അദ്ധ്യായം അഞ്ച്
പഴയ സ്നേഹിതൻ അഥവാ പുതിയ ശത്രു
1790ൽ പഴശ്ശി രാജാവും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനയും തമ്മിലുള്ള ധാരണ പ്രകാരം ടിപ്പുവിന്റെ പരാജയത്തിന് ശേഷം കോട്ടയത്തിന്റെ സ്വാതന്ത്ര്യം കമ്പനി അംഗീകരിക്കാം എന്നായിരുന്നു. പക്ഷെ 1792ൽ ഇംഗ്ലീഷ്കാർ ഈ കരാർ ഏകപക്ഷീമായി റദ്ദ് ചെയ്തു. ഇതിനു പുറമെ കോട്ടയം ഇംഗ്ലീഷ് മേൽക്കോയ്മ അംഗീകരിക്കണം എന്നും കപ്പം നൽകണമെന്നും കോട്ടയത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇംഗ്ലീഷ്കാർക്ക് ഇടപെടാൻ അധികാരം വേണം എന്നും ആവശ്യപ്പെട്ടു.
ഈ അവസരത്തിൽ മറ്റു രണ്ടു അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായി. അതിൽ ഒന്ന് വീര വർമ്മ എന്ന കേരള വർമ്മയുടെ അമ്മാവന്റെ രംഗപ്രവേശം ആയിരുന്നു. എവിടെയും നുഴഞ്ഞു കയറാനും കുത്തിത്തിരിപ്പ് ഉണ്ടാകാനും ഉള്ള ഇയാളുടെ കഴിവ് അപാരമായിരുന്നു. ഇയാളെ കുറുമ്പ്രനാട് (ഇന്നത്തെ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്ക്) രാജകുടുംബം ദത്തെടുത്ത ശേഷം അവിടത്തെ രാജാവായി. പക്ഷെ കോട്ടയവും തന്റെ നിയന്ത്രണത്തിൽ ആകാൻ അയാൾ മോഹിച്ചു. ഇംഗ്ലീഷ്കാരുടെ വരവോടെ കോട്ടയം തന്റേതാക്കാൻ പറ്റും എന്ന് അയാൾ കണക്കുകൂട്ടി.
വീര വർമ്മ ഇംഗ്ലീഷ്കാരെ കണ്ടു. യഥാർത്ഥ രാജാവ് തിരുവിതാംകൂറിൽ ആയതുകൊണ്ട് രാജാവിന്റെ നേരെ ഇളയതായ താനാണ്. അതിനാൽ നാട്ടുനടപ്പ് പ്രകാരം തന്നെ വേണം കോട്ടയത്തിന്റെ ഭരണം ഏൽപ്പിക്കാൻ. പഴശ്ശി കേരള വർമ്മ തന്നെക്കാൾ എത്രയോ ഇളയത്തതാണ്. അതിനാൽ താൻ ഉള്ളപ്പോൾ കേരള വർമ്മ അധികാര സ്ഥാനത്തു തുടരുന്നത് ശരിയല്ല എന്നും വീര വർമ്മ കമ്പനിയെ ബോധ്യപ്പെടുത്തി. കമ്പനി ആവശ്യപ്പെടുന്ന കപ്പം കൊടുക്കാം എന്നും വാക്ക് കൊടുത്തു.
കമ്പനി വീര വർമ്മയുടെ ആവശ്യം അംഗീകരിച്ചു. കേരള വർമ്മയെ കറിവേപ്പില പോലെ അവർ ഒഴിവാക്കി. ഈ നീക്കം കോട്ടയത്തെ വ്യാപക പ്രേതിഷേധം ഉണ്ടാക്കി. മൈസൂർ ആക്രമണകാലത്തു നാടിനെയും ജനത്തെയും ഉപേക്ഷിച്ചു പോകാതെ ധീരമായി ശത്രുവിനോട് പൊരുതിയ കേരള വർമ്മ തന്നെ കോട്ടയം ഭരിക്കണം എന്നായിരുന്നു പൊതുജനാഭിപ്രായം.
മറ്റൊരു സംഭവം പഴശ്ശി രാജാവിന്റെ ഏറ്റവും പ്രധാനപ്പെട്ട സേനാനായകന്മാരിൽ ഒരാൾ ആയിരുന്നു പഴയവീട്ടിൽ ചന്ദു വീര വർമ്മയുടെ പക്ഷം ചേർന്നു. പണവും അധികാരവും സ്ഥാനവും ആയിരുന്നു അയാളുടെ ലക്ഷ്യം. വീര വർമ്മ ഇയാളെ തന്റെ പ്രധാന കാര്യകാരനായി നിയമിച്ചു. വീര വർമ്മയും പഴയവീട്ടിൽ ചന്ദുവും ചേർന്നു കോട്ടയത്തിൽ തങ്ങളുടെ ദുർഭരണം ആരംഭിച്ചു. പഴശ്ശി രാജാവ് കൊണ്ടുവന്ന ജനോപകാരപ്രദമായ എല്ലാ പദ്ധതികളും ഇവർ നിർത്തുവച്ചു.
കമ്പനിക്ക് വാഗ്ദാനം ചെയ്ത കപ്പം കൊടുക്കാനും സ്വന്തം കീശ നറക്കാനും വേണ്ടി അവർ നാട്ടിൽ കരംപിരിവിന്റെ പേരിൽ കൊള്ള നടത്തി. ഇതിനു വേണ്ടി ടിപ്പുവിന്റെ മുൻ പടയാളികളെയും കൊടുംകുറ്റവാളികളെയും ഇംഗ്ലീഷ് പടയെയും പഴയവീട്ടിൽ ചന്ദു നാട്ടിൽ ഇറക്കി. മുൻപ് മൈസൂർ പട നടത്തിയത് പോലുള്ള ഭീകരകൃത്യങ്ങൾ ഇവർ പണത്തിനായി ചെയ്യാൻ തുടങ്ങി.
1793ൽ പഴശ്ശി കേരള വർമ്മ തന്റെ രാജ്യത്തിനും പ്രജകൾക്കും വേണ്ടി വീണ്ടും യുദ്ധത്തിന്റെ പാത തിരഞ്ഞെടുത്തു. ഇംഗ്ലീഷ്കാർക്ക് വേണ്ടി ഭരിക്കുന്ന വീര വർമയുടെ ഭരണത്തെ ബഹിഷ്കരിക്കുവാൻ പഴശ്ശി രാജാവ് ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇതിനു പുറമെ ഒരു സമാന്തര സർക്കാർ രൂപീകരിക്കുകയും കോട്ടയത്തിൽ തന്റെ ഭരണം പുനരാരംഭിച്ചു. കരം പിരിക്കാൻ വരുന്ന വീര വർമയുടെ ആളുകളുമായി ജനങ്ങൾ പഴശ്ശി രാജാവിന്റെ പടയുടെ സഹായത്തോടെ ഏറ്റുമുട്ടി. 1793 നും 1796 നും ഇടയിൽ കോട്ടയത്ത് നിന്നും ഒരു രൂപപോലും നികുതി പിരിക്കാൻ ഇംഗ്ലീഷ് സർക്കാരിന് സാധിച്ചില്ല. വീര വർമ്മ തിരികെ കുറുംബ്രനാട്ടിലെക്ക് പോകണം എന്ന ആവശ്യം മരുമകൻ പഴശ്ശി കേരള വർമയും നാട്ടുകാരും ഉയർത്തി.
പഴശ്ശി രാജാവ് തങ്ങളുടെ മലബാറിലെ ഭരണത്തിന് തന്നെ ഒരു വലിയ ഭീഷണി ആകാൻ സാധ്യത ഉണ്ടെന്നു മനസ്സിൽ ആക്കിയ ഇംഗ്ലീഷ് സർക്കാർ അദ്ദേഹതെ പിടി കൂടാൻ തീരുമാനിച്ചു. രാജാവിനെ ബന്ധിയാക്കാൻ 300 വരുന്ന ഇംഗ്ലീഷ് പട 1796 ൽ പഴശ്ശി കോവിലകം ആക്രമിച്ചു. പക്ഷെ ഈ നീക്കം നേരത്തെ മനസിലാക്കിയ രാജാവ് മണത്തണയിലെ തന്റെ വനദുർഗ്ഗത്തിലേക്ക് നേരത്തെ തന്നെ രക്ഷപെട്ടു. രാജാവിനെ ചതിച്ചു ബന്ധിയാക്കാൻ വേണ്ടി വീര വർമ്മയും ഇംഗ്ലീഷ് ഉദ്യോഗസ്ഥരും അദ്ദേഹത്തെ ചർച്ചയ്ക്ക് രണ്ടു തവണ ക്ഷണിച്ചു. രണ്ടു പ്രാവശ്യവും രാജാവ് ആയിരത്തിനു മേലെ വരുന്ന തോക്കുധാരികളായ അംഗരക്ഷകന്മാരുടെ അകമ്പടിയോടെ വന്നതിനാൽ അവർക്ക് രാജാവിനെ ഒന്നും ചെയ്യാൻ പറ്റിയില്ല.
1797ൽ കോട്ടയം പടയും ഇംഗ്ലീഷ് പടയും തമ്മിൽ തുറന്ന യുദ്ധം ആരംഭിച്ചു. ആറ് മാസം കൊണ്ട് ഇരു പക്ഷവും തമ്മിൽ 100ൽ പരം ഏറ്റുമുട്ടലുകൾ നടന്നു. ഇംഗ്ലീഷ് പട ദയനീയമായി പരാജയപെട്ടു. അവർ നേരിട്ട ഏറ്റവും വലിയ പരാജയം പെരിയ ചുരത്തിൽവെച്ചായിരുന്നു. 1100 വരുന്ന ഒരു ഇംഗ്ലീഷ് പടയെ കോട്ടയം പട പതിയിരുന്നു ആക്രമിച്ചു. ഇംഗ്ലീഷ് പട പൂർണമായി തകർന്നു. ഇംഗ്ലീഷ് പടനായകന്മാർ കൊല്ലപ്പെട്ടു. ജീവനോടെ ബാക്കി വന്നത് ചുരുക്കം ചിലർ മാത്രം. ഇതിനു പുറമെ വടക്കൻ മലബാറിലെ മറ്റു ഇംഗ്ലീഷ് സേന ഘടകങ്ങളും പരാജയത്തിന്റെ വക്കിൽ ആയിരുന്നു. പരാജയം മുന്നിൽ കണ്ട ഇംഗ്ലീഷ് സർക്കാർ സന്ധി സംഭാഷണത്തിന് തയ്യാർ അയി. അപ്പോഴേക്കും ആ വർഷം 4000 വരുന്ന ഇംഗ്ലീഷ് പടയാളികൾ കോട്ടയം പടയുടെ കൈകൊണ്ടു പരലോകം പ്രാപിച്ചിരുന്നു.
ഗവർണ്ണർ ഡങ്കൻ 1797ൽ ഉത്കണ്ഡയോട് കൂടി എഴുതുകയുണ്ടായി –
"ടിപ്പു സുൽത്താൻ പോലും ഭയപ്പെട്ടു പോകും നമ്മുടെ സൈന്യത്തെ കണ്ടാൽ. പക്ഷെ കോട്ടയം രാജാവിനാകട്ടെ യാതൊരു കൂസലും ഇല്ല, ഒരു പക്ഷെ ചിറക്കലും കടത്തനാടും കുറുംബ്രനാടും കോട്ടയവും ഒന്നിച്ചു നമുക്ക് എതിരെ തിരിഞ്ഞാൽ ഇന്ത്യയിൽ ഉള്ള നമ്മുടെ മുഴുവൻ സൈന്യത്തെ രംഗത്ത് ഇറക്കിയാൽ പോലും ജയിച്ചു എന്ന് വരില്ല. ഈ ദേശങ്ങളുടെ ഭൂമിശാസ്ത്രവും നമുക്ക് അനുകൂലം അല്ല".
ചിറക്കൽ, കടത്തനാട്, കുറുമ്പ്രനാട് എന്നിവ കോട്ടയത്തിന്റെ അയൽ രാജ്യങ്ങൾ അന്ന്. ഇവ വടക്കൻ മലബാറിൽ സ്ഥിതി ചെയ്യുന്നു.
പഴശ്ശി രാജാവുമായി ചർച്ച നടത്താൻ ഇന്ത്യയിലെ ഏറ്റവും ഉന്നത ഇംഗ്ലീഷ് നേതാക്കൻമ്മാരായ ഗവർണ്ണർ ജോനാഥൻ ഡങ്കൻ ജനറൽ സ്റ്റുകാർഡ് എന്നിവർ തലശ്ശേരിയിലെത്തി. പഴശ്ശി രാജാവിന്റെ എല്ലാ ആവശ്യങ്ങളും അവർ അംഗീകരിച്ചു. വീര വർമ്മയെയും അയാളുടെ അനുചരന്മാരെയും കോട്ടയത്തിന്റെ ഭരണത്തിൽ നിന്ന് പുറത്താക്കി. പഴശ്ശി രാജാവിന്റെ ഒരു കാരണവരെ കോട്ടയം രാജാവാക്കി. പഴശ്ശി കേരളവർമയെ പാട്ടീൽ ആകാൻ 8000 രൂപ വാർഷിക പെൻഷൻ കൊടുക്കാനും കമ്പനി സമ്മതിച്ചു. പഴശ്ശി കേരള വർമയെ കൊണ്ടുള്ള ശല്യം തീർന്നു എന്ന് ഇംഗ്ലീഷ്കാർ ആശ്വസിച്ചു.
പക്ഷെ പഴശ്ശി രാജാവ് ഇംഗ്ലീഷ്കാരെ കോട്ടയത്തിൽ ഭരണം നടത്താനും കരംപിരിക്കാനും സമ്മതിച്ചില്ല. ഇംഗ്ലീഷ്കാർക്കോ പുതിയ രാജാവിനോ കോട്ടയത്തിൽ ഒരു നിയന്ത്രണവും കോട്ടയത്തിൽ ഉണ്ടായിരുന്നില്ല. പഴശ്ശി കേരള വർമ സ്വന്തം ഇഷ്ടപ്രകാരം രാജ്യം ഭരിക്കുമ്പോൾ നിസ്സഹായരായി നോക്കാൻ മാത്രമേ ഇംഗ്ലീഷ് സർക്കാരിന് കഴിഞ്ഞുള്ളു. ഇംഗ്ലീഷ് ആജ്ഞകൾക്ക് പുല്ലുവില പോലും പഴശ്ശി രാജാവോ കോട്ടയം ജനത യോ കല്പിച്ചില്ല. 1799 വരെ ഈ അവസ്ഥ തുടർന്നു.
No comments:
Post a Comment