരൂരിൽവെച്ചും കണ്ണൂരിൽവെച്ചും ഏറ്റുമുട്ടലിൽ പരാജയപ്പെടുത്താൻ പഴശ്ശി രാജാവിന്റെ നേതൃത്വത്തിലെ കോട്ടയം സേന ഇംഗ്ലീഷ്കാരെ സഹായിച്ചു. ഇതിനു ശേഷം കോട്ടയത്തുണ്ടായിരുന്ന മൈസൂർ സേനകളെ മുഴുവൻ പരാജയപ്പെടുത്തി കോട്ടയത്തിന്റെ പുറനാട് ഭാഗം സ്വതന്ത്രമാക്കി. പക്ഷെ വയനാട്ടിൽ കോട്ടയം പടയും മൈസൂർ പടയും തമ്മിൽ യുദ്ധം 1793 വരെ തുടർന്ന്. 1793ൽ മൈസൂർ പടയെ പൂർണമായും വയനാട്ടിൽ നിന്ന് തുരത്തി.

ടിപ്പുവിന്റെ പട കോട്ടയത്തിന്റെ പല ഭാഗങ്ങളും പൂർണമായി നശിപ്പിച്ചു മാനുഷയവാസയോഗ്യം അല്ലാതാക്കിയിരുന്നു. കോട്ടയം ജനത കടുത്ത യാതനകൾ അനുഭവിക്കേണ്ടതായി വന്നു. ഈ പ്രശ്നം പ്രജാവത്സലനായ പഴശ്ശി രാജാവിനെ അലട്ടി. അതിനാൽ തന്നെ ജനജീവിതം പൂര്വസ്ഥിതിയിൽ ആക്കുന്നതിനു വേണ്ടി 1791ൽ തന്നെ രാജാവ് ബ്രിഹത്തായ ഒരു പുനർനിർമാണ പദ്ധതി ആരംഭിച്ചു. തന്റെ പ്രജകളോട് വനങ്ങൾ വിട്ട് തിരികെ സ്വന്തം ഗ്രാമങ്ങളിലേക്ക് പോകാനും കൃഷി പുനരാരംഭിക്കുവാനും ആവശ്യപ്പെട്ടു. പലർക്കും തങ്ങളുടെ എല്ലാം മൈസൂർ പട വരുത്തിയ കെടുതിയിൽ നഷപെട്ടു എന്ന വസ്തുത അറിയാമായിരുന്ന രാജാവ് അവർക്ക് സൗജന്യമായി പണിആയുധങ്ങൾ, വിത്ത്, തൈകൾ, കന്നുകാലി എന്നിവ വിതരണം ചെയ്തു.

ശിഷ്ടകാലം തനിക്കും തന്റെ പ്രജകൾക്കും സമാധാനത്തിൽ കഴിയാം എന്ന് അദ്ദേഹം പ്രതിയാശിച്ചു. പക്ഷെ ദൗർഭാഗ്യം എന്ന് പറയട്ടെ, പ്രശ്നങ്ങളുടെ ഒരു ഘോഷയാത്ര തന്നെ വൈകാതെ വന്നു. സമാധാനത്തിൽ ജീവിക്കാനുള്ള യോഗം പഴശ്ശി കേരള വർമ്മയ്ക്ക് ഉണ്ടായിരുന്നില്ല.

3. തലശ്ശേരി ഉപരോധം

അദ്ധ്യായം മൂന്ന്
തലശ്ശേരി ഉപരോധം

മൈസൂർ പടയ്ക്കെതിരെ യുദ്ധം നടത്തിയ കാലത്ത് പഴശ്ശി രാജാവ് തലശ്ശേരി കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി സഖ്യത്തിലായിരുന്നു. ഈ സഖ്യം 1792വരെ നീണ്ടുനിന്നു.

ഈ കാരണത്താൽ ചിലർ പഴശ്ശി രാജാവിനെ വിമർശിച്ചിട്ടുണ്ട്. ഒരു ഇന്ത്യൻ രാജാവായ ഹൈദർ അലിക്കെതിരെയും അയാളുടെ പിൻഗാമി ടിപ്പു സുൽത്താന് എതിരെയും ഇംഗ്ലീഷ്കാരുമായി സഖ്യത്തിൽ ഏർപ്പെട്ടു  യുദ്ധം ചെയ്ത പഴശ്ശി രാജാവ് ഒരു മഹാപാപിയാണ് എന്നാണ് അവർ ഉന്നയിക്കുന്ന ആരോപണം.

പക്ഷെ ഈ ആരോപണം അടിസ്ഥാനരഹിതമാണ്. 1792നു മുൻപ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി യാതൊരുതരത്തിലും മലബാർ കീഴ്പെടുത്താനോ മലബാറിലെ ജനത്തെ ദ്രോഹിക്കുവാനും ശ്രമിച്ചിരുന്നില്ല. പക്ഷെ 1774 മുതൽ 1792 വരെ മൈസൂർ പട പല തരം അതിക്രമങ്ങളും മലബാറിൽ നടപ്പാക്കിയിരുന്നു. 

മലബാറിലെ ജനതയുടെ നന്മ മൈസൂർ സർക്കാരിന്റെ ലക്ഷ്യം ആയിരുന്നില്ല. അവരുടെ ലക്ഷ്യം മലബാറിനെ ഒരു വരുമാന ശ്രോതസ്സാക്കി മാറ്റുക എന്നത് മാത്രം ആയിരുന്നു. ഹൈദറും പിന്നീട് ടിപ്പുവും ഇംഗ്ലീഷ്കാർക്കെതിരെ യുദ്ധം ചെയ്തതിന് കാരണം ഈസ്റ്റ് ഇന്ത്യ കമ്പനി ദക്ഷിണ ഭാരതം കീഴടക്കാനുള്ള ഹൈദറിന്റെയും ടിപ്പുവിന്റെയും പദ്ധതിയ്ക്ക് തടസ്സം സൃഷ്ടിച്ചു എന്നതാണ്. അല്ലാതെ ഇന്ത്യയോടുള്ള സ്നേഹം കൊണ്ടായിരുന്നില്ല. എല്ലാത്തിനും ഉപരി ഹൈദർ അലിയും ടിപ്പുവും ഇന്ത്യൻ വംശജർ ആയിരുന്നില്ല. അവർ ഭരിച്ചത് പ്രധാനമായും കർണാടകം ആയിരുന്നു. എങ്കിലും സ്വയം ഒരിക്കലും കന്നഡിഗരായി അവർ കണ്ടിരുന്നില്ല. 

മൈസൂരിന്റെ ശത്രു ആയതുകൊണ്ട് അവരുമായി പഴശ്ശി രാജാവിനെ പോലുള്ള മലബാർ നേതാക്കന്മാർ സഹകരിച്ചത് 'ശത്രുവിന്റെ ശത്രു മിത്രം' എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു. ഇംഗ്ലീഷ് മേൽക്കോയ്മ സ്വീകരിക്കുക എന്ന ഉദ്ദേശം പഴശ്ശി രാജാവിന് ഒരിക്കലും ഉണ്ടായിരുന്നില്ല. 

തലശ്ശേരി അന്ന് ഒരു ഇംഗ്ലീഷ് താവളമായിരുന്നു. തലശ്ശേരി സുശക്തമായ കൊട്ടകളാൽ ചുറ്റപ്പെട്ട ഒരു തുറമുഖ നഗരമായിരിന്നു. ഇതിനു പുറമെ പശ്ചിമ ഇന്ത്യൻ തീരത്തെ ഒരു പ്രധാന ഇംഗ്ലീഷ് സൈനീക നാവിക കേന്ദ്രവുംകൂടിയായിരുന്നു. മലബാറിലെ കലാപകാരികൾ പലപ്പോഴായി അഭയം പ്രാപിച്ചത് തലശ്ശേരിയിൽ ആയിരുന്നു. കലാപകാരികൾ യുദ്ധത്തിന് ആവശ്യവുമായ വെടിമരുന്നും തിരയും വാങ്ങിയത് തലശ്ശേരിയിലെ ഇംഗ്ലീഷ് വ്യാപാരിമാരിൽ നിന്നായിരുന്നു. ഹൈദറിനോട് വിരോധം ഉണ്ടായിരുന്ന ഇംഗ്ലീഷ്കാർ രഹസ്യമായി കലാപകാരികൾക്ക് എല്ലാവിധ ഒത്താശകളും ചെയ്തുകൊടുക്കുകയും ചെയ്തു. 

ഹൈദർ അലി ഇംഗ്ലീഷ്കാരുമായി രണ്ടാമത് യുദ്ധത്തിന് ഒരുങ്ങുന്ന കാലം. ദക്ഷിണ ഭാരതം കീഴടക്കുക എന്നതാണ് ഹൈദരുടെ ലക്ഷ്യം. ഇതിനിടെ ഭാഗമായി വടക്കൻ മലബാറിലെ ഇംഗ്ലീഷ് കേന്ദ്രമായ തലശ്ശേരി പിടിച്ചെടുക്കാൻ ഹൈദർ പദ്ധതി ഒരുക്കി. തലശ്ശേരി തന്റെ അധീനതയിൽ വന്നാൽ പഴശ്ശി രാജാവിനെ പോലുള്ള കലാപകാരികളെ തകർക്കാൻ വേഗത്തിൽ പറ്റും എന്നും ഹൈദർ കണക്കുകൂട്ടി.

ഹൈദർ അലി തന്റെ സാമന്തനായ ചിറക്കൽ രാജാവിനോട് തലശ്ശേരി ഉപരോധിക്കാൻ ആജ്ഞ കൊടുത്തു. ചിറക്കൽ പട തലശ്ശേരി വളഞ്ഞു. വർഷം 1778. ഇംഗ്ലീഷ്കാർ ഈ അവസരത്തിൽ നന്നേ ദുർബലർ ആയതു കൊണ്ട് അവർ പഴശ്ശി രാജാവിന്റെ സഹായം അഭയാർത്ഥിച്ചു. തലശ്ശേരി മൈസൂർ അധീനതയിൽ ആകുന്നതിൽ പഴശ്ശി രാജാവിന് ഉത്കണ്ഡ ഉണ്ടായിരുന്നു. അതിനാൽ അദ്ദേഹം ഇംഗ്ലീഷ്കാരെ സഹായിക്കാൻ തീരുമാനിച്ചു. കോട്ടയം പട ചിറക്കൽ പടയെ രണ്ടു ഏറ്റുമുട്ടലുകളിൽ ആയി പരാജയപ്പെടുത്തി ഓടിച്ചു. 

1779ൽ ഒരു മൈസൂർ പട തന്നെ തലശ്ശേരി പിടിച്ചെടുക്കാൻ മലബാറിൽ വന്നു. ചിറക്കൽ പട അവരുടെ ഭാഗം ചേർന്നു. കടത്തനാട്ടിൽ ഒരു വിഭാഗം മൈസൂർ പടയുടെ ഭാഗം ചേർന്നപ്പോൾ മറ്റൊരു വിഭാഗം പഴശ്ശി രാജാവിന്റെ പക്ഷം ചേർന്നു. ഏതാനും നൂറുകണക്കിന് മാത്രമേ പടയാളികൾ ഇംഗ്ലീഷ്കാർക്ക് ഉണ്ടായിരുന്നുള്ളു. മൈസൂർ പക്ഷത്തു 20,000 വരുന്ന പടയും. തലശ്ശേരിയുടെ പതനം ആസന്നം എന്ന ഘട്ടം എത്തിക്കഴിഞ്ഞു.

ഈ നിർണായക നിമിഷത്തിൽ പഴശ്ശി രാജാവ് 2000 വരുന്ന ഒരു പടയെ ഇംഗ്ലീഷ്കാരെ സഹായിക്കുവാൻ അയച്ചു. ഇവർ വടകരക്കടുത്ത മുട്ടങ്കൾ (കൈനാട്ടി) ഉള്ള മൈസൂർ കോട്ട പിടിച്ചടക്കി. പ്രത്യാക്രമണം നടത്തിയ മറ്റൊരു മൈസൂർ പടയെ ഇതേ സ്ഥലത്തു വെച്ച് 500 വരുന്ന കോട്ടയം പട വൻ നാശം വിതച്ച ശേഷം പരാജയപ്പെടുത്തി.  

ഈ അവസരത്തിൽ തലശ്ശേരിയിൽ ഭക്ഷണക്ഷാമം വന്നു. പഴശ്ശി രാജാവ് വീണ്ടും തലശ്ശേരിയുടെ രക്ഷകനായി എത്തി. പിടിച്ചുനിൽക്കാൻ ആവശ്യമായ ധാന്യം അദ്ദേഹം തലശ്ശേരിയിലേക്ക് അയച്ചുകൊടുക്കത്. 1000ത്തോളം കോട്ടയം പടയാളികൾ തലശ്ശേരിയിൽ എത്തി.   ഇവരും ഇംഗ്ലീഷ് പടയും ചേർന്നു തലശ്ശേരിയെ നാലിരട്ടി വരുന്ന മൈസൂർ സേനയുടെ ആക്രമണങ്ങളിൽ നിന്ന് പ്രതിരോധിച്ചു. 1782 വരെ തലശ്ശേരിയെ രക്ഷിക്കാൻ ജീവൻ മരണ സമരം അവർ നടത്തി. 

1779ൽ കോട്ടയം പട കൽപ്പറ്റയിൽ വെച്ച് 2000 വരുന്ന കൊടക പടയെ തകർത്തു തരിപ്പണമാക്കി. വയനാട് ഇതോടെ പൂർണമായി സ്വതന്ത്രമായി. ഈ അവസരത്തിൽ തലശ്ശേരി ഉപരോധിച്ച മൈസൂർ പടയുടെ സേനാനി സർദാർ ഖാൻ പഴശ്ശി രാജാവിനെ തന്റെ പക്ഷത്ത് കൊണ്ടുവരാൻ ശ്രമിച്ചു. പക്ഷെ ചർച്ച പൂർണമായി പരാജയപെട്ടു. സർദാർ ഖാന്റെ പ്രലോഭനത്തിൽ പഴശ്ശി രാജാവ് വീണില്ല. കൊള്ളയും കൊലയും കൊള്ളിവെപ്പും കൊണ്ട് തന്റെ നാടിനെ തകർത്ത മൈസൂർ സർക്കാരിനെ പഴശ്ശി രാജാവിന് തീരെ വിശ്വാസം ആയിരുന്നില്ല.

1780ൽ പഴശ്ശി രാജാവ് ഇംഗ്ലീഷ് പ്രതിനിധിയുമായി ചർച്ച നടത്തിയപ്പോൾ ഒരു ആശയം മുന്നോട്ടു വച്ചു. അത് ഇങ്ങനെ - 

ഇംഗ്ലീഷ്കാർ കൂടുതൽ സേനകൾ കടൽ മാർഗം തലശ്ശേരിയിലേക്ക് അയക്കണം. അതിനു ശേഷം തലശ്ശേരിയുടെ കൊട്ടകവാടം തുറന്നു മൈസൂർ പടയെ നേരിട്ട് അക്രമിക്കണം. തലശ്ശേരിയിൽ ഉള്ള ഇംഗ്ലീഷ് - കോട്ടയം പട മൈസൂർ സേനയെ മുന്നിൽ നിന്ന് ആക്രമിക്കുമ്പോൾ അതേസമയം താൻ മൈസൂർ പടയെ പിന്നിൽ നിന്നും വലയം ചെയ്ത ശേഷം ആക്രമിക്കും. എല്ലാ ദിക്കിൽ നിന്നും ആക്രമിക്കപ്പെടുമ്പോൾ മൈസൂർ സേന ഛിന്നഭിന്നമാകും. അതോടെ തലശ്ശേരി ഉപരോധം അവസാനിക്കും. 

പക്ഷെ ഇംഗ്ലീഷ് നേതൃത്വം ഈ ധീരമായ നീക്കത്തിന് തയ്യാർ ആയിരുന്നില്ല. വളരെ അപകടം നിറഞ്ഞ ഒരു പദ്ധതിയാണ് ഇത് എന്നായിരുന്നു അവരുടെ പക്ഷം. പക്ഷെ ഉപരോധം രണ്ടു വർഷം പിന്നെയും നീണ്ടു പോയി. ഇതോടെ പഴശ്ശി രാജാവ് നിർദേശിച്ച പദ്ധതി നടപ്പിലാക്കാൻ ഇംഗ്ലീഷ്കാർ തീരുമാനിച്ചു. 

1782ൽ പഴശ്ശി രാജാവ് നിർദേശിച്ച പോലെ മൈസൂർ സേനയെ ഇംഗ്ലീഷ്-കോട്ടയം പട പ്രതിയാക്രമണത്തിനു ഇരയാക്കി. കനത്ത നാശം നേരിട്ടതിനു ശേഷം മൈസൂർ പട തകർന്നു തരിപ്പണമായി. മൈസൂർ സേനാനി സർദാർ ഖാൻ യുദ്ധത്തിൽ കൊല്ലപ്പെട്ടു. ബാക്കി വന്ന മൈസൂർ പട നിരുപാധികം കീഴടങ്ങി. 

പഴശ്ശി രാജാവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൈനീക വിജയമായിരുന്നു ഇത്. 

ഈ വിജയത്തിന്റെ ഭവിഷ്യത്ത് വളരെ വലുതായിരുന്നു.മൈസൂർ പരാജയത്തിന്റെ വാർത്ത പരന്നതോടെ മലബാറിൽ ഉടനീളം മൈസൂർ വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടു. മലബാറിന്റെ എല്ലായിടത്തു നിന്നും മൈസൂർ സാന്നിധ്യം തുടച്ചുനീക്കപെട്ടു. 1782ൽ കോട്ടയം വീണ്ടും സ്വതന്ത്രമായി. 8 വർഷത്തെ മൈസൂർ സാന്നിധ്യത്തെ കോട്ടയത്തെ നിന്നും പൂർണമായി പഴശ്ശി രാജാവ് തുടച്ചു നീക്കി. നാടുവിട്ടു പോയ രാമ വർമ്മയെ തിരികെ കൊണ്ടുവന്നു വീണ്ടും കോട്ടയം രാജാവാക്കി.

2. ആദ്യകാല ജീവിതം

അദ്ധ്യായം രണ്ട്
ആദ്യകാല ജീവിതം

1774ൽ കേരള വർമ കോട്ടയത്തിന്റെ നേതൃത്വം ഏറ്റെടുത്ത സമയം അദ്ദേഹത്തിന് പ്രായം 21 വയസ്സ്. ആരംഭം മുതൽ തന്നെ പഴശ്ശി കേരള വർമ ഏതു രീതിയിലും ഉള്ള വൈദേശിക ഭരണത്തിനും എതിരായിരുന്നു. ഒരു തികഞ്ഞ സ്വാതന്ത്ര്യ സ്നേഹിയും അഭിമാനിയും ആയിരുന്ന അദ്ദേഹം വൈദേശിക അക്രമണകാരിയോട് ഒരു തരത്തിലും സന്ധി പാടില്ല എന്ന നിലപാടായിരുന്നു.

വളരെ വേഗത്തിൽത്തന്നെ പഴശ്ശി കേരള വർമ്മ തന്റെ മഹത്വം തെളിയിച്ചു. നേരിട്ട് യുദ്ധം ചെയ്യാൻ മാത്രം ബലം കോട്ടയം പടയ്ക്ക് ഇല്ല എന്ന് മനസിലാക്കിയ അദ്ദേഹം മൈസൂർ പടയ്ക്ക് എതിരെ ഒളിപ്പോര് ആരംഭിച്ചു. കേരള വർമ സ്വയം ഒരു ഒന്നാം തരം      പോരാളിയായിരുന്നു. അതിൽ ഉപരി അസാമാന്യ ധൈര്യത്തിന്റെ ഉടമയും. പഴശ്ശി രാജാവ് യുദ്ധത്തിൽ തന്റെ പടയ്ക്ക് നേരിട്ട് നേതൃത്വം നൽകി. സ്വന്തം ജീവൻ തന്നെ പണയപ്പെടുത്തി അതിസാഹസീക പ്രവർത്തികൾ പലതും യുദ്ധഭൂമിയിൽ കാഴ്ചവെച്ചു കൊണ്ട് അദ്ദേഹം സ്വന്തം പടയാളികൾക്ക് ഉദാഹരണം കൊണ്ട് പ്രചോദനം നൽകി. രാജകീയമായ ആർഭാടങ്ങൾ എല്ലാം തന്നെ അദ്ദേഹം യുദ്ധകാലത്തു ഉപേക്ഷിച്ചു. ഒരു സാധാരണ പടയാളിയുടെ ജീവിത ശൈലി സ്വീകരിച്ചു. ഈ കാരണങ്ങളാൽ കേരള വർമ തന്റെ പ്രജകൾക്കും പടയാളികൾക്കും ഏറെ ആരാധ്യൻ ആയിരുന്നു. 

മറ്റു രാജാക്കന്മാരിൽ നിന്നും കേരളവർമയെ തരംതിരിച്ച ഒരു ഘടകം കീഴ്ജാതിക്കാരോടും ഗോത്രജനതയോടും ഉള്ള അദ്ദേഹത്തിന്റെ സമീപനമാണ്. താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി അദ്ദേഹം എന്നും പ്രവർത്തിച്ചിരുന്നു. എല്ലാ ജാതി-വർഗ്ഗത്തിൽ പെട്ട ജനങ്ങൾക്കും അന്തസ്സോടുകൂടി സമാധാനത്തിലും സമൃദ്ധിയിലും ജീവിക്കാൻ ഉള്ള അവകാശം ഉണ്ട് എന്ന അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അതിനാൽ തന്നെ സാധാരണകാരുടെയും പാവങ്ങളുടെയും ജീവിതം ദുരിതപൂർണമാക്കിയ മൈസൂർ പടയുടെ  കനത്ത നികുതി പിരിവും കൊള്ളയും മറ്റു അക്രമങ്ങളും പഴശ്ശി കേരളം വർമയെ രോഷം കൊള്ളിച്ചു. ഒരു ക്ഷത്രിയൻ എന്ന നിലയിൽ പ്രജാസംരക്ഷണം തന്റെ കർത്തവ്യമാണെന്നുംഅത് എന്ത് വില കൊടുത്തും താൻ നിർവഹിക്കുമെന്നും അദ്ദേഹം  തീരുമാനിച്ചു. മൈസൂർ പടയുടെ നികുതി പിരിവു കോട്ടയം പട വളരെ കാര്യക്ഷമമായി മുടക്കി. കോട്ടയത്തെ നിന്ന് ഒരു പണം പോലും നികുതി പിരിക്കുവാൻ മൈസൂർ സർക്കാരിന് സാധിച്ചില്ല. സാധാരണ ജനത്തെ സംരക്ഷിക്കാൻ പഴശ്ശി രാജാവ് എടുത്ത നടപടികൾ കാരണം അദ്ദേഹം പെട്ടന്ന് തന്നെ പ്രജകൾക്ക് പ്രിയങ്കരനായി. തങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറായ രാജാവിന് വേണ്ടി എന്തും ചെയ്യാനും അവരും ഒരുക്കമായി. 


രാജാവ് കോട്ടയം സേനയെ പുനർസംഘടിപ്പിച്ചു അതിനെ വനയുദ്ധത്തിനും ഒളിപ്പോരിനും സജ്ജമാക്കി. പുരളിമല, ആറളം, കണ്ണവം, വടക്കൻ വയനാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു സൈനീക കേന്ദ്രങ്ങൾ സ്ഥാപിച്ചു. ഇതിനു പുറമെ അദ്ദേഹം തന്റെ രാജ്യത്തിലെ എല്ലാ ജാതിയിൽ പെട്ട ആളുകൾക്കും ആയോധന പരിശീലനം നടത്തി അവരെ യുദ്ധത്തിന് തയ്യാറാക്കി. കോട്ടയം പടയിൽ നമ്പ്യാർമാർ, നായന്മാർ, തീയ്യന്മാർ, കുറിച്യർ, മുള്ളുക്കുറുമർ, വിശ്വകർമർ മുതലായ പല ജാതി വർഗ്ഗത്തിൽ പെട്ട പടയാളികൾ ഉണ്ടായിരുന്നു.

പിൽക്കാലത്തു രാജാവിന്റെ സേനാപതികൾ എന്ന നിലയ്ക്ക് പ്രസിദ്ധരായ കൈതേരി അമ്പു, കണ്ണവത്ത് ശങ്കരൻ, പഴയവീട്ടിൽ ചന്ദു എന്നിവർ ഈ കാലത്താണ് തങ്ങളുടെ രാഷ്ട്രീയ സൈനീക ജീവിതം പഴശ്ശി രാജാവിന്റെ സേവനത്തിൽ ആരംഭിക്കുന്നത്. 

അംഗസംഖ്യയിൽ മൈസൂർ പട കോട്ടയം പടയെക്കാൾ വളരെ അധികമായിരുന്നു. എങ്കിലും കേരള വർമ നേതൃത്വം ഏറ്റെടുത്ത ശേഷം മൈസൂർ പടയ്ക്ക് പല ഏറ്റുമുട്ടലുകളിലായി വമ്പിച്ച നാശം നേരിട്ടു. കോട്ടയത്തെ മൈസൂർ പട നടത്തുന്ന അക്രമത്തിനു കണ്ണിനു കണ്ണ്, പല്ലിന് പല്ല്, ജീവന് ജീവൻ എന്ന തോതിൽ കോട്ടയം പട പഴശ്ശി രാജാവിന്റെ നേതൃത്വത്തിൽ തിരിച്ചു അടിച്ചു കൊണ്ടേ ഇരുന്നു. നാല് വർഷത്തോളം ഈ ഒളിപ്പോര് തുടർന്നു. മൈസൂർ പടയെ പൂർണമായി ഒരു ദിവസം കോട്ടയത്തെ നിന്ന് തുരത്തി ഓടിക്കുവാൻ സാധിക്കും എന്ന വിശ്വാസത്തിൽ.

1. അവതാരിക

അധ്യായം ഒന്ന്  
അവതാരിക

1753 ജനുവരി മൂന്നിന് കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ മട്ടന്നൂരിനടുത്തു പഴശ്ശിയിലാണ് കേരളവർമ എന്ന പഴശ്ശി രാജാവ് ജനിച്ചത്. വടക്കൻ കേരളത്തിലെ ഒരു നാട്ടുരാജ്യമായ കോട്ടയത്തിലെ ഒരു രാജകുമാരനാണ് പഴശ്ശി രാജാവ്. 

ഈ കോട്ടയം തിരുവിതാംകൂറിലെ കോട്ടയം ജില്ലയല്ല.  ഈ കോട്ടയം കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനു സമീപത്താണ് സ്ഥിതി ചെയ്യുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭം ആകുമ്പോഴേക്കും ഈ നാട്ടുരാജ്യം ഇന്നത്തെ കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കും തലശ്ശേരി താലൂക്കിന്റെ ഉൾനാടൻ പ്രദേശവും വയനാട് ജില്ലാ മുഴുവനും നീലഗിരി ജില്ലയിലെ ഗുഡല്ലൂർ താലൂക്കും കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയും ഉൾപ്പെട്ടിരുന്നു. 

കോട്ടയം രാജവംശത്തിനെ പേര് പുറന്നാട്ടുകാര സ്വരൂപം എന്നാണ്. ഈ സ്വരൂപത്തിനു മൂന്നു തായ്‌വഴികൾ ഉണ്ട്  - പടിഞ്ഞാറേ കോവിലകം, കിഴക്കേ കോവിലകം, തെക്കേ കോവിലകം. പടിഞ്ഞാറേ കോവിലകത്തെ ഒരു അംഗമാണ് പഴശ്ശി രാജാവ്. ഈ കോവിലകം സ്ഥിതി ചെയ്യന്നത് മട്ടന്നൂരിന്റെ സമീപത്തുള്ള പഴശ്ശി എന്ന ദേശത്താണ്. അതിനാൽ പഴശ്ശി കോവിലകം എന്നും ഈ തായ്വഴി അറിയപ്പെടുന്നു. അങ്ങനെയാണ് പഴശ്ശി കേരളവർമ അഥവാ പഴശ്ശി രാജാവ് എന്ന പേര് വരുന്നത്. 

കണ്ണൂർ ജില്ലയിലാണ് ഈ നാട്ടുരാജ്യത്തിന്റെ ഉത്ഭവം. കണ്ണൂർ ജില്ലയിൽ കോട്ടയം രാജാക്കന്മാർ ഭരിച്ച പ്രദേശത്തെ പുറൈകീഴ്നാട് അഥവാ പുറനാട് എന്നാണ് (ഇന്നത്തെ തലശ്ശേരി ഇരിട്ടി താലൂക്കുകൾ) അറിയപ്പെടുന്നത്. ഹരിശ്ചന്ദ്ര പെരുമാളാണ് ഈ രാജവംശത്തിന്റെ സ്ഥാപകൻ എന്ന് പറയപ്പെടുന്നു. പന്ത്രണ്ട് നൂറ്റാണ്ടിനെ പഴക്കം എങ്കിലും ഈ രാജവംശത്തിനു കാണും. ആദ്യകാലത്തു ഇവർ അറിയപ്പെട്ടത് പുറൈകീഴ്നാട് തങ്ങൾമാർ എന്നാണ്. ഇവരുടെ ആദ്യ തലസ്ഥാനം മുഴക്കുന്ന് എന്ന സ്ഥലത്തായിരുന്നു. അവിടെയാണ് ഈ രാജവംശത്തിൻ്റെ  കുലദേവതയായ ശ്രീ പോർക്കലി ഭഗവതിയുടെ സ്ഥാനം. പിന്നീട് അവർ തലസ്ഥാനം ചാവശ്ശേരിയിലേക്കും പിന്നീട് കോട്ടയത്തേക്കും മാറ്റി.പാണ്ഡിത്യത്തിനും പരാക്രമത്തിനും പേര് കേട്ടവരായിരുന്നു കോട്ടയത്തെ രാജാക്കന്മാർ. 700 വർഷം മുൻപ് കോട്ടയം രാജാവ് വയനാട് കീഴടക്കി സ്വന്തം രാജ്യത്തിന്റെ വിസ്തൃതി രണ്ട് ഇരട്ടി വർധിപ്പിച്ചു. 

പഴശ്ശി രാജാവ് എന്നാണ് കേരളസിംഹം എന്ന് അറിയപ്പെടുന്ന കേരളവർമയെ വിളിക്കുന്നതെങ്കിലും അദ്ദേഹം ജീവിതത്തിൽ ഒരിക്കലും രാജാവ് ആയിരുന്നില്ല. രാജാവാകാൻ ശ്രമിച്ചതുമില്ല. ഇതിനു കാരണം അദ്ദേഹത്തെകാളും മുതിർന്ന പുരുഷന്മാർ കോട്ടയം രാജവംശത്തിൽ ഉണ്ടായിരുന്നു എന്നതാണ്. അദ്ദേഹം എന്നും അവകാശപെട്ടത് താൻ യഥാർത്ഥ രാജാവിന്റെ (അതായത് നാടുവിട്ട തന്റെ കാരണവരുടെ) പ്രതിനിധി മാത്രമാണ് എന്നാണ്.

പഴശ്ശി കേരളവർമയുടെ ജീവിതം മാറ്റിമറിച്ച സംഭവവികാസങ്ങളുടെ ആരംഭം 1766-ലാണ്. അന്ന് മൈസൂർ രാജാവ് ഹൈദർ അലി മലബാറിൽ പടയോട്ടം നടത്തി. കോട്ടയവും ആക്രമണത്തിന് ഇരയായി. കോട്ടയത്തിന്റെ പലഭാഗങ്ങളും മൈസൂർ നിയന്ത്രണത്തിൽ ആയി. പക്ഷെ 1767ൽ കോട്ടയം സേന പ്രത്യാക്രമണം നടത്തി. 2000 വരുന്ന കോട്ടയം പട 4000 വരുന്ന മൈസൂർ പടയെ പൂർണമായി പരാജയപ്പെടുത്തി. ഇത് 1766-1768 കാലത്തു മലബാറിൽ മൈസൂർ പട നേരിട്ട ഏറ്റവും വലിയ പരാജയമാണ്. നിയന്ത്രിക്കാൻ പറ്റാത്ത കലാപങ്ങൾ കാരണം 1768ൽ മൈസൂർ പട മലബാറിൽ നിന്നും പൂർണമായി പിന്മാറി.  

പക്ഷെ ഹൈദർ അലി വീണ്ടും 1774ൽ മലബാർ ആക്രമിച്ചു. മലബാറിലുള്ള തന്ടെ മുഖ്യ ശത്രുക്കളിൽ ഒന്നായി ഹൈദർ കണ്ടത് കോട്ടയത്തെയാണ്. അവിടെ വെച്ചാണല്ലോ മലബാറിൽ നേരിട്ട ഏറ്റവും വലിയ പരാജയം മൈസൂർ പടയ്ക്ക് സംഭവിച്ചത്. ഇത്തവണ ഹൈദർ കോട്ടയം ആക്രമിച്ചത് ഒറ്റയ്ക്കായിരുന്നില്ല. ഹൈദർ തന്റെ സാമന്തരായ ചിറക്കൽ രാജാവിന്റെയും കൊടക് രാജാവിന്റെയും സഹായം ആവശ്യപ്പെട്ടു. അവർ അതിനു തയ്യാറായിരുന്നു. ചിറക്കൽ രാജാവിന് പുറനാടും കൊടക് രാജാവിന് വയനാടും ഹൈദർ പതിച്ചു നൽകി. 

ഇത്രയും അധികം ശത്രുക്കളെ എങ്ങനെ ചെറുത്തു തോൽപിക്കും എന്നറിയാതെ കോട്ടയം രാജാവായ രവിവർമ തളർന്നു. വിജയസാധ്യത ഇല്ലന്ന് തീരുമാനിച്ചു അദ്ദേഹം തിരുവിതാംകൂറിലേക്കു നാടുവിട്ടു. മൈസൂർ പട കോട്ടയത്തിലെ സാധാരണ ജനങ്ങളുടെ മേൽ പലതരത്തിലുള്ള ക്രൂരകൃത്യങ്ങൾ വൻതോതിൽ ചെയ്തു. ഈ അവസരത്തിൽ ജനങ്ങൾക്ക് നേതൃത്വം കൊടുക്കുവാൻ വേണ്ടി പഴശ്ശി കോവിലകത്തെ ഒരു ഇളയ തമ്പുരാനായ കേരളവർമ രംഗത്ത് വന്നു. 

പഴശ്ശി രാജാവ് - ജീവചരിത്രം


പഴശ്ശി രാജാവ് - ജീവചരിത്രം

ഉള്ളടക്കം


1. അവതാരിക

2. ആദ്യകാല ജീവിതം

3. തലശ്ശേരി ഉപരോധം

4. കേരളം സിംഹം, മൈസൂർ കടുവ 

5. പഴയ സ്നേഹിതൻ അഥവാ പുതിയ ശത്രു

6. ഐതിഹാസികമായ അന്ത്യം 

7. പഴശ്ശി കേരള വർമ - ഒരു വിശകലനം