അധ്യായം ഒന്ന്
അവതാരിക
1753 ജനുവരി മൂന്നിന് കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ മട്ടന്നൂരിനടുത്തു പഴശ്ശിയിലാണ് കേരളവർമ എന്ന പഴശ്ശി രാജാവ് ജനിച്ചത്. വടക്കൻ കേരളത്തിലെ ഒരു നാട്ടുരാജ്യമായ കോട്ടയത്തിലെ ഒരു രാജകുമാരനാണ് പഴശ്ശി രാജാവ്.
ഈ കോട്ടയം തിരുവിതാംകൂറിലെ കോട്ടയം ജില്ലയല്ല. ഈ കോട്ടയം കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനു സമീപത്താണ് സ്ഥിതി ചെയ്യുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭം ആകുമ്പോഴേക്കും ഈ നാട്ടുരാജ്യം ഇന്നത്തെ കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കും തലശ്ശേരി താലൂക്കിന്റെ ഉൾനാടൻ പ്രദേശവും വയനാട് ജില്ലാ മുഴുവനും നീലഗിരി ജില്ലയിലെ ഗുഡല്ലൂർ താലൂക്കും കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയും ഉൾപ്പെട്ടിരുന്നു.
കോട്ടയം രാജവംശത്തിനെ പേര് പുറന്നാട്ടുകാര സ്വരൂപം എന്നാണ്. ഈ സ്വരൂപത്തിനു മൂന്നു തായ്‌വഴികൾ ഉണ്ട് - പടിഞ്ഞാറേ കോവിലകം, കിഴക്കേ കോവിലകം, തെക്കേ കോവിലകം. പടിഞ്ഞാറേ കോവിലകത്തെ ഒരു അംഗമാണ് പഴശ്ശി രാജാവ്. ഈ കോവിലകം സ്ഥിതി ചെയ്യന്നത് മട്ടന്നൂരിന്റെ സമീപത്തുള്ള പഴശ്ശി എന്ന ദേശത്താണ്. അതിനാൽ പഴശ്ശി കോവിലകം എന്നും ഈ തായ്വഴി അറിയപ്പെടുന്നു. അങ്ങനെയാണ് പഴശ്ശി കേരളവർമ അഥവാ പഴശ്ശി രാജാവ് എന്ന പേര് വരുന്നത്.
കണ്ണൂർ ജില്ലയിലാണ് ഈ നാട്ടുരാജ്യത്തിന്റെ ഉത്ഭവം. കണ്ണൂർ ജില്ലയിൽ കോട്ടയം രാജാക്കന്മാർ ഭരിച്ച പ്രദേശത്തെ പുറൈകീഴ്നാട് അഥവാ പുറനാട് എന്നാണ് (ഇന്നത്തെ തലശ്ശേരി ഇരിട്ടി താലൂക്കുകൾ) അറിയപ്പെടുന്നത്. ഹരിശ്ചന്ദ്ര പെരുമാളാണ് ഈ രാജവംശത്തിന്റെ സ്ഥാപകൻ എന്ന് പറയപ്പെടുന്നു. പന്ത്രണ്ട് നൂറ്റാണ്ടിനെ പഴക്കം എങ്കിലും ഈ രാജവംശത്തിനു കാണും. ആദ്യകാലത്തു ഇവർ അറിയപ്പെട്ടത് പുറൈകീഴ്നാട് തങ്ങൾമാർ എന്നാണ്. ഇവരുടെ ആദ്യ തലസ്ഥാനം മുഴക്കുന്ന് എന്ന സ്ഥലത്തായിരുന്നു. അവിടെയാണ് ഈ രാജവംശത്തിൻ്റെ കുലദേവതയായ ശ്രീ പോർക്കലി ഭഗവതിയുടെ സ്ഥാനം. പിന്നീട് അവർ തലസ്ഥാനം ചാവശ്ശേരിയിലേക്കും പിന്നീട് കോട്ടയത്തേക്കും മാറ്റി.പാണ്ഡിത്യത്തിനും പരാക്രമത്തിനും പേര് കേട്ടവരായിരുന്നു കോട്ടയത്തെ രാജാക്കന്മാർ. 700 വർഷം മുൻപ് കോട്ടയം രാജാവ് വയനാട് കീഴടക്കി സ്വന്തം രാജ്യത്തിന്റെ വിസ്തൃതി രണ്ട് ഇരട്ടി വർധിപ്പിച്ചു.
പഴശ്ശി രാജാവ് എന്നാണ് കേരളസിംഹം എന്ന് അറിയപ്പെടുന്ന കേരളവർമയെ വിളിക്കുന്നതെങ്കിലും അദ്ദേഹം ജീവിതത്തിൽ ഒരിക്കലും രാജാവ് ആയിരുന്നില്ല. രാജാവാകാൻ ശ്രമിച്ചതുമില്ല. ഇതിനു കാരണം അദ്ദേഹത്തെകാളും മുതിർന്ന പുരുഷന്മാർ കോട്ടയം രാജവംശത്തിൽ ഉണ്ടായിരുന്നു എന്നതാണ്. അദ്ദേഹം എന്നും അവകാശപെട്ടത് താൻ യഥാർത്ഥ രാജാവിന്റെ (അതായത് നാടുവിട്ട തന്റെ കാരണവരുടെ) പ്രതിനിധി മാത്രമാണ് എന്നാണ്.
പഴശ്ശി കേരളവർമയുടെ ജീവിതം മാറ്റിമറിച്ച സംഭവവികാസങ്ങളുടെ ആരംഭം 1766-ലാണ്. അന്ന് മൈസൂർ രാജാവ് ഹൈദർ അലി മലബാറിൽ പടയോട്ടം നടത്തി. കോട്ടയവും ആക്രമണത്തിന് ഇരയായി. കോട്ടയത്തിന്റെ പലഭാഗങ്ങളും മൈസൂർ നിയന്ത്രണത്തിൽ ആയി. പക്ഷെ 1767ൽ കോട്ടയം സേന പ്രത്യാക്രമണം നടത്തി. 2000 വരുന്ന കോട്ടയം പട 4000 വരുന്ന മൈസൂർ പടയെ പൂർണമായി പരാജയപ്പെടുത്തി. ഇത് 1766-1768 കാലത്തു മലബാറിൽ മൈസൂർ പട നേരിട്ട ഏറ്റവും വലിയ പരാജയമാണ്. നിയന്ത്രിക്കാൻ പറ്റാത്ത കലാപങ്ങൾ കാരണം 1768ൽ മൈസൂർ പട മലബാറിൽ നിന്നും പൂർണമായി പിന്മാറി.
പക്ഷെ ഹൈദർ അലി വീണ്ടും 1774ൽ മലബാർ ആക്രമിച്ചു. മലബാറിലുള്ള തന്ടെ മുഖ്യ ശത്രുക്കളിൽ ഒന്നായി ഹൈദർ കണ്ടത് കോട്ടയത്തെയാണ്. അവിടെ വെച്ചാണല്ലോ മലബാറിൽ നേരിട്ട ഏറ്റവും വലിയ പരാജയം മൈസൂർ പടയ്ക്ക് സംഭവിച്ചത്. ഇത്തവണ ഹൈദർ കോട്ടയം ആക്രമിച്ചത് ഒറ്റയ്ക്കായിരുന്നില്ല. ഹൈദർ തന്റെ സാമന്തരായ ചിറക്കൽ രാജാവിന്റെയും കൊടക് രാജാവിന്റെയും സഹായം ആവശ്യപ്പെട്ടു. അവർ അതിനു തയ്യാറായിരുന്നു. ചിറക്കൽ രാജാവിന് പുറനാടും കൊടക് രാജാവിന് വയനാടും ഹൈദർ പതിച്ചു നൽകി.
ഇത്രയും അധികം ശത്രുക്കളെ എങ്ങനെ ചെറുത്തു തോൽപിക്കും എന്നറിയാതെ കോട്ടയം രാജാവായ രവിവർമ തളർന്നു. വിജയസാധ്യത ഇല്ലന്ന് തീരുമാനിച്ചു അദ്ദേഹം തിരുവിതാംകൂറിലേക്കു നാടുവിട്ടു. മൈസൂർ പട കോട്ടയത്തിലെ സാധാരണ ജനങ്ങളുടെ മേൽ പലതരത്തിലുള്ള ക്രൂരകൃത്യങ്ങൾ വൻതോതിൽ ചെയ്തു. ഈ അവസരത്തിൽ ജനങ്ങൾക്ക് നേതൃത്വം കൊടുക്കുവാൻ വേണ്ടി പഴശ്ശി കോവിലകത്തെ ഒരു ഇളയ തമ്പുരാനായ കേരളവർമ രംഗത്ത് വന്നു.
No comments:
Post a Comment