Monday, September 26, 2016

6. ഐതിഹാസികമായ അന്ത്യം

അദ്ധ്യായം ആറ്
ഐതിഹാസികമായ അന്ത്യം

1799ൽ ടിപ്പു സുൽത്താൻ ഇംഗ്ലീഷ് പടയുമായി നടന്ന യുദ്ധത്തിൽ പരാജയപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. 

വയനാടിനെ ചൊല്ലി പഴശ്ശി രാജാവും ഈസ്റ്റ് ഇന്ത്യ കമ്പനയും തമ്മിൽ വീണ്ടും തർക്കം തുടങ്ങി. വയനാടിന്റെ മേൽ കമ്പനി അവകാശം ഉന്നയിച്ചു. നൂറ്റാണ്ടുകളായി വയനാട് കോട്ടയം രാജ്യത്തിനെ ഭാഗമായതിനാൽ വയനാട് വിട്ടുകൊടുക്കില്ല എന്ന നിലപാട് പഴശ്ശി രാജാവ് സ്വീകരിച്ചു. എന്നാൽ കമ്പനി ഈ വാദം തള്ളിക്കളഞ്ഞു.   

ഇംഗ്ലീഷ് നിലപാട് ഇങ്ങനെ - 1792 ലെ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം വയനാട് ടിപ്പു സുൽത്താന്റെ രാജ്യത്തിന്റെ ഭാഗമായി ബ്രിട്ടീഷ് സർക്കാർ അംഗീകരിച്ചിരുന്നു. അതിനാൽ തന്നെ 1799ൽ ടിപ്പുവിനെ പരാജയപ്പെടുത്തി അയാളുടെ രാജ്യം സ്വന്തമാക്കിയ ബ്രിട്ടീഷ് സർക്കാരിനാണ് വയനാടിന്റെ മേൽ പൂർണ അധികാരം. 

ഇംഗ്ലീഷ് നിലപാടിന് അടിസ്ഥാനമില്ലായിരുന്നു. 1793 മുതൽ മൈസൂറിന് വയനാട്ടിൽ യാതൊരു തരാം സ്വാധീനവും ഇല്ലായിരുന്നു. എങ്കിലും ഇംഗ്ലീഷ്കാർ അവരുടെ വാശി ഉപേക്ഷിക്കാൻ തയ്യാർ ആയിരുന്നില്ല. പഴശ്ശി രാജാവ് കഴിഞ്ഞ ആറ് വർഷങ്ങളായി കോട്ടയം നിയന്ത്രണത്തെ കൊണ്ടുവരാൻ വേണ്ടി ഇംഗ്ലീഷ്കാർ നടത്തിയ എല്ലാ നീക്കങ്ങളെയും പരാജയപ്പെടുത്തിയിരുന്നു. ഇതിനാൽ പഴശ്ശി രാജാവ് കമ്പനിയുടെ കണ്ണിലെ കരടായിരുന്നു.

അതിനാൽ യുദ്ധം അനിവാര്യം ആയിരുന്നു. 1799ൽ തന്നെ തുറന്ന യുദ്ധം ആരംഭിച്ചു. 1800ലെ വർഷകാലം തുടങ്ങിയപ്പോഴേക്കും കോട്ടയത്തിലെ ഇംഗ്ലീഷ് പട പരാജയവും വൻതോതിൽ നാശനഷ്ടവും നേരിട്ടു. ഈ അവസരത്തിൽ ഇംഗ്ലീഷ് സർക്കാർ ഇന്ത്യയിലുള്ള ഏറ്റവും മികച്ച ഇംഗ്ലീഷ് സേനാപതിയെ രംഗത്ത് ഇറക്കി. അയാളുടെ നാമം ആർതർ വെല്ലസ്ലി എന്നായിരുന്നു. 

കോട്ടയത്തെ പരാജയത്തിന്റെ വക്കിലെത്തിയ ഇംഗ്ലീഷ് സേന ഘടകത്തെ രക്ഷിക്കാൻ വെല്ലസ്ലി ഒരു വലിയ ഇംഗ്ലീഷ് പടയെയും കൊണ്ട് കോട്ടയത്തെ നാല് ദിക്കിൽ നിന്നും ആക്രമിച്ചു. പഴശ്ശി രാജാവിന്റെ പ്രധാനപെട്ട എല്ലാ കോട്ടകളും ഈ സേന പിടിച്ചെടുത്തു. ഇത്രയും വലിയ ഒരു പടയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കിയ പഴശ്ശി രാജാവ് 1801 തന്റെ സേന സമേതം വനത്തിലേക്ക് പിന്മാറി. പഴശ്ശി രാജാവിനെ പിന്തുടർന്ന് പിടിക്കാൻ വെല്ലസ്ലി ആജ്ഞ നൽകി. ഇതിനു പുറമെ പഴശ്ശി രാജവിന്റെ അനുചരന്മാരെയും അവരെ സഹായിക്കുന്നവരെയും അവരുടെ ബന്ധുമിത്രാതികളെയും പിടികൂടാൻ ആജ്ഞ നൽകി. ഇവരുടെ സ്വത്ത് കണ്ടുകെട്ടുകയും ഇവരിൽ പലരെയും പരസ്യമായി തൂക്കികൊന്നു. മലബാറിൽ മുഴുവൻ പട്ടാള നിയമം കൊണ്ടുവന്നു. 

ഈ അവസരത്തിൽ വയനാട്ടിലെ ഒരു നാടുവാഴി ആയിരുന്ന പള്ളൂർ എമെൻ പഴശ്ശി രാജാവുമായി പിണങ്ങി. എമെൻ ഇംഗ്ലീഷ് പക്ഷത്തേക്ക് കാലുമാറി. വയനാട്ടിലെ ഏറ്റവും പ്രബലന്മാരായ പ്രഭുക്കന്മാരിൽ ഒരാൾ ആയ എമെൻ ഇംഗ്ലീഷ് പക്ഷത്തേക്ക് വന്നതിൽ വെല്ലസ്ലി സന്തോഷിച്ചു. പഴശ്ശി രാജാവിനെ പരാജയപ്പെടുത്താൻ എമന്റെ ഉപദേശം കൊണ്ട് സാധിക്കും എന്ന് വെല്ലസ്ലി കണക്കുകൂട്ടി. അതിനു കാരണം എമെനു കോട്ടയം പടയെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ട് എന്നതുകൊണ്ടായിരുന്നു. തന്റെ സൈനീകകാര്യ ഉപദേശകൻ അയി വെല്ലസ്ലി  എമനെ നിയമിച്ചു.

നിരന്തരം ചെറിയ യുദ്ധങ്ങൾ പഴശ്ശി രാജാവിന്റെ യോദ്ധാക്കളും ഇംഗ്ലീഷ് പടയും തമ്മിൽ നടന്നു. പക്ഷെ ഇംഗ്ലീഷ്കാർക്ക് മുൻകൈ ഉണ്ടായിരുന്നതിനാൽ കോട്ടയം പടയ്ക്ക് കാര്യമായി തിരിച്ചടിക്കാൻ സാധിച്ചില്ല. 1801ൽ പഴശ്ശി രാജാവിന്റെ പ്രധാന മന്ത്രി ആയിരുന്ന കണ്ണവത്ത് ശങ്കരനെയും മകനെയും ഇംഗ്ലീഷ് പട പിടികൂടി തൂക്കി കൊന്നു. കണ്ണവത്ത് ശങ്കരൻ രാജാവിന്റെ ഏറ്റവും കഴിവുള്ള അനുയായി ആയിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ കലാപം വൈകാതെ അവസാനിക്കും എന്ന് ഇംഗ്ലീഷ് സർക്കാർ പ്രത്യാശിച്ചു.  പക്ഷെ അപ്പോഴും പഴശ്ശി രാജാവ് പിടികൊടുക്കാതെ രക്ഷപെട്ടു കൊണ്ടേ  ഇരുന്നു. 

ഈ കാലത്തു രാജാവ് ഭാര്യയും 6 വിശ്വസ്തരും 25 അംഗരക്ഷകരും വടക്കൻ മലബാറിലെ വനങ്ങളിൽ ഇംഗ്ലീഷ് പടയുടെ കണ്ണുവെട്ടിച്ചു നടന്നു. രാജാവ് ആദ്യം പായ്യാവൂരിലേക്ക് പോയി. തിരിച്ചു കോട്ടയത്തിലെ മലയോരത്തേക്ക് തന്നെ വന്നു. അവിടെ നിന്ന് വീണ്ടും തെക്കോട്ടു യാത്രചെയ്തു കടത്തനാട്ടിൽ എത്തി. പിന്നെ കുറുംബ്രനാട്ടിലെ വനത്തിലേക്ക് പോയി. ഇംഗ്ലീഷ് പട ഇവരെ വിടാതെ പിൻതുടരുന്നുണ്ടായിരുന്നു. 

പഴശ്ശി രാജാവിനോ കോട്ടയം സേനയിലെ അംഗങ്ങൾക്കോ സഹായം കൊടുത്താൽ മരണ ശിക്ഷ കിട്ടുന്ന കാലമായിരുന്നു എന്ന് കൂടി ഓർക്കേണ്ടതുണ്ട്. എന്നിട്ടും രാജാവ് എവിടെ പോയെ, അവിടെയെല്ലാം ജനം അദ്ദേഹത്തിന് അഭയവും മറ്റു സഹായവും നൽകി. കോട്ടയത്തിനു പുറത്തും - അതായത് ചിറക്കൽ, കടത്തനാട്, കുറുമ്പ്രനാട് എന്നിവിടങ്ങളിൽ കൂടി - ഇതായിരുന്നു അവസ്ഥ. പഴശ്ശി രാജാവ് തന്റെ രാജ്യത്തിനെ പുറത്തുള്ള ജനത്തിന് വരെ ആരാധ്യൻ ആയി മാറിക്കഴിഞ്ഞു. രാജാവിനെ സഹായിക്കാൻ അവർ ബാധ്യസ്തർ അല്ലാഞ്ഞിട്ടു കൂടി അവർ സ്വന്തം ജീവൻ വരെ പണയപ്പെടുത്തി രാജാവിനെയും അദ്ദേഹത്തിന്റെ സേന അംഗങ്ങളെയും എല്ലാ വിധത്തിലും സഹായിച്ചു.


പക്ഷെ 1802 ഒക്ടോബറിൽ സ്ഥിതി മാറി മറഞ്ഞു. 

1802ലെ മഴക്കാലത്തിനു ശേഷം തിരിച്ചടിക്കാനുള്ള സാധ്യത പഴശ്ശി രാജാവ് കണ്ടു. ഇതിനു തിരഞ്ഞെടുത്ത സ്ഥലം വയനാട്ടിലെ പനമരം ആയിരുന്നു.

വയനാടിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയുന്ന ഒരു ദേശമാണ് പനമരം. ഇതൊരു തന്ത്രപ്രധാനമായ സ്ഥലമാണ്. അതിനാൽ തന്നെ ഒരു ഇംഗ്ലീഷ് കോട്ടയും എവിടെ ഉണ്ടായിരിന്നു. ശക്തമായ ഒരു ഇംഗ്ലീഷ് പട തന്നെ ഇവിടെ കാവൽ നിന്നു. പനമരത്തിലെ ഇംഗ്ലീഷ് പടയെ പരാജയപ്പെടുത്തിയാൽ കോട്ടയത്തിൽ കലാപം വീണ്ടും ആളിക്കത്തിക്കാൻ സാധിക്കും എന്നായിരുന്നു പഴശ്ശി രാജാവിന്റെയും സേനാപതിമാരുടെയും നിഗമനം. 

1802 ഒക്ടോബറിൽ ഒരു വിഭാഗം കോട്ടയം പട പനമരം കോട്ട ആക്രമിച്ചു. രാജാവ് ആക്രമണ സമയത് യുദ്ധ രംഗത് ഉണ്ടായിരുന്നു. എങ്കിലും സേനാനേതൃത്വം എടച്ചേന കുങ്കനെയും അദ്ദേഹത്തിനെ അനുചരൻ ആയിരുന്ന തലക്കൽ ചന്ദുവിനെയും ഏല്പിച്ചു. 

ഈ നീക്കം ഒരു വലിയ സാഹസമായിരുന്നു. പനമരത്ത് ഉണ്ടായ ഇംഗ്ലീഷ് പട കോട്ടയം സേനയുടെ ഇരട്ടി ആയിരുന്നു. പനമരം ആക്രമിക്ക പെടുകയാണെങ്കിൽ സമീപത്തുള്ള മറ്റു ഇംഗ്ലീഷ് കോട്ടകളിൽ നിന്നും പോഷക സേനകൾ രംഗത്ത് ഇറക്കാൻ കമ്പനികാർക്ക് സാധിക്കും.  പനമരത്തെ ഉപരോധിക്കുകയാണെങ്കിൽ ഈ പോഷക സേനകൾ കൂടി രംഗത് വരികയും ഉപരോധം നടത്തുന്ന പടയെ പിന്നിൽനിന്നും ഇടത് നിന്നും വലത് നിന്നും വലയം ചെയ്ത ആക്രമിക്കാൻ സാധിക്കും. അതിനാൽ പഴശ്ശി രാജാവിന്റെ പദ്ധതി ഈ കോട്ടയുടെ മേൽ അപ്രതീക്ഷമായി ഒരു ആക്രമണം മിന്നൽ വേഗത്തിൽ നടത്തി പിടിച്ചെടുക്കുക എന്നതായിരുന്നു. 

ഒക്ടോബർ 1802 ൽ കോട്ടയം പട നടത്തിയ ആക്രമണത്തിൽ പനമരത്തെ ഇംഗ്ലീഷ് പട ഛിന്നഭിന്നമായി. ഈ വാർത്ത പരന്നതോടെ വയനാട്ടിൽ ഉടനീളം കലാപം പൊട്ടിപ്പുറപ്പെട്ടു. ഈ വാർത്ത അറിഞ്ഞു  വെല്ലസ്ലി വയനാട്ടിലേക്ക് കൂടുതൽ സേനകൾ അയച്ചു.  

പനമരത്തെ യുദ്ധത്തിന് ശേഷം എടച്ചേന കുങ്കൻ വയനാട്ടിലെ പ്രശസ്തമായ വള്ളിയൂർകാവ് ഭഗവതി ക്ഷേത്രത്തിലേക്ക് പോയി. അവിടെ വെച്ച് പഴശ്ശി രാജാവിന്റെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യ സമരത്തിൽ പങ്കു ചേരാൻ അദ്ദേഹം ജനത്തോടു ആഹ്വാനം ചെയ്തു. കുങ്കന്റെ ആഹ്വാനം ഫലം കണ്ടു. ഏതാനും ദിവസങ്ങൾക്കകം 5000 പേർ കോട്ടയം സേനയിൽ ചേരാൻ മുന്നോട്ടു വന്നു. 3000 പേരെ ഉടൻ യുദ്ധരംഗത്തേക്ക് അയച്ചു. യുദ്ധത്തിനെ തീജ്വാല്ല കോട്ടയം മുഴുവൻ ആളിപടർന്നു.

പനമരത്തെ വിജയത്തോടെ തലക്കൽ ചന്ദു വളരെ പ്രസിദ്ധനായി. ഒരു യോദ്ധാവ് എന്ന നിലയ്ക്കും യുദ്ധ തന്ത്രജ്ഞൻ എന്ന നിലയ്ക്കും ചന്ദുവിനുള്ള  കഴിവിനെ മാനിച്ചു കൊണ്ട് അദ്ദേഹത്തിനെ കോട്ടയം പടയിലെ ഒരു സേനാപതിയായി പഴശ്ശി രാജാവ് നിയമിച്ചു. പനമരത്തെ വിജയത്തിന് ശേഷം എടച്ചേന കുങ്കനും തലക്കൽ ചന്ദുവും കോട്ടയം പടയുടെ ഏറ്റവും ഉയർന്ന സേനാപതിമാരായി ഉയർന്നു.      

ഈ അവസരത്തിൽ ഇംഗ്ലീഷ്കാരെ ഞെട്ടിച്ച മറ്റൊരു സംഭവം കൂടി ഉണ്ടായി. വെല്ലസ്ലി സൈനീകകാര്യ ഉപദേഷ്ടാവായ നിയമിച്ച പള്ളൂർ എമെൻ പഴശ്ശി രാജാവിന്റെ ചാരനാണെന്നു ഇംഗ്ലീഷ്കാർ കണ്ടുപിടിച്ചു! ഇംഗ്ലീഷ്കാർ രാജാവിന് എതിരെ എടുക്കുന്ന നീക്കങ്ങൾ എമെൻ തക്ക സമയത്ത് തന്നെ പഴശ്ശി രാജാവിനെ അറിയിച്ചു കൊണ്ടേ ഇരുന്നു.  കള്ളി വെളിച്ചത്തായി എന്ന് മനസ്സിലാക്കിയ എമെൻ ഇംഗ്ലീഷ്കാർക്ക് പിടി കൊടുക്കാതെ വനത്തിലേക്ക് രക്ഷപെട്ടു. പഴശ്ശി രാജാവിന്റെ സേനയിൽ പടനായകനായി സ്ഥാനം ഏറ്റു.


1803ന്റെ മലബാറിൽ ഉടനീളം ഇംഗ്ലീഷ് വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. ഇതിനു കാരണം ഇംഗ്ലീഷ് സർക്കാരിന്റെ നികുതി നിരക്ക് വർധിപ്പിക്കൽ ആയിരുന്നു. ഇതോടെ കോട്ടയം പട വൻതോതിൽ  പ്രതിയാക്രമണങ്ങൾ അഴിച്ചുവിട്ടു. സ്ഥിതി നിയന്ത്രാതീതമാകുമോ എന്ന് ഭയന്ന് ഇംഗ്ലീഷ് സർക്കാർ വർധിപ്പിച്ച നികുതി നിരക്ക് പിൻവലിച്ചു. പക്ഷെ വടക്കൻ മലബാർ മുഴുവൻ കലാപം പടർന്ന് പിടിച്ചു. കോട്ടയത്തിന് പുറത്തു കലാപകാരികൾ പഴശ്ശി രാജീവിന്റെ സേനയുമായി സഹകരിച്ചു ഇംഗ്ലീഷ് പടയെ നിരന്തരം ഒളിയാക്രമണത്തിനു ഇരയാക്കി. കോട്ടയം പടയുടെ പ്രവർത്തന മണ്ഡലം മൈസൂർ മുതൽ അറബിക്കടൽ വരെയും പയ്യന്നൂർ മുതൽ ബേപ്പൂർ വരെയും വ്യാപിച്ചു. അധികം വൈകാതെ പഴശ്ശി രാജാവ് യുദ്ധം ജയിക്കും എന്ന സ്ഥിതി എത്തി.

1803ന്റെ അവസാനത്തിൽ വെല്ലസ്ലി പരാജയം സമ്മതിച്ചു. പഴശ്ശി രാജാവ് ജീവിച്ചിരിക്കുന്ന കാലത്തോളും യുദ്ധം തുടരും എന്ന് വെല്ലസ്ലി പ്രവചിച്ചു. ആ പ്രവചനത്തെ ചരിത്രം ശരി എന്ന് തെളിയിച്ചു. വെല്ലസ്ലിക്കു മേലുള്ള പഴശ്ശി രാജാവിന്റെ വിജയം ഒരു നിസ്സാര സംഭവം ആയിരുന്നില്ല. ഇന്ത്യയിലുള്ള ഇംഗ്ലീഷ് പടയുടെ ഒരു ചെറുതല്ലാത്ത ഭാഗം കോട്ടയത്തെ ഉണ്ടായിരുന്നു. മഹാശക്തികളായ ടിപ്പു സുൽത്താനെയും മറാത്താ നേതാക്കന്മാരെയും യുദ്ധത്തിൽ പരാജപ്പെടുത്തിയ വെല്ലസ്ലിക്ക് പഴശ്ശി രാജാവ് എന്ന ചെറിയ എതിരാളിയുടെ മുന്നിൽ മുട്ട് മടക്കേണ്ടി വന്നു.

പക്ഷെ 1804 ഫെബ്രുവരിയിൽ വീണ്ടും സ്ഥിതി മാറി. 

1804 ഫെബ്രുവരിയിൽ കോട്ടയം പട ഒരു വലിയ അബദ്ധം ചെയ്തു.

കണ്ണൂർ ജില്ലയിലെ ഇരിക്കൂറിൽ വെച്ച് കോട്ടയം പട കല്ല്യാട്ട് നമ്പ്യാർ എന്ന ചിറക്കൽ രാജാവിന്റെ സമാന്തന്റെ സഹായത്തോടെ ഇംഗ്ലീഷ് പടയുമായി തുറന്ന യുദ്ധത്തിൽ ഏർപ്പെട്ടു. നാല് മാസം നീണ്ട ഏറ്റുമുട്ടലിനു ഒടുവിൽ കോട്ടയം പട ഭയാനകമായ നഷ്ടം നേരിടുകയും പരാജയപ്പെടുകയും ചെയ്തു. ഇംഗ്ലീഷ് പടയുമായി നേരിട്ട് യുദ്ധം ചെയ്യാൻ കഴിവില്ല എന്ന് നന്നായി അറിയാവുന്ന കോട്ടയം സേനാപതികൽ എന്തിന് ഈ വിനാശകരമായ അബദ്ധം ചെയ്തു എന്നതിന് ഇന്നും ഉത്തരം ഇല്ല. ഒളിപ്പോരുമായി തന്നെ യുദ്ധം തുടർന്നിരുന്നു എങ്കിൽ ഇംഗ്ലീഷ് സർക്കാരിനെ കൊണ്ട് അവർക്ക് തോൽവി സമ്മതിപ്പിക്കുവാൻ സാധിക്കുമായിരുന്നു.

അവശേഷിച്ച കോട്ടയം പട ജൂൺ ആകുമ്പോഴേക്കും വയനാട്ടിലേക്ക് പിന്മാറി. ജൂൺ 1804 മുതൽ സെപ്റ്റംബർ 1805 വരെ പഴശ്ശി രാജാവ് എടച്ചേന കുങ്കന്റെയും തലക്കൽ ചന്ദുവിന്റേയും സഹായത്തോടെ ഇംഗ്ലീഷ് പടയ്ക്ക് എതിരെ വിജയകരമായ ഒരു വനയുദ്ധത്തിൽ ഏർപ്പെട്ടു. പഴശ്ശി രാജാവിനെ പരാജയപ്പെടുത്താനോ കൊല്ലാനോ ബന്ദിയാക്കാനോ ഇംഗ്ലീഷ് പടയ്ക്ക് സാധിച്ചില്ല. 

പക്ഷെ 1805 നവംബറിൽ ഇംഗ്ലീഷ് പട നിർണായക വിജയം നേടി. അതിന്റെ ആരംഭം തലക്കൽ ചന്ദുവിന്റെ അന്ത്യത്തോടെ ആയിരുന്നു. 1805 നവംബറിൽ തലക്കൽ ചന്ദുവും ഇംഗ്ലീഷ് പടയുടെ ബന്ധനത്തിൽ ആയി. അദ്ദേഹതെ ഇംഗ്ലീഷ് സർക്കാർ തൂക്കി കൊന്നു. ചന്ദുവിന്റെ വിധി അറിഞ്ഞ എടച്ചേന കുങ്കൻ ഇങ്ങനെ പറഞ്ഞെത്രെ - "എന്റെ വലംകൈ ആണ് പോയത്".  

വൈകാതെ പഴശ്ശി രാജാവും വീരമൃത്യു പ്രാപിച്ചു.

പഴശ്ശി രാജാവിന്റെ പരാജയവും മരണവും എങ്ങനെ നടന്നു എന്നത് വ്യക്തമല്ല. രാജാവിന്റെ പരാജയം എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് മൂന്നു കഥകൾ ഉണ്ട്. അവ ഇങ്ങനെ ---

മലബാർ കളക്ടർ ആയ തോമസ് ഹാർവെയ് ബേബറിന്റെ വിശദീകരണം ഇങ്ങനെ - താൻ വയനാട് ജനതയെ തന്റെ സ്നേഹം കൊണ്ട് പാട്ടിൽ ആക്കിയ ശേഷം അവരെ കോട്ടയം പടയ്ക്ക് എതിരെ അണിനിരത്തി. അതിൽ ചിലർ രാജാവിന്റെ താവളം തനിക്ക് കാണിച്ചു തന്നു. താനും ഇംഗ്ലീഷ് പടയും ചേർന്നു രാജാവിന്റെ താവളത്തിനു മേൽ മിന്നൽ ആക്രമണം നടത്തി രാജാവിനെ വധിച്ചു. 

പക്ഷെ ബേബറിന്റെ വിശ്വാസ്യത സംശയകരമാണ്. കാരണം ബേബർ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് എഴുതിയത്. ഒരിടത് അയാൾ പറയുന്നത് ആയാൾ വയനാട് ജനതയെ തന്റെ പാട്ടിൽ ആക്കി രാജാവിന് എതിരാക്കി എന്ന്. മറ്റൊരിടത്തു അയാൾ പറയുന്നു വയനാട് ജനതയ്ക്ക് രാജാവിനോട് ഉണ്ടായ വികാരം കടുത്ത ഭക്തി ആണെന്നും രാജാവിന്റെ മരണത്തിനു ശേഷവും അതിനു മാറ്റം വന്നില്ല എന്നുമാണ്. 

ബേബർ പറയുന്നത് രാജാവിനെ കൊന്നത് തന്റെ ഒരു ഗുമസ്തനായ കണാര മേനോൻ ആണെന്നാണ്. പക്ഷെ ബ്രിട്ടീഷ് സൈനീക രേഖകൾ പ്രകാരം രാജാവിനെ കൊന്നത് ക്യാപ്റ്റൻ ക്ലെഫ്ഹാമും ആറ് ശിപായി മാരും ചേർന്നാണ്. 

ഇതിനാൽ തന്നെ ബേബർ പറയുന്നത് എത്രത്തോളും സത്യമാണെന്നു സംശയിക്കേണ്ടി ഇരിക്കുന്നു. 

ഉത്തര മലബാറിലെ നടൻ പാട്ടുകളിലും കഥകളിലും രാജാവിനെ പതനത്തിനു കാരണമായി പറയുന്നത് പഴയവീട്ടിൽ ചന്ദു ചെയ്ത ചതി എന്നാണ്. പണനത്തിനു വേണ്ടി ചന്ദു രാജാവിന്റെ താവളം ഇംഗ്ലീഷ്കാർക്ക് ഒറ്റികൊടുത്തു എന്നാണ് കഥ. ഇതിനുള്ള സാധ്യത തള്ളി കളയാൻ പറ്റില്ല. കോട്ടയം പടയിലെ ഒരു മുൻ സേനാപതി ആയിരുന്ന പഴയവീട്ടിൽ ചന്ദുവിന് കോട്ടയം പടയുടെ താവളങ്ങൾ  പറ്റി നല്ല അറിവ് ഉണ്ടായിരുന്നു. രാജാവിനെ പിടിച്ചു കൊടുത്താൽ കിട്ടുന്ന പ്രതിഫലം മോഹിച്ച് അയാൾ അങ്ങനെ ചെയ്യാനുള്ള സാധ്യത ഉണ്ട്. 

പഴശ്ശി രാജാവ് എങ്ങനെ മരിച്ചു? ഇതും വ്യക്തമല്ല. നാടൻ പാട്ടുകളിലും കഥകളിലും പറയുന്നത് രാജാവ് ഇംഗ്ലീഷ് പടയുടെ പിടിയിൽ ആകാതിരിക്കാൻ രത്ന മോതിരം വിഴുങ്ങി ആത്മഹത്യ ചെയ്തു എന്നാണ്. കടത്തനാട്ടിൽ ഉള്ള ഒരു കഥ പ്രകാരം രാജാവിനെയും പത്നിയെയും ബന്ദികളാക്കി കൊണ്ട് പോകുന്നതിനിടെ അവർ രണ്ടും ആത്മഹത്യ ചെയ്തു എന്നാണ്. വയനാട്ടിൽ പ്രചാരമുള്ള ഒരു കഥ പ്രകാരം പഴശ്ശി രാജാവ് ആത്മഹത്യ ചെയ്തത് ഇങ്ങനെ - സ്വന്തം വാൾ ആകാശത്തേക്ക് എറിഞ്ഞു എന്നിട്ട്  ആ വാൾ താഴോട്ട്  വന്നപ്പോൾ രാജാവിന്റെ ശിരസ്സ് ഛേദിച്ചു. 

ഒരു കാര്യം മാത്രം ഉറപ്പിച്ചു പറയാം - രാജാവ് സ്വന്തം ജീവന് വേണ്ടി ശത്രുവിനോടു യാചിച്ചില്ല.

രാജാവിന്റെ മരണം നടന്നത് നവംബർ 30 1805 ൽ വയനാട് കർണാടക അതിർത്തിയിലെ മാവില തോട് എന്ന സ്ഥലത്തു വെച്ചായിരുന്നു.

രാജാവിന്റെ ഭൗതീക ശരീരം മാനന്തവാടി കൊണ്ട് വന്നു സംസ്കരിച്ചു.

1806 ന്റെ ആരംഭത്തിൽ എടച്ചേന കുങ്കൻ ആത്മഹത്യ ചെയ്തു. ഇംഗ്ലീഷ് പടയുടെ പിടിയിൽ ആകാൻ ആ വീരന് താത്പര്യം ഉണ്ടായിരുന്നില്ല. 

പള്ളൂർ എമനെ മാസങ്ങളോളും പിടിക്കാൻ ഇംഗ്ലീഷ് പടയ്ക്ക് സാധിച്ചില്ല. കലാപം തുടർന്ന കൊണ്ട് പോകാൻ അദ്ദേഹം യത്നിച്ചു. പക്ഷെ ഒടുവിൽ പിടിക്കപ്പെട്ടു. ആദ്യം വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു എങ്കിലും ആ ശിക്ഷ മലയ്ക്ക് 7 വർഷത്തെ നാടുകടത്തൽ ആക്കി മാറ്റി. ഏഴു വര്ഷം കഴിഞ്ഞും അദ്ദേഹത്തെ നാട്ടിൽ തിരികെ വരാൻ ഇംഗ്ലീഷ്കാർ അനുവദിച്ചില്ല. എമെൻ നാട്ടിൽ വീണ്ടും കലാപം തുടങ്ങും എന്നായിരുന്നു അവരുടെ ഭയം. 1819 ൽ ഈ ധീര യോദ്ധാവ് മലയായിലെ പെനാങിൽ വെച്ച് രോഗം പിടി പെട്ടു മരിച്ചു.  

പഴയവീട്ടിൽ ചന്ദുവിനെ പഴശ്ശി രാജാവിന്റെ അനുചരന്മാർ കൊന്നു പകരം വീട്ടി. 

ഇംഗ്ലീഷ് സർക്കാർ പഴശ്ശി രാജാവിന്റെ കുടുംബത്തോട് - അതായത് പടിഞ്ഞാറേ കോവിലകത്തോട് - കൊടും ക്രൂരത ചെയ്തു. പഴശ്ശി കോവിലകം ഇടിച്ചു നികത്തി. എന്നിട്ടും കലി തീരാത്ത ഇംഗ്ലീഷ്കാർ കോവിലകം നിന്ന സ്ഥലത്തിന് മുകളിൽ കൂടി തലശ്ശേരി - മൈസൂർ ഹൈവേ നിർമിച്ചു. ഇപ്പോൾ ഒരു കുളവും കിണറും മാത്രമാണ് ബാക്കി. പഴശ്ശി കോവിലകത്തിന്റെ സ്വത്തുക്കൾ ഇംഗ്ലീഷ്കാർ കണ്ടു കെട്ടി. 

പഴശ്ശി കോവിലകത്തെ പല അംഗങ്ങളും വധിക്കപെടുകയോ നാടുകടത്തി പെടുകയോ ചെയ്തു. അവസാനം അവശേഷിച്ചത് ഒരു ബാലിക മാത്രം. ഒരു നേരത്തെ ആഹാരത്തിനുള്ള ഗതിയോ തലചായ്ക്കാൻ ഒരു ഇടമോ ഈ കുഞ്ഞിന് ഇല്ലായിരുന്നു. തങ്ങൾക്ക് വേണ്ടി ജീവിച്ചു മരിച്ച രാജാവിന്റെ കുടുംബത്തിലെ അവസാന കണ്ണിക്ക് വന്ന ഈ ദുരവസ്ഥ നാട്ടുകാരായ തീയ്യന്മാരെ വേദനിപ്പിച്ചു.  മട്ടന്നൂരിലെ തീയ്യ പ്രമാണിമാർ തങ്ങളുടെ കയ്യിൽ നിന്ന് പണം പിരിച്ചു ഈ ബാലികയ്ക്ക് ഒരു പുതിയ കോവിലകം നിർമിച്ചു കൊടുത്തു. അതാണ് ഇപ്പോഴത്തെ പഴശ്ശി കോവിലകം.

1 comment:

  1. ഈ ലേഖനത്തിൽ वर्णിച്ചിരിക്കുന്നതുപോലെ, ടിപ്പു സുൽത്താന്റെ മരണമോടെ വയനാട് പ്രദേശത്തെക്കുറിച്ചുള്ള അവകാശത്തിനായി പഴശ്ശി രാജാവും ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിൽ തുടങ്ങുന്ന തർക്കവും തുടർന്ന് നടന്ന രണ്ടാം ഗെയറില്ല യുദ്ധവും ചരിത്രപരമായി വളരെ നിർണായകമാണ്. ബ്രിട്ടീഷുകാർ വയനാടിന്മേൽ അവകാശവാദം ഉന്നയിച്ചപ്പോൾ, നൂറ്റാണ്ടുകളായി കോട്ടയം രാജ്യത്തിന് ഭാഗമായ വയനാടിന് തന്റെ നിയമപരമായ അവകാശം നിലനിറുത്താനാണ് പഴശ്ശി രാജാവ് ശ്രമിച്ചത്. ഈ പശ്ചാത്തലത്തിൽ, പഴശ്ശി രാജാവ് തഞ്ചാവൂരിലെ ചോള വംശത്തിൽപ്പെട്ടവനായിരുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. ഇതിന് പുറമെ, രണ്ടാം ഗെയറില്ല യുദ്ധത്തിൽ ഉപയോഗിച്ചതായി കരുതപ്പെടുന്ന ഒരു ഗുഹ ചെറമ്പാടിയിൽ അടുത്തിടെ കണ്ടെത്തിയതും ഈ ചരിത്രത്തിൽ പുതിയൊരു അദ്ധ്യായം തുറക്കുന്നു. ഈ ഗുഹയ്ക്ക് 2025 ഫെബ്രുവരി 28-നു പഴശ്ശി രാജാവിന്റെ പ്രപൗത്രി കൂടിയായ കൊച്ചുതമ്പുരാട്ടി സുഭ വർമ്മയും ഭർത്താവ് ഡോ. കിഷോർ രണ്ടുപേരും സന്ദർശനം നടത്തി, അതിന് ഔദ്യോഗികമായി “പഴശ്ശിയുടെ ഗുഹ” എന്ന പേരിനല്കി – ചരിത്രം വീണ്ടും പ്രചോദനമേകുന്ന ഒരു നിമിഷം.

    ReplyDelete