അദ്ധ്യായം ഏഴ്
പഴശ്ശി കേരള വർമ - ഒരു വിശകലനം
വാൾടർ ഐവർ എന്ന ഇംഗ്ലീഷ് ഉദ്യോഗസ്ഥൻ 1797 ൽ പഴശ്ശി രാജാവും ജോനാഥൻ ഡങ്കനും തമ്മിൽ നടന്ന സന്ധി സംഭാഷണത്തിന്റെ സമയം തലശ്ശേരി ഉണ്ടായിരുന്നു. ഐവർ രാജാവിനെ വിവരിച്ചത് ഇങ്ങനെ -
"സാദാ പുഞ്ചിരിച്ച് കൊണ്ടിരിക്കുന്ന ഒരു ചെറിയ മനുഷ്യൻ. അദ്ദേഹത്തിന്റെ അനുചരന്മാർ വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ആണ് അദ്ദേഹത്തോട് പെരുമാറുന്നത്."
ജോനാഥൻ ഡങ്കൻ രാജാവിന്റെ രൂപത്തെ പറ്റി ഇങ്ങനെ എഴുതി -
"നീണ്ട മുടി, ചെറിയ പക്ഷെ ഇടതൂർന്ന താടി. പലപ്പോഴും ചുവന്ന തൊപ്പി ധരിക്കാറുണ്ട്. ആ മുഖത്തു അസാമാന്യമായ ഒരു പ്രഭയുണ്ട്."
കേരളം സിംഹം എന്നതിന് പുറമെ വയനാട്ടിൽ പഴശ്ശി കേരള വർമ്മ ശക്തൻ രാജാവ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ചന്ദ്രകുല വീരൻ എന്ന ഒരു നാമം കൂടി അദ്ദേഹത്തിന് ഉണ്ട്.
രാജാവിന് മൂന്ന് ഭാര്യമാർ ഉണ്ട്. ആദ്യ ഭാര്യയുടെ നാമം കുഞ്ഞാതി എന്നാണ്. ഇവർ കടത്തനാടിന്റെ മലയോര മേഖല വാണ ഒരു പ്രബല നായർ കുടുംബമായ അവിഞ്ഞാട്ടിലെ അംഗമാണ്. ഇവർ സദാ രാജാവിന്റെ കൂടെ ഉണ്ടായിരുന്നു. മരണ നേരം ഇവരായിരുന്നു രാജാവിന്റെ കൂടെ മാവില തോടിൽ ഉണ്ടായത്.
രണ്ടാം ഭാര്യ ദേവമ്മാജി ഒരു കൊടക പ്രഭുവിന്റെ മകളാണ്. ടിപ്പുവുമായി യുദ്ധം ചെയ്ത കാലത്താണ് ഇവരെ രാജാവ് വിവാഹം ചെയ്തത്. ഇവർ ആത്മഹത്യ ചെയ്തു. ഇവരുടെ പിതാവിന്റെ മരണത്തിൽ മനം നൊന്താണ് അങ്ങനെ ചെയ്തത്.
മൂനാം ഭാര്യ മാക്കം. ഇവർ കൈതേരി അമ്പുവിന്റെ സഹോദരിയാണ്. ഇവരുടെ മറ്റൊരു സഹോദരിയായ ഉണ്ണിയമ്മ പഴയവീട്ടിൽ ചന്ദുവിന്റെ ഭാര്യയാണ്.
രാജാവിന് സന്താനങ്ങൾ ഉള്ളയതായി എവിടെയും പരാമർശിച്ചു കാണുന്നില്ല.
1805 ൽ പഴശ്ശി രാജാവിന്റെ വീരമൃത്യുവിന് ശേഷം ബേബർ എഴുതി -
"ഒൻപത് വർഷം കമ്പനിക്ക് എതിരെ നടന്ന യുദ്ധത്തിൽ നമുക്ക് നഷ്ടം വന്നത് ആയിരക്കണക്കിന് ജീവനുകളും കണക്ക് കൂട്ടാൻ പറ്റാത്ത അത്രയും വലിയ ഒരു സംഖ്യ പണവുമാണ്."
"ഞാൻ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. എല്ലാ ജാതിക്കാർക്കും പഴശ്ശി രാജാവിനോട് ഉള്ളത് ദൈവഭക്തിയ്ക്ക് സമാനമായ സ്നേഹാദരവാണ്. രാജാവിന്റെ മരണത്തിനു പോലും ഈ ഭക്തിയെ ഇല്ലായ്മ ചെയ്യുവാൻ സാധിച്ചില്ല."
"ഇദ്ദേഹം ഈ പ്രവിശ്യയിൽ വർഷങ്ങളോളം കോലാഹലം സൃഷ്ടിച്ചു, ഏറ്റവും സങ്കീർണവും ആശ്ചര്യപ്പെടുത്തുന്നതുമായ യുദ്ധ മുറ കൊണ്ട് ഇദ്ദേഹം നടത്തിയ സമരത്തിൽ നമ്മുടെ ഏറ്റവും മികച്ച ഓഫീസർമാരും പടയാളികളും പൊരുതി, പക്ഷെ കൊടുക്കേണ്ടി വന്ന വില ലക്ഷകണക്കിന് രൂപയും വിലപ്പെട്ട ജീവനുകളുടെ വ്യാപക നഷ്ടവും ആയിരുന്നു."
ഒരു അസാമാന്യ യുദ്ധതന്ത്രജ്ഞാനായിരുന്നു പഴശ്ശി കേരള വർമ്മ. ഇന്ത്യയിൽ ഇംഗ്ലീഷ്കാർ നടത്തിയ ഏറ്റവും നീണ്ട യുദ്ധമായിരുന്നു പഴശ്ശി രാജാവിന് എതിരായി നടത്തിയ യുദ്ധം. നമ്മൾ ഓർക്കേണ്ട കാര്യമുണ്ട് - ഭാരതത്തിന്റെ ഭൂരിഭാഗവും ഭരിച്ച ശക്തികളായ മൈസൂർ, മറാഠകൾ, സിഖ്കാർ എന്നിവരെ ഒന്നോ രണ്ടോ വർഷം നീണ്ട യുദ്ധം കൊണ്ട് ഇംഗ്ലീഷ്കാർ കീഴടക്കി. പക്ഷെ ഇന്ത്യയുടെ ആയിരത്തിൽ ഒരംശം ഭരിച്ച പഴശ്ശി കേരളവർമയെ നശിപ്പിക്കാൻ 12 വർഷം നീണ്ട സംഘർഷം വേണ്ടി വന്നു (1793-1805). ടിപ്പുവിനെതിരെ നടത്തിയ യുദ്ധങ്ങളിൽ ഉള്ളതിനേക്കാൾ ആൾനാശവും ചെലവും പഴശ്ശി രാജാവുമായി നടന്ന യുദ്ധത്തിൽ ഇംഗ്ലീഷ്കാർക്ക് നേരിടേണ്ടി വന്നു.
പഴശ്ശി രാജാവിന്റെ ഏറ്റവും വലിയ ശത്രുവായ ആർതർ വെല്ലസ്ലി പിന്നീട് വളരെ പ്രസിദ്ധനായി. പഴശ്ശി രാജാവിനോട് തോറ്റുവെങ്കിലും വെല്ലസ്ലി പല പാഠങ്ങളും പഠിച്ചു. ഒളിപ്പോരും വനയുദ്ധവും കൊണ്ട് എങ്ങനെ കൂടുതൽ ശക്തനായ ഒരു എതിരാളിയെ പരാജയപ്പെടുത്താൻ എന്ന് വെല്ലസ്ലി പഴശ്ശി രാജാവിന്റെ അടവുകൾ പഠിച്ചു മനസ്സിലാക്കി.
ആർതർ വെല്ലസ്ലി ഇംഗ്ലണ്ടിലേക്ക് മടങ്ങി എത്തിയപ്പോൾ അയാളെ ബ്രിട്ടീഷ് സർക്കാർ സ്പെയിനിലെ നെപ്പോളിയന്റെ സേനയെ പരാജയപ്പെടുത്താൻ നിയോഗിച്ചു. നെപ്പോളിയന്റെ പടയെ പരാജയപ്പെടുത്താൻ വെല്ലസ്ലി പഴശ്ശി രാജാവിന്റെ യുദ്ധമുറകൾ ഉപയോഗിച്ചു. സ്പെയിനിലെ പരാജയം നെപ്പോളിയന്റെ പതനത്തിനുള്ള ഒരു പ്രധാന കാര്യമായി ചരിത്രകാരന്മാർ ചൂണ്ടികാണിക്കുന്നു. നെപ്പോളിയൻ സ്വയം ഇത് സമ്മതിച്ചിട്ടുമുണ്ട്. വെല്ലസ്ലിക്ക് പിന്നീട ഡ്യൂക്ക് ഓഫ് വെല്ലിങ്ടൺ അഥവാ വെല്ലിങ്ടൺ പ്രഭു എന്ന സ്ഥാന പേര് ബ്രിട്ടീഷ് സർക്കാർ നൽകി. നെപ്പോളിയനെ വാട്ടർലൂ യുദ്ധത്തിൽ വെച്ച് എന്നന്നേക്കുമായി പരാജപ്പെടുത്തിയ വെല്ലിങ്ടൺ പ്രഭു പഴശ്ശി രാജാവിനോട് തോൽക്കുകയും അതെ പഴശ്ശി രാജാവിന്റെ യുദ്ധതന്ത്രം ഉപയോഗിച്ചു ലോകചരിത്രത്തിൽ ഗതി തിരുത്തി എഴുതി എന്നതും ചരിത്ര സത്യം തന്നെ.
കേരള വർമ സ്വയം ഒരു ഒന്നാം തരം പോരാളിയായിരുന്നു. അതിൽ ഉപരി അസാമാന്യ ധൈര്യത്തിന്റെ ഉടമയും. പഴശ്ശി രാജാവ് യുദ്ധത്തിൽ തന്റെ പടയ്ക്ക് നേരിട്ട് നേതൃത്വം നൽകി. സ്വന്തം ജീവൻ തന്നെ പണയപ്പെടുത്തി അതിസാഹസീക പ്രവർത്തികൾ പലതും യുദ്ധഭൂമിയിൽ കാഴ്ചവെച്ചു കൊണ്ട് അദ്ദേഹം സ്വന്തം പടയാളികൾക്ക് ഉദാഹരണം കൊണ്ട് പ്രചോദനം നൽകി. രാജകീയമായ ആർഭാടങ്ങൾ എല്ലാം തന്നെ അദ്ദേഹം യുദ്ധകാലത്തു ഉപേക്ഷിച്ചു. ഒരു സാധാരണ പടയാളിയുടെ ജീവിത ശൈലി സ്വീകരിച്ചു. ഈ കാരണങ്ങളാൽ കേരള വർമ തന്റെ പ്രജകൾക്കും പടയാളികൾക്കും ഏറെ ആരാധ്യൻ ആയിരുന്നു.
മറ്റു രാജാക്കന്മാരിൽ നിന്നും കേരളവർമയെ തരംതിരിച്ച ഒരു ഘടകം കീഴ്ജാതിക്കാരോടും ഗോത്രജനതയോടും ഉള്ള അദ്ദേഹത്തിന്റെ സമീപനമാണ്. താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി അദ്ദേഹം എന്നും പ്രവർത്തിച്ചിരുന്നു. എല്ലാ ജാതി-വർഗ്ഗത്തിൽ പെട്ട ജനങ്ങൾക്കും അന്തസ്സോടുകൂടി സമാധാനത്തിലും സമൃദ്ധിയിലും ജീവിക്കാൻ ഉള്ള അവകാശം ഉണ്ട് എന്ന അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അതിനാൽ തന്നെ സാധാരണകാരുടെയും പാവങ്ങളുടെയും ജീവിതം ദുരിതപൂർണമാക്കിയ മൈസൂർ പടയുടെയും പിന്നീട് ഇംഗ്ലീഷ് പടയുടെയും കനത്ത നികുതി പിരിവും കൊള്ളയും മറ്റു അക്രമങ്ങളും പഴശ്ശി കേരളം വർമയെ രോഷം കൊള്ളിച്ചു. ഒരു ക്ഷത്രിയൻ എന്ന നിലയിൽ പ്രജാസംരക്ഷണം തന്റെ കർത്തവ്യമാണെന്നുംഅത് എന്ത് വില കൊടുത്തും താൻ നിർവഹിക്കുമെന്നും അദ്ദേഹം തീരുമാനിച്ചു. മൈസൂർ പടയുടെ നികുതി പിരിവു കോട്ടയം പട വളരെ കാര്യക്ഷമമായി മുടക്കി. കോട്ടയത്തെ നിന്ന് ഒരു പണം പോലും നികുതി പിരിക്കുവാൻ മൈസൂറിനോ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കോ സാധിച്ചില്ല. സാധാരണ ജനത്തെ സംരക്ഷിക്കാൻ പഴശ്ശി രാജാവ് എടുത്ത നടപടികൾ കാരണം അദ്ദേഹം പ്രജകൾക്ക് പ്രിയങ്കരനായി. തങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറായ രാജാവിന് വേണ്ടി എന്തും ചെയ്യാനും അവരും ഒരുക്കമായി.
ടിപ്പുവിന്റെ പട കോട്ടയത്തിന്റെ പല ഭാഗങ്ങളും പൂർണമായി നശിപ്പിച്ചു മാനുഷയവാസയോഗ്യം അല്ലാതാക്കിയിരുന്നു. കോട്ടയം ജനത കടുത്ത യാതനകൾ അനുഭവിക്കേണ്ടതായി വന്നു. ഈ പ്രശ്നം പ്രജാവത്സലനായ പഴശ്ശി രാജാവിനെ അലട്ടി. അതിനാൽ തന്നെ ജനജീവിതം പൂര്വസ്ഥിതിയിൽ ആക്കുന്നതിനു വേണ്ടി 1791ൽ തന്നെ രാജാവ് ബ്രിഹത്തായ ഒരു പുനർനിർമാണ പദ്ധതി ആരംഭിച്ചു. തന്റെ പ്രജകളോട് വനങ്ങൾ വിട്ട് തിരികെ സ്വന്തം ഗ്രാമങ്ങളിലേക്ക് പോകാനും കൃഷി പുനരാരംഭിക്കുവാനും ആവശ്യപ്പെട്ടു. പലർക്കും തങ്ങളുടെ എല്ലാം മൈസൂർ പട വരുത്തിയ കെടുതിയിൽ നഷപെട്ടു എന്ന വസ്തുത അറിയാമായിരുന്ന രാജാവ് അവർക്ക് സൗജന്യമായി പണിആയുധങ്ങൾ, വിത്ത്, തൈകൾ, കന്നുകാലി എന്നിവ വിതരണം ചെയ്തു.
മൈസൂർ പടയ്ക്കെതിരെ യുദ്ധം നടത്തിയ കാലത്ത് പഴശ്ശി രാജാവ് തലശ്ശേരി കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി സഖ്യത്തിലായിരുന്നു. ഈ സഖ്യം 1792വരെ നീണ്ടുനിന്നു.
ഈ കാരണത്താൽ ചിലർ പഴശ്ശി രാജാവിനെ വിമർശിച്ചിട്ടുണ്ട്. ഒരു ഇന്ത്യൻ രാജാവായ ഹൈദർ അലിക്കെതിരെയും അയാളുടെ പിൻഗാമി ടിപ്പു സുൽത്താന് എതിരെയും ഇംഗ്ലീഷ്കാരുമായി സഖ്യത്തിൽ ഏർപ്പെട്ടു യുദ്ധം ചെയ്ത പഴശ്ശി രാജാവ് ഒരു മഹാപാപിയാണ് എന്നാണ് അവർ ഉന്നയിക്കുന്ന ആരോപണം.
പക്ഷെ ഈ ആരോപണം അടിസ്ഥാനരഹിതമാണ്. 1792നു മുൻപ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി യാതൊരുതരത്തിലും മലബാർ കീഴ്പെടുത്താനോ മലബാറിലെ ജനത്തെ ദ്രോഹിക്കുവാനും ശ്രമിച്ചിരുന്നില്ല. പക്ഷെ 1774 മുതൽ 1792 വരെ മൈസൂർ പട പല തരം അതിക്രമങ്ങളും മലബാറിൽ നടപ്പാക്കിയിരുന്നു.
മലബാറിലെ ജനതയുടെ നന്മ മൈസൂർ സർക്കാരിന്റെ ലക്ഷ്യം ആയിരുന്നില്ല. അവരുടെ ലക്ഷ്യം മലബാറിനെ ഒരു വരുമാന ശ്രോതസ്സാക്കി മാറ്റുക എന്നത് മാത്രം ആയിരുന്നു. ഹൈദറും പിന്നീട് ടിപ്പുവും ഇംഗ്ലീഷ്കാർക്കെതിരെ യുദ്ധം ചെയ്തതിന് കാരണം ഈസ്റ്റ് ഇന്ത്യ കമ്പനി ദക്ഷിണ ഭാരതം കീഴടക്കാനുള്ള ഹൈദറിന്റെയും ടിപ്പുവിന്റെയും പദ്ധതിയ്ക്ക് തടസ്സം സൃഷ്ടിച്ചു എന്നതാണ്. അല്ലാതെ ഇന്ത്യയോടുള്ള സ്നേഹം കൊണ്ടായിരുന്നില്ല. എല്ലാത്തിനും ഉപരി ഹൈദർ അലിയും ടിപ്പുവും ഇന്ത്യൻ വംശജർ ആയിരുന്നില്ല. അവർ ഭരിച്ചത് പ്രധാനമായും കർണാടകം ആയിരുന്നു. എങ്കിലും സ്വയം ഒരിക്കലും കന്നഡിഗരായി അവർ കണ്ടിരുന്നില്ല.
മൈസൂരിന്റെ ശത്രു ആയതുകൊണ്ട് അവരുമായി പഴശ്ശി രാജാവിനെ പോലുള്ള മലബാർ നേതാക്കന്മാർ സഹകരിച്ചത് 'ശത്രുവിന്റെ ശത്രു മിത്രം' എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു. ഇംഗ്ലീഷ് മേൽക്കോയ്മ സ്വീകരിക്കുക എന്ന ഉദ്ദേശം പഴശ്ശി രാജാവിന് ഒരിക്കലും ഉണ്ടായിരുന്നില്ല. തന്റെ നാടിന്റെയും പ്രജകളുടെയും ശത്രു ആരായാലും അവരെ ആയുധം കൊണ്ട് എതിർക്കുക എന്നതായിരുന്നു മരണം വരെ പഴശ്ശി കേരള വർമയുടെ നയം.
പഴശ്ശി രാജാവ് യുദ്ധം ചെയ്തത് സ്വന്തം സ്വാർത്ഥ താത്പര്യത്തിന് വേണ്ടിയാണ് എന്ന് ചിലർ ആരോപിക്കുന്നു. ഈ ആരോപണത്തിന് അടിസ്ഥാനം ഇല്ല. സ്വാർത്ഥിയായ ഒരാൾ സ്വന്തം ജീവനും സുഖവും സ്വത്തും അപകടത്തിൽ ആക്കി മറ്റുള്ളവർക്ക് വേണ്ടി അതിസാഹസം ചെയ്യില്ല. അദ്ദേഹം സ്വാർത്ഥി ആയിരുന്നു എങ്കിൽ എന്ത് കൊണ്ട് സ്വയം രാജാവ് ആകാൻ ശ്രമിച്ചില്ല? വീര വർമ്മയെയും പഴയവീട്ടിൽ ചന്ദുവിനെയും പോലെയുള്ള അവസരവാദികളെ സ്വാർത്ഥർ എന്ന് വിളിച്ചാൽ തെറ്റില്ല. പക്ഷെ പഴശ്ശി രാജാവിനെ പോലെയുള്ള ഒരാളെ സ്വാർത്ഥി എന്ന് വിളിക്കുന്നത് തെറ്റാണ്.
ധീരൻ, ദേശസ്നേഹി, പ്രജാവത്സലൻ, യോദ്ധാവ്, യുദ്ധതന്ത്രജ്ഞൻ എന്നി നിലകളിൽ പഴശ്ശി രാജാവിനോട് ഉപമിക്കുവാൻ കേരളചരിത്രത്തിൽ ആരും തന്നെ ഇല്ല. 1805 ൽ ബേബർ പറഞ്ഞത് പഴശ്ശി രാജാവ് തന്റെ പ്രജകൾക്ക് മരണത്തിനു ശേഷവും ആരാധ്യൻ ആയിരുന്നു എന്നാണ്. 1911ൽ റാവു ബഹാദൂർ ഗോപാലൻ നായർ വയനാട്ടിലെ കുറിച്ചെഴുതിയ
പുസ്തകത്തിൽ ബാർബറുടെ ഈ നിരീക്ഷണം നൂറു വർഷത്തിന് ശേഷവും ബാധകമാണെന്ന് നിരീക്ഷിക്കുന്നു. മരിച്ചു രണ്ടു നൂറ്റാണ്ട് പിന്നീടുമ്പോഴും പഴശ്ശി കേരള വർമ്മ എന്ന ദേശസ്നേഹി ജനമനസുകളിൽ ആരാധ്യൻ തന്നെ.
No comments:
Post a Comment