അദ്ധ്യായം മൂന്ന്
തലശ്ശേരി ഉപരോധം
മൈസൂർ പടയ്ക്കെതിരെ യുദ്ധം നടത്തിയ കാലത്ത് പഴശ്ശി രാജാവ് തലശ്ശേരി കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി സഖ്യത്തിലായിരുന്നു. ഈ സഖ്യം 1792വരെ നീണ്ടുനിന്നു.
ഈ കാരണത്താൽ ചിലർ പഴശ്ശി രാജാവിനെ വിമർശിച്ചിട്ടുണ്ട്. ഒരു ഇന്ത്യൻ രാജാവായ ഹൈദർ അലിക്കെതിരെയും അയാളുടെ പിൻഗാമി ടിപ്പു സുൽത്താന് എതിരെയും ഇംഗ്ലീഷ്കാരുമായി സഖ്യത്തിൽ ഏർപ്പെട്ടു യുദ്ധം ചെയ്ത പഴശ്ശി രാജാവ് ഒരു മഹാപാപിയാണ് എന്നാണ് അവർ ഉന്നയിക്കുന്ന ആരോപണം.
പക്ഷെ ഈ ആരോപണം അടിസ്ഥാനരഹിതമാണ്. 1792നു മുൻപ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി യാതൊരുതരത്തിലും മലബാർ കീഴ്പെടുത്താനോ മലബാറിലെ ജനത്തെ ദ്രോഹിക്കുവാനും ശ്രമിച്ചിരുന്നില്ല. പക്ഷെ 1774 മുതൽ 1792 വരെ മൈസൂർ പട പല തരം അതിക്രമങ്ങളും മലബാറിൽ നടപ്പാക്കിയിരുന്നു.
മലബാറിലെ ജനതയുടെ നന്മ മൈസൂർ സർക്കാരിന്റെ ലക്ഷ്യം ആയിരുന്നില്ല. അവരുടെ ലക്ഷ്യം മലബാറിനെ ഒരു വരുമാന ശ്രോതസ്സാക്കി മാറ്റുക എന്നത് മാത്രം ആയിരുന്നു. ഹൈദറും പിന്നീട് ടിപ്പുവും ഇംഗ്ലീഷ്കാർക്കെതിരെ യുദ്ധം ചെയ്തതിന് കാരണം ഈസ്റ്റ് ഇന്ത്യ കമ്പനി ദക്ഷിണ ഭാരതം കീഴടക്കാനുള്ള ഹൈദറിന്റെയും ടിപ്പുവിന്റെയും പദ്ധതിയ്ക്ക് തടസ്സം സൃഷ്ടിച്ചു എന്നതാണ്. അല്ലാതെ ഇന്ത്യയോടുള്ള സ്നേഹം കൊണ്ടായിരുന്നില്ല. എല്ലാത്തിനും ഉപരി ഹൈദർ അലിയും ടിപ്പുവും ഇന്ത്യൻ വംശജർ ആയിരുന്നില്ല. അവർ ഭരിച്ചത് പ്രധാനമായും കർണാടകം ആയിരുന്നു. എങ്കിലും സ്വയം ഒരിക്കലും കന്നഡിഗരായി അവർ കണ്ടിരുന്നില്ല.
മൈസൂരിന്റെ ശത്രു ആയതുകൊണ്ട് അവരുമായി പഴശ്ശി രാജാവിനെ പോലുള്ള മലബാർ നേതാക്കന്മാർ സഹകരിച്ചത് 'ശത്രുവിന്റെ ശത്രു മിത്രം' എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു. ഇംഗ്ലീഷ് മേൽക്കോയ്മ സ്വീകരിക്കുക എന്ന ഉദ്ദേശം പഴശ്ശി രാജാവിന് ഒരിക്കലും ഉണ്ടായിരുന്നില്ല.
തലശ്ശേരി അന്ന് ഒരു ഇംഗ്ലീഷ് താവളമായിരുന്നു. തലശ്ശേരി സുശക്തമായ കൊട്ടകളാൽ ചുറ്റപ്പെട്ട ഒരു തുറമുഖ നഗരമായിരിന്നു. ഇതിനു പുറമെ പശ്ചിമ ഇന്ത്യൻ തീരത്തെ ഒരു പ്രധാന ഇംഗ്ലീഷ് സൈനീക നാവിക കേന്ദ്രവുംകൂടിയായിരുന്നു. മലബാറിലെ കലാപകാരികൾ പലപ്പോഴായി അഭയം പ്രാപിച്ചത് തലശ്ശേരിയിൽ ആയിരുന്നു. കലാപകാരികൾ യുദ്ധത്തിന് ആവശ്യവുമായ വെടിമരുന്നും തിരയും വാങ്ങിയത് തലശ്ശേരിയിലെ ഇംഗ്ലീഷ് വ്യാപാരിമാരിൽ നിന്നായിരുന്നു. ഹൈദറിനോട് വിരോധം ഉണ്ടായിരുന്ന ഇംഗ്ലീഷ്കാർ രഹസ്യമായി കലാപകാരികൾക്ക് എല്ലാവിധ ഒത്താശകളും ചെയ്തുകൊടുക്കുകയും ചെയ്തു.
ഹൈദർ അലി ഇംഗ്ലീഷ്കാരുമായി രണ്ടാമത് യുദ്ധത്തിന് ഒരുങ്ങുന്ന കാലം. ദക്ഷിണ ഭാരതം കീഴടക്കുക എന്നതാണ് ഹൈദരുടെ ലക്ഷ്യം. ഇതിനിടെ ഭാഗമായി വടക്കൻ മലബാറിലെ ഇംഗ്ലീഷ് കേന്ദ്രമായ തലശ്ശേരി പിടിച്ചെടുക്കാൻ ഹൈദർ പദ്ധതി ഒരുക്കി. തലശ്ശേരി തന്റെ അധീനതയിൽ വന്നാൽ പഴശ്ശി രാജാവിനെ പോലുള്ള കലാപകാരികളെ തകർക്കാൻ വേഗത്തിൽ പറ്റും എന്നും ഹൈദർ കണക്കുകൂട്ടി.
ഹൈദർ അലി തന്റെ സാമന്തനായ ചിറക്കൽ രാജാവിനോട് തലശ്ശേരി ഉപരോധിക്കാൻ ആജ്ഞ കൊടുത്തു. ചിറക്കൽ പട തലശ്ശേരി വളഞ്ഞു. വർഷം 1778. ഇംഗ്ലീഷ്കാർ ഈ അവസരത്തിൽ നന്നേ ദുർബലർ ആയതു കൊണ്ട് അവർ പഴശ്ശി രാജാവിന്റെ സഹായം അഭയാർത്ഥിച്ചു. തലശ്ശേരി മൈസൂർ അധീനതയിൽ ആകുന്നതിൽ പഴശ്ശി രാജാവിന് ഉത്കണ്ഡ ഉണ്ടായിരുന്നു. അതിനാൽ അദ്ദേഹം ഇംഗ്ലീഷ്കാരെ സഹായിക്കാൻ തീരുമാനിച്ചു. കോട്ടയം പട ചിറക്കൽ പടയെ രണ്ടു ഏറ്റുമുട്ടലുകളിൽ ആയി പരാജയപ്പെടുത്തി ഓടിച്ചു.
1779ൽ ഒരു മൈസൂർ പട തന്നെ തലശ്ശേരി പിടിച്ചെടുക്കാൻ മലബാറിൽ വന്നു. ചിറക്കൽ പട അവരുടെ ഭാഗം ചേർന്നു. കടത്തനാട്ടിൽ ഒരു വിഭാഗം മൈസൂർ പടയുടെ ഭാഗം ചേർന്നപ്പോൾ മറ്റൊരു വിഭാഗം പഴശ്ശി രാജാവിന്റെ പക്ഷം ചേർന്നു. ഏതാനും നൂറുകണക്കിന് മാത്രമേ പടയാളികൾ ഇംഗ്ലീഷ്കാർക്ക് ഉണ്ടായിരുന്നുള്ളു. മൈസൂർ പക്ഷത്തു 20,000 വരുന്ന പടയും. തലശ്ശേരിയുടെ പതനം ആസന്നം എന്ന ഘട്ടം എത്തിക്കഴിഞ്ഞു.
ഈ നിർണായക നിമിഷത്തിൽ പഴശ്ശി രാജാവ് 2000 വരുന്ന ഒരു പടയെ ഇംഗ്ലീഷ്കാരെ സഹായിക്കുവാൻ അയച്ചു. ഇവർ വടകരക്കടുത്ത മുട്ടങ്കൾ (കൈനാട്ടി) ഉള്ള മൈസൂർ കോട്ട പിടിച്ചടക്കി. പ്രത്യാക്രമണം നടത്തിയ മറ്റൊരു മൈസൂർ പടയെ ഇതേ സ്ഥലത്തു വെച്ച് 500 വരുന്ന കോട്ടയം പട വൻ നാശം വിതച്ച ശേഷം പരാജയപ്പെടുത്തി.
ഈ അവസരത്തിൽ തലശ്ശേരിയിൽ ഭക്ഷണക്ഷാമം വന്നു. പഴശ്ശി രാജാവ് വീണ്ടും തലശ്ശേരിയുടെ രക്ഷകനായി എത്തി. പിടിച്ചുനിൽക്കാൻ ആവശ്യമായ ധാന്യം അദ്ദേഹം തലശ്ശേരിയിലേക്ക് അയച്ചുകൊടുക്കത്. 1000ത്തോളം കോട്ടയം പടയാളികൾ തലശ്ശേരിയിൽ എത്തി. ഇവരും ഇംഗ്ലീഷ് പടയും ചേർന്നു തലശ്ശേരിയെ നാലിരട്ടി വരുന്ന മൈസൂർ സേനയുടെ ആക്രമണങ്ങളിൽ നിന്ന് പ്രതിരോധിച്ചു. 1782 വരെ തലശ്ശേരിയെ രക്ഷിക്കാൻ ജീവൻ മരണ സമരം അവർ നടത്തി.
1779ൽ കോട്ടയം പട കൽപ്പറ്റയിൽ വെച്ച് 2000 വരുന്ന കൊടക പടയെ തകർത്തു തരിപ്പണമാക്കി. വയനാട് ഇതോടെ പൂർണമായി സ്വതന്ത്രമായി. ഈ അവസരത്തിൽ തലശ്ശേരി ഉപരോധിച്ച മൈസൂർ പടയുടെ സേനാനി സർദാർ ഖാൻ പഴശ്ശി രാജാവിനെ തന്റെ പക്ഷത്ത് കൊണ്ടുവരാൻ ശ്രമിച്ചു. പക്ഷെ ചർച്ച പൂർണമായി പരാജയപെട്ടു. സർദാർ ഖാന്റെ പ്രലോഭനത്തിൽ പഴശ്ശി രാജാവ് വീണില്ല. കൊള്ളയും കൊലയും കൊള്ളിവെപ്പും കൊണ്ട് തന്റെ നാടിനെ തകർത്ത മൈസൂർ സർക്കാരിനെ പഴശ്ശി രാജാവിന് തീരെ വിശ്വാസം ആയിരുന്നില്ല.
1780ൽ പഴശ്ശി രാജാവ് ഇംഗ്ലീഷ് പ്രതിനിധിയുമായി ചർച്ച നടത്തിയപ്പോൾ ഒരു ആശയം മുന്നോട്ടു വച്ചു. അത് ഇങ്ങനെ -
ഇംഗ്ലീഷ്കാർ കൂടുതൽ സേനകൾ കടൽ മാർഗം തലശ്ശേരിയിലേക്ക് അയക്കണം. അതിനു ശേഷം തലശ്ശേരിയുടെ കൊട്ടകവാടം തുറന്നു മൈസൂർ പടയെ നേരിട്ട് അക്രമിക്കണം. തലശ്ശേരിയിൽ ഉള്ള ഇംഗ്ലീഷ് - കോട്ടയം പട മൈസൂർ സേനയെ മുന്നിൽ നിന്ന് ആക്രമിക്കുമ്പോൾ അതേസമയം താൻ മൈസൂർ പടയെ പിന്നിൽ നിന്നും വലയം ചെയ്ത ശേഷം ആക്രമിക്കും. എല്ലാ ദിക്കിൽ നിന്നും ആക്രമിക്കപ്പെടുമ്പോൾ മൈസൂർ സേന ഛിന്നഭിന്നമാകും. അതോടെ തലശ്ശേരി ഉപരോധം അവസാനിക്കും.
പക്ഷെ ഇംഗ്ലീഷ് നേതൃത്വം ഈ ധീരമായ നീക്കത്തിന് തയ്യാർ ആയിരുന്നില്ല. വളരെ അപകടം നിറഞ്ഞ ഒരു പദ്ധതിയാണ് ഇത് എന്നായിരുന്നു അവരുടെ പക്ഷം. പക്ഷെ ഉപരോധം രണ്ടു വർഷം പിന്നെയും നീണ്ടു പോയി. ഇതോടെ പഴശ്ശി രാജാവ് നിർദേശിച്ച പദ്ധതി നടപ്പിലാക്കാൻ ഇംഗ്ലീഷ്കാർ തീരുമാനിച്ചു.
1782ൽ പഴശ്ശി രാജാവ് നിർദേശിച്ച പോലെ മൈസൂർ സേനയെ ഇംഗ്ലീഷ്-കോട്ടയം പട പ്രതിയാക്രമണത്തിനു ഇരയാക്കി. കനത്ത നാശം നേരിട്ടതിനു ശേഷം മൈസൂർ പട തകർന്നു തരിപ്പണമായി. മൈസൂർ സേനാനി സർദാർ ഖാൻ യുദ്ധത്തിൽ കൊല്ലപ്പെട്ടു. ബാക്കി വന്ന മൈസൂർ പട നിരുപാധികം കീഴടങ്ങി.
പഴശ്ശി രാജാവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൈനീക വിജയമായിരുന്നു ഇത്.
ഈ വിജയത്തിന്റെ ഭവിഷ്യത്ത് വളരെ വലുതായിരുന്നു.മൈസൂർ പരാജയത്തിന്റെ വാർത്ത പരന്നതോടെ മലബാറിൽ ഉടനീളം മൈസൂർ വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടു. മലബാറിന്റെ എല്ലായിടത്തു നിന്നും മൈസൂർ സാന്നിധ്യം തുടച്ചുനീക്കപെട്ടു. 1782ൽ കോട്ടയം വീണ്ടും സ്വതന്ത്രമായി. 8 വർഷത്തെ മൈസൂർ സാന്നിധ്യത്തെ കോട്ടയത്തെ നിന്നും പൂർണമായി പഴശ്ശി രാജാവ് തുടച്ചു നീക്കി. നാടുവിട്ടു പോയ രാമ വർമ്മയെ തിരികെ കൊണ്ടുവന്നു വീണ്ടും കോട്ടയം രാജാവാക്കി.
No comments:
Post a Comment