അദ്ധ്യായം നാല്
കേരളം സിംഹം, മൈസൂർ കടുവ
1784ൽ ഹൈദർ മരിച്ചു. മകൻ ടിപ്പു മൈസൂർ രാജാവായി.
കോട്ടയം സ്വന്തന്ത്ര്യം വീണ്ടെടുത്ത് രണ്ട് വർഷം കഴിഞ്ഞു. ഈ അവസരത്തിൽ കോട്ടയത്തിനു പുതിയ ഭീഷണിയായി ടിപ്പു രംഗ പ്രവേശം ചെയ്തു. കോട്ടയം മൈസൂർ മേൽക്കോയ്മ അംഗീകരിക്കണമെന്നും വാർഷീക കപ്പം നൽകണം എന്നും ആവശ്യപ്പെട്ടു. ഒരു ഭാരിച്ച തുക തന്നെ കപ്പം വേണമെന്ന് മൈസൂർ സർക്കാർ തീരുമാനിച്ചു. കൊടുക്കാം എന്ന് രവിവർമ രാജാവ് സമ്മതിച്ചു.
രവിവർമയുടെ ഈ തീരുമാനം കടുത്ത പ്രതിഷേധം കോട്ടയത്തിലെ ജനങ്ങൾക്കിടയിൽ ഉണ്ടാക്കി. മൈസൂർ സർക്കാർ ആവശ്യപ്പെട്ട കപ്പം കൊടുക്കണമെങ്കിൽ കർഷകരുടെ മേൽ വൻനികുതി ഭാരം അടിച്ചേൽപ്പിക്കേണ്ടി വരും. ഈ വേളയിൽ പഴശ്ശി രാജാവ് വീണ്ടും രംഗത്ത് വന്നു. സാധാരണക്കാരെയും പാവങ്ങളെയും കഷ്ട്ടപ്പെടുത്തി കൊണ്ട് മൈസൂരിന്റെ ആവശ്യം നിറവേറ്റണ്ട ആവശ്യം കോട്ടയത്തിനു ഇല്ല എന്നും ആവശ്യമെങ്കിൽ കപ്പം പിരിക്കാൻ വന്ന മൈസൂർ പടയെ ആയുധം കൊണ്ട് നേരിടാനും തയ്യാർ ആകണമെന്നും പഴശ്ശി രാജാവ് ജനത്തോടു ആഹ്വാനം ചെയ്തു.
1785ൽ മൈസൂർ സർക്കാരിന്റെ നികുതി നയം മലബാറിൽ ഉടനീളം കലാപം ഉണ്ടാകാൻ കാരണമായി. പഴശ്ശി രാജാവിന്റെ നേതൃത്വത്തിൽ കോട്ടയത്തിൽ ഉടനീളം കലാപവും ഒളിപ്പോരും പൊട്ടിപ്പുറപ്പെട്ടു. കലാപം അടിച്ചമർത്താൻ ടിപ്പു സേനയെ അയച്ചെങ്കിലും കോട്ടയം പടയ്ക്ക് മേൽ വിജയം നേടാൻ അവർക്ക് സാധിച്ചില്ല. ഈ അവസരത്തിൽ കോട്ടയം രാജാവ് രവിവർമ വീണ്ടും ഒരു അബദ്ധം ചെയ്തു. 1786ൽ രവിവർമ ടിപ്പു സുൽത്താനുമായി ചർച്ചചെയ്യാൻ കൊടകിൽ പോയി. അവിടെ വെച്ച് വയനാട് മൈസൂറിന് വിട്ടുകൊടുക്കാൻ ടിപ്പു രവിവർമയെ നിർബന്ധിതനാക്കി. പഴശ്ശി രാജാവ് ഈ നടപടിയെ എതിർത്തു. 1787ൽ വയനാട്ടിൽ ഉടനീളം കോട്ടയം പട ഒളിപ്പോര് ആരംഭിച്ചു.
1788ൽ ടിപ്പു സുൽത്താൻ നേരിട്ട് മലബാറിലേക്ക് വന്നു. പക്ഷെ ടിപ്പുവിന്റെ മതഭ്രാന്തും വ്യാപക നിർബന്ധിത മത പരിവർത്തനം എന്ന നയവും മലബാറിൽ കലാപത്തെ കൂടുതൽ ആളികത്തിച്ചു. ക്രുദ്ധൻ ആയ സുൽത്താൻ ഒരു വലിയ പടയെ മലബാറിലേക്ക് അയച്ചു. ആര് എതിർക്കുന്നുവോ അവരെയെല്ലാം കൊന്നൊടുക്കുവാനും ആജ്ഞ നൽകി. എന്നിട്ടും മലബാറിൽ കലാപം തുടർന്നു. കോട്ടയത്തെ പഴശ്ശി രാജാവ്, കോഴിക്കോട്ടെ കൃഷ്ണ വർമ്മ, രവി വർമ്മ, ഏറനാട്ടിലെ മഞ്ചേരി അത്തൻ ഗുരുക്കൾ മുതാലയ നേതാക്കന്മാരുടെ നേതൃത്വത്തിൽ ജനകീയ ചെറുത്തുനിൽപ്പ് ശക്തമായി തന്നെ തുടർന്നു.
1789ൽ ടിപ്പു വീണ്ടും മലബാർ ആക്രമിച്ചു. ഇത്തവണ ഒരു പടുകൂറ്റൻ പടയുടെ കൂടെ ആയിരുന്നു വരവ്. ഇവർ ചെയ്ത പൈശാചിക കൃത്യങ്ങൾക്ക് കണക്കില്ല. ക്രൂരതയും നിർബന്ധിത മതപരിവർത്തനവും ഭയന്ന് ചിലർ നാടുവിട്ട് തിരുവിതാംകൂറിൽ അഭയം പ്രാപിച്ചു. ഭൂരിപക്ഷം ജനങ്ങളും വനങ്ങളിലേക്കും പർവ്വതങ്ങളിലേക്കും പലായനം ചെയ്തു. പക്ഷെ ധീരന്മാരായ നേതാന്ക്കന്മാർ നാടുവിടാതെ മൈസൂർ പടയ്ക്കെതിരെ നിരന്തരം ചെറുത്തുനിൽപ്പ് നടത്തി. ഇവരിൽ പഴശ്ശി രാജാവ് പ്രധാനി ആയിരുന്നു.
1789ൽ ടിപ്പു കോട്ടയം ആക്രമിച്ചു. ശത്രുഭയം കൊണ്ട് രവിവർമ്മ രാജാവ് വീണ്ടും തിരുവിതാംകൂറിലേക്കു രക്ഷപെട്ടു. പഴശ്ശി രാജാവ് രാജ്യത്തിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തു. പഴശ്ശി രാജാവിന്റെ നേതൃത്വത്തിൽ കോട്ടയം പട മൈസൂർ പടയുമായി നിരന്തരം ഒളിപ്പോരിൽ ഏർപ്പെട്ടു. മൈസൂർ പടയ്ക്ക് കനത്ത നാശനഷ്ടങ്ങൾ നേരിടേണ്ടിവന്നു. ഒടുവിൽ ടിപ്പു കോട്ടയത്തിലെ തന്റെ സേനയുടെ നേതൃത്വം പട നായകന്മാരെ ഏൽപിച്ചു തിരിച്ചു പോയി.
പ്രത്യാക്രമണത്തിന്റെ ഭാഗമായി മൈസൂരിന്റെ പടിഞ്ഞാറൻ പ്രവിശ്യകൾ കോട്ടയം പട എടച്ചേന കുങ്കന്റെ നേതൃത്വത്തിൽ ആക്രമിച്ചു കൊള്ളയടിച്ചു. ഈ പ്രദേശത്തെ സുൽത്താന്റെ ഭരണത്തെ തന്നെ ഈ മിന്നൽ ആക്രമങ്ങൾ ഇല്ലാതാക്കി. വായനാടിന്റെയും കർണാടകത്തിലെ നഞ്ചങ്കോടിന്റെയും ഇടയിൽ വരുന്ന ഭൂമിയുടെ മേൽ പഴശ്ശി രാജാവ് അവകാശം ഉന്നയിക്കുകയും ചെയ്തു.
1790ൽ ടിപ്പു സുൽത്താനും ഈസ്റ്റ് ഇന്ത്യ കമ്പനയും തമ്മിൽ മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധം ആരംഭിച്ചു. ഇംഗ്ലീഷ്കാർ പഴശ്ശി രാജാവടക്കമുള്ള മലബാർ നേതാക്കന്മാരോട് ബ്രിട്ടീഷ് പക്ഷത്തു ചേരാൻ അഭ്യർത്ഥിച്ചു. ബ്രിട്ടീഷ് വിജയം യുദ്ധത്തിൽ ഉണ്ടാകുന്ന പക്ഷം മലബാറിലെ നാട്ടുരാജ്യങ്ങളുടെ സ്വാതന്ത്ര്യം ഈസ്റ്റ് ഇന്ത്യ കമ്പനി അംഗീകരിക്കും എന്നും വാക്ക് കൊടുത്തു.
സ്വന്തം സ്വാതന്ത്ര്യം വീണ്ടെക്കാനും ടിപ്പുവിനോട് പ്രതികാരം ചെയ്യാനും ലഭിച്ച ഈ അവസരം പഴശ്ശി രാജാവ് പാഴാക്കിയില്ല. 1790-91 കാലത്തു കോട്ടയം പട പഴശ്ശി രാജാവിന്റെ നേതൃത്വത്തിൽ മൈസൂർ പടയുമായി തുറന്ന യുദ്ധം ആരംഭിച്ചു. മൈസൂർ പടയെ കതിരൂരിൽവെച്ചും കണ്ണൂരിൽവെച്ചും ഏറ്റുമുട്ടലിൽ പരാജയപ്പെടുത്താൻ പഴശ്ശി രാജാവിന്റെ നേതൃത്വത്തിലെ കോട്ടയം സേന ഇംഗ്ലീഷ്കാരെ സഹായിച്ചു. ഇതിനു ശേഷം കോട്ടയത്തുണ്ടായിരുന്ന മൈസൂർ സേനകളെ മുഴുവൻ പരാജയപ്പെടുത്തി കോട്ടയത്തിന്റെ പുറനാട് ഭാഗം സ്വതന്ത്രമാക്കി. പക്ഷെ വയനാട്ടിൽ കോട്ടയം പടയും മൈസൂർ പടയും തമ്മിൽ യുദ്ധം 1793 വരെ തുടർന്ന്. 1793ൽ മൈസൂർ പടയെ പൂർണമായും വയനാട്ടിൽ നിന്ന് തുരത്തി.
ടിപ്പുവിന്റെ പട കോട്ടയത്തിന്റെ പല ഭാഗങ്ങളും പൂർണമായി നശിപ്പിച്ചു മാനുഷയവാസയോഗ്യം അല്ലാതാക്കിയിരുന്നു. കോട്ടയം ജനത കടുത്ത യാതനകൾ അനുഭവിക്കേണ്ടതായി വന്നു. ഈ പ്രശ്നം പ്രജാവത്സലനായ പഴശ്ശി രാജാവിനെ അലട്ടി. അതിനാൽ തന്നെ ജനജീവിതം പൂര്വസ്ഥിതിയിൽ ആക്കുന്നതിനു വേണ്ടി 1791ൽ തന്നെ രാജാവ് ബ്രിഹത്തായ ഒരു പുനർനിർമാണ പദ്ധതി ആരംഭിച്ചു. തന്റെ പ്രജകളോട് വനങ്ങൾ വിട്ട് തിരികെ സ്വന്തം ഗ്രാമങ്ങളിലേക്ക് പോകാനും കൃഷി പുനരാരംഭിക്കുവാനും ആവശ്യപ്പെട്ടു. പലർക്കും തങ്ങളുടെ എല്ലാം മൈസൂർ പട വരുത്തിയ കെടുതിയിൽ നഷപെട്ടു എന്ന വസ്തുത അറിയാമായിരുന്ന രാജാവ് അവർക്ക് സൗജന്യമായി പണിആയുധങ്ങൾ, വിത്ത്, തൈകൾ, കന്നുകാലി എന്നിവ വിതരണം ചെയ്തു.
ശിഷ്ടകാലം തനിക്കും തന്റെ പ്രജകൾക്കും സമാധാനത്തിൽ കഴിയാം എന്ന് അദ്ദേഹം പ്രതിയാശിച്ചു. പക്ഷെ ദൗർഭാഗ്യം എന്ന് പറയട്ടെ, പ്രശ്നങ്ങളുടെ ഒരു ഘോഷയാത്ര തന്നെ വൈകാതെ വന്നു. സമാധാനത്തിൽ ജീവിക്കാനുള്ള യോഗം പഴശ്ശി കേരള വർമ്മയ്ക്ക് ഉണ്ടായിരുന്നില്ല.
No comments:
Post a Comment