അദ്ധ്യായം രണ്ട്
ആദ്യകാല ജീവിതം
1774ൽ കേരള വർമ കോട്ടയത്തിന്റെ നേതൃത്വം ഏറ്റെടുത്ത സമയം അദ്ദേഹത്തിന് പ്രായം 21 വയസ്സ്. ആരംഭം മുതൽ തന്നെ പഴശ്ശി കേരള വർമ ഏതു രീതിയിലും ഉള്ള വൈദേശിക ഭരണത്തിനും എതിരായിരുന്നു. ഒരു തികഞ്ഞ സ്വാതന്ത്ര്യ സ്നേഹിയും അഭിമാനിയും ആയിരുന്ന അദ്ദേഹം വൈദേശിക അക്രമണകാരിയോട് ഒരു തരത്തിലും സന്ധി പാടില്ല എന്ന നിലപാടായിരുന്നു.
വളരെ വേഗത്തിൽത്തന്നെ പഴശ്ശി കേരള വർമ്മ തന്റെ മഹത്വം തെളിയിച്ചു. നേരിട്ട് യുദ്ധം ചെയ്യാൻ മാത്രം ബലം കോട്ടയം പടയ്ക്ക് ഇല്ല എന്ന് മനസിലാക്കിയ അദ്ദേഹം മൈസൂർ പടയ്ക്ക് എതിരെ ഒളിപ്പോര് ആരംഭിച്ചു. കേരള വർമ സ്വയം ഒരു ഒന്നാം തരം പോരാളിയായിരുന്നു. അതിൽ ഉപരി അസാമാന്യ ധൈര്യത്തിന്റെ ഉടമയും. പഴശ്ശി രാജാവ് യുദ്ധത്തിൽ തന്റെ പടയ്ക്ക് നേരിട്ട് നേതൃത്വം നൽകി. സ്വന്തം ജീവൻ തന്നെ പണയപ്പെടുത്തി അതിസാഹസീക പ്രവർത്തികൾ പലതും യുദ്ധഭൂമിയിൽ കാഴ്ചവെച്ചു കൊണ്ട് അദ്ദേഹം സ്വന്തം പടയാളികൾക്ക് ഉദാഹരണം കൊണ്ട് പ്രചോദനം നൽകി. രാജകീയമായ ആർഭാടങ്ങൾ എല്ലാം തന്നെ അദ്ദേഹം യുദ്ധകാലത്തു ഉപേക്ഷിച്ചു. ഒരു സാധാരണ പടയാളിയുടെ ജീവിത ശൈലി സ്വീകരിച്ചു. ഈ കാരണങ്ങളാൽ കേരള വർമ തന്റെ പ്രജകൾക്കും പടയാളികൾക്കും ഏറെ ആരാധ്യൻ ആയിരുന്നു.
മറ്റു രാജാക്കന്മാരിൽ നിന്നും കേരളവർമയെ തരംതിരിച്ച ഒരു ഘടകം കീഴ്ജാതിക്കാരോടും ഗോത്രജനതയോടും ഉള്ള അദ്ദേഹത്തിന്റെ സമീപനമാണ്. താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി അദ്ദേഹം എന്നും പ്രവർത്തിച്ചിരുന്നു. എല്ലാ ജാതി-വർഗ്ഗത്തിൽ പെട്ട ജനങ്ങൾക്കും അന്തസ്സോടുകൂടി സമാധാനത്തിലും സമൃദ്ധിയിലും ജീവിക്കാൻ ഉള്ള അവകാശം ഉണ്ട് എന്ന അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അതിനാൽ തന്നെ സാധാരണകാരുടെയും പാവങ്ങളുടെയും ജീവിതം ദുരിതപൂർണമാക്കിയ മൈസൂർ പടയുടെ കനത്ത നികുതി പിരിവും കൊള്ളയും മറ്റു അക്രമങ്ങളും പഴശ്ശി കേരളം വർമയെ രോഷം കൊള്ളിച്ചു. ഒരു ക്ഷത്രിയൻ എന്ന നിലയിൽ പ്രജാസംരക്ഷണം തന്റെ കർത്തവ്യമാണെന്നുംഅത് എന്ത് വില കൊടുത്തും താൻ നിർവഹിക്കുമെന്നും അദ്ദേഹം തീരുമാനിച്ചു. മൈസൂർ പടയുടെ നികുതി പിരിവു കോട്ടയം പട വളരെ കാര്യക്ഷമമായി മുടക്കി. കോട്ടയത്തെ നിന്ന് ഒരു പണം പോലും നികുതി പിരിക്കുവാൻ മൈസൂർ സർക്കാരിന് സാധിച്ചില്ല. സാധാരണ ജനത്തെ സംരക്ഷിക്കാൻ പഴശ്ശി രാജാവ് എടുത്ത നടപടികൾ കാരണം അദ്ദേഹം പെട്ടന്ന് തന്നെ പ്രജകൾക്ക് പ്രിയങ്കരനായി. തങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറായ രാജാവിന് വേണ്ടി എന്തും ചെയ്യാനും അവരും ഒരുക്കമായി.
രാജാവ് കോട്ടയം സേനയെ പുനർസംഘടിപ്പിച്ചു അതിനെ വനയുദ്ധത്തിനും ഒളിപ്പോരിനും സജ്ജമാക്കി. പുരളിമല, ആറളം, കണ്ണവം, വടക്കൻ വയനാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു സൈനീക കേന്ദ്രങ്ങൾ സ്ഥാപിച്ചു. ഇതിനു പുറമെ അദ്ദേഹം തന്റെ രാജ്യത്തിലെ എല്ലാ ജാതിയിൽ പെട്ട ആളുകൾക്കും ആയോധന പരിശീലനം നടത്തി അവരെ യുദ്ധത്തിന് തയ്യാറാക്കി. കോട്ടയം പടയിൽ നമ്പ്യാർമാർ, നായന്മാർ, തീയ്യന്മാർ, കുറിച്യർ, മുള്ളുക്കുറുമർ, വിശ്വകർമർ മുതലായ പല ജാതി വർഗ്ഗത്തിൽ പെട്ട പടയാളികൾ ഉണ്ടായിരുന്നു.
പിൽക്കാലത്തു രാജാവിന്റെ സേനാപതികൾ എന്ന നിലയ്ക്ക് പ്രസിദ്ധരായ കൈതേരി അമ്പു, കണ്ണവത്ത് ശങ്കരൻ, പഴയവീട്ടിൽ ചന്ദു എന്നിവർ ഈ കാലത്താണ് തങ്ങളുടെ രാഷ്ട്രീയ സൈനീക ജീവിതം പഴശ്ശി രാജാവിന്റെ സേവനത്തിൽ ആരംഭിക്കുന്നത്.
അംഗസംഖ്യയിൽ മൈസൂർ പട കോട്ടയം പടയെക്കാൾ വളരെ അധികമായിരുന്നു. എങ്കിലും കേരള വർമ നേതൃത്വം ഏറ്റെടുത്ത ശേഷം മൈസൂർ പടയ്ക്ക് പല ഏറ്റുമുട്ടലുകളിലായി വമ്പിച്ച നാശം നേരിട്ടു. കോട്ടയത്തെ മൈസൂർ പട നടത്തുന്ന അക്രമത്തിനു കണ്ണിനു കണ്ണ്, പല്ലിന് പല്ല്, ജീവന് ജീവൻ എന്ന തോതിൽ കോട്ടയം പട പഴശ്ശി രാജാവിന്റെ നേതൃത്വത്തിൽ തിരിച്ചു അടിച്ചു കൊണ്ടേ ഇരുന്നു. നാല് വർഷത്തോളം ഈ ഒളിപ്പോര് തുടർന്നു. മൈസൂർ പടയെ പൂർണമായി ഒരു ദിവസം കോട്ടയത്തെ നിന്ന് തുരത്തി ഓടിക്കുവാൻ സാധിക്കും എന്ന വിശ്വാസത്തിൽ.
No comments:
Post a Comment